Connect with us

Kerala

സ്വാശ്രയ മെഡി.കോളജ് പി ജി പ്രവേശനം അനിശ്ചിതത്വത്തില്‍

Published

|

Last Updated

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജ് പി ജി പ്രവേശനം അനിശ്ചിതത്വത്തിലാക്കി മാനേജ്‌മെന്റുകള്‍. പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം ഇന്ന് അവസാനിക്കുമെന്നിരിക്കെ ഇനിയും മാനേജുമെന്റുകള്‍ വിവരങ്ങള്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് കൈമാറിയിട്ടില്ല. ഇതോടെ 150ലേറെ സീറ്റുകളിലെ പ്രവേശനം അനിശ്ചിതത്വത്തിലായി.

സീറ്റ് വിവരങ്ങള്‍ കൈമാറാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറായിട്ടില്ലെന്ന് പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. പരീക്ഷാ കമ്മീഷണറാണ് പ്രവേശനം നടത്തേണ്ടതെന്ന വാദമാണ് മാനേജുമെന്റുകളുടേത്.
മെഡിക്കല്‍ പി ജി ഫീസ് കുത്തനെ കൂട്ടിയതിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സ്വാശ്രയ മെഡിക്കല്‍ പ്രവേശനം അനിശ്ചിതത്വത്തിലായത്. രണ്ടാം ഘട്ട പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന ദിവസം ഇന്നാണ്. സര്‍ക്കാര്‍ കോളജുകളിലും ക്രിസ്ത്യന്‍ മാനേജ്‌മെന്റിന് കീഴിലെ കോളജുകളിലും മാത്രമാണ് പ്രവേശന നടപടി തുടങ്ങിയത്. എം ഇ എസ് അടക്കമുള്ള സ്വാശ്രയ കോളജുകളിലാണ് തര്‍ക്കം. സാമുദായിക ക്വാട്ട തിരിച്ചുള്ള സീറ്റുകളുടെ വിവരം മാനേജ്‌മെന്റുകള്‍ നല്‍കിയില്ലെന്നാണ് പ്രവേശനപരീക്ഷാ കമ്മീഷണറുടെ വിശദീകരണം. എന്നാല്‍, മാനേജ്‌മെന്റുകള്‍ ഇത് തള്ളുന്നു.

14 ലക്ഷം ഫീസ് നിശ്ചയിച്ചതിലും മാനേജ്‌മെന്റുകള്‍ക്ക് അതൃപ്തിയുണ്ട്. മാനേജ്‌മെന്റുകള്‍ സഹകരിക്കുന്നില്ലെങ്കില്‍ സ്വന്തം നിലക്ക് മുന്‍വര്‍ഷത്തെ സാമുദായിക ക്വാട്ട പരിശോധിച്ച് സ്വാശ്രയ കോളജുകളിലേക്ക് സര്‍ക്കാര്‍ നേരിട്ട് പ്രവേശന നടപടി തുടങ്ങാന്‍ സാധ്യതയുണ്ട്. ഈ മാസം 31നകം പി ജി പ്രവേശന നടപടികള്‍ അവസാനിപ്പിക്കാനാണ് സുപ്രീം കോടതി നിര്‍ദേശം.

അതിനിടെ, പി ജി ഫീസ് കൂട്ടിയതിനെതിരായ കെ എസ് യു നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. സംസ്ഥാന പ്രസിഡന്റ് അഭിജിത്ത്, കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ ഇ ബൈജു തുടങ്ങിയവര്‍ക്ക് പരിക്കേറ്റു.