പോലീസ് അച്ചടക്കത്തിനാണ് സര്‍ക്കാര്‍ നല്‍കുന്നത്‌  മുന്‍ഗണന :മുഖ്യമന്ത്രി

Posted on: May 17, 2017 10:21 am | Last updated: May 17, 2017 at 6:09 pm

തിരുവനന്തപുരം: അച്ചടക്കത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് മുഖ്യമന്ത്രി. സെന്‍കുമാറിന്റെ വിഷയത്തില്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കോടതിയില്‍ പോയത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുന:പരിശോധന നല്‍കിയതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

അതിനിടെ ടിപി സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവി ആയി പുനന്‍ നിയമിക്കണം എന്ന ഉത്തരവില്‍ വ്യക്തത തേടി വീണ്ടും അപേക്ഷ നല്‍കിയതിന് സംസ്ഥാന സര്‍ക്കാറിന് സുപ്രീംകോടതി വിധിച്ച 25000 രൂപ സര്‍ക്കാര്‍ കോടതിക്ക് കൈമാറി. ഡിമാന്‍ഡ് ഡ്രാഫ്റ്റിലൂടെ ആണ് ലീഗല്‍ സര്‍വീസ് സൊസൈറ്റിയില്‍ പണം അടച്ചത്. പണം കൈപ്പറ്റിയതിന്റെ രസീത് കേരള സര്‍ക്കാരിന്റെ സ്റ്റാന്റിംഗ് കൗണ്‍സെല്‍ ജി പ്രകാശിന് കഴിഞ്ഞ ദിവസം സുപ്രീംകോടതി രെജിസ്ടറി കൈമാറി. ബാലനീതി പ്രവര്‍ത്തനങ്ങള്‍ക്ക് ഈ തുക വിനിയോഗിക്കണം എന്നായിരുന്ന സുപ്രീംകോടതി ഉത്തരവ്.

സെന്‍കുമാറിന്റെ നിയമന ഉത്തരവില്‍ വ്യക്തത തേടി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ചെലവ് സഹിതമാണ് കോടതി തള്ളിയത്. കോടതിച്ചെലവായി 25,000 രൂപ അടയ്ക്കണമെന്നാണ് ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ രണ്ടംഗ ബെഞ്ച് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു