Connect with us

International

ഭീഷണി ആവര്‍ത്തിച്ച് ഉ. കൊറിയ

Published

|

Last Updated

പ്യോംഗ്‌യാംഗ്: അമേരിക്കയുടെ മുന്നറിയിപ്പ് അവഗണിച്ച് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയ ഉത്തര കൊറിയ പ്രകോപനം തുടരുന്നു. വിക്ഷേപണത്തിന്റെ ചിത്രവും വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ട ഉത്തര കൊറിയ തങ്ങള്‍ ഏത് സമയത്തും എവിടെവെച്ചും മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുമെന്ന് ഭീഷണിപ്പെടുത്തി. ഉത്തര കൊറിയന്‍ ഭരണാധികാരിയുടെ ഇഷ്ടത്തിനനുസരിച്ചായിരിക്കും അത്തരം പരീക്ഷണങ്ങളെന്നും ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി ഭീഷണിപ്പെടുത്തുന്നു.

യു എന്നിന്റെയും അമേരിക്കയടക്കമുള്ള ലോക രാഷ്ട്രങ്ങളുടെയും വിലക്കും ഭീഷണിയും വകവെക്കാതെയാണ് ഞായറാഴ്ച ഉത്തര കൊറിയ റഷ്യന്‍ തീരത്തേക്ക് ലക്ഷ്യംവെച്ചുകൊണ്ടുള്ള മിസൈല്‍ പരീക്ഷണം നടത്തിയത്. യുദ്ധഭീതി രൂക്ഷമായിക്കൊണ്ടിരിക്കെയാണ് പുതിയ ഭീഷണിയുമായി ഉത്തര കൊറിയ രംഗത്തെത്തിയത്. തങ്ങളുടെ മിസൈലിന് ആണവായുധങ്ങള്‍ വഹിക്കാനുള്ള ശേഷിയില്ലെന്ന അമേരിക്കയുടെ വാദം ഉത്തര കൊറിയ തള്ളി. വന്‍ ശക്തിയുള്ള ആണവായുധങ്ങള്‍ വഹിക്കാന്‍ മിസൈലിന് സാധിക്കുമെന്ന് ഉത്തര കൊറിയന്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ കെ സി എന്‍ എ അവകാശപ്പെട്ടു. മിസൈല്‍ പരീക്ഷണം നേരില്‍ കാണുന്ന ഭരണാധികാരി കിം ജോംഗ് ഉന്നിന്റെയും സര്‍ക്കാര്‍ ഉന്നതരുടെയും ചിത്രങ്ങള്‍ കെ സി എന്‍ എ പുറത്തുവിട്ടിട്ടുണ്ട്.
മിസൈല്‍ പരീക്ഷണത്തെ കുറിച്ച് ഞായറാഴ്ച ദക്ഷിണ കൊറിയ, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ പ്രതികരിച്ചിരുന്നു.
പുതുതായി അധികാരത്തിലേറിയ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നിന്റെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന സമാധാന ശ്രമം ഇതോടെ അവതാളത്തിലായി. ഉത്തര കൊറിയയുമായി ചര്‍ച്ചക്ക് സന്നദ്ധമാണെന്നും അമേരിക്കയുടെ കൊറിയന്‍ ഇടപെടല്‍ അംഗീകരിക്കാനാകില്ലെന്നും മൂണ്‍ വ്യക്തമാക്കിയിരുന്നു.
റഷ്യയെ കൂടി ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം നടന്നത്. 787 കിലോമീറ്റര്‍ പറന്ന മിസൈല്‍ വന്ന് പതിച്ചത് റഷ്യന്‍ തീരത്തിന് സമീപമാണ്. അമേരിക്കയിലെത്തുന്ന 8,000 കിലോമീറ്റര്‍ ദുരത്തേക്ക് പറക്കുന്ന ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലും തങ്ങളുടെ കൈവശമുണ്ടെന്ന് ഉത്തര കൊറിയ ഭീഷണിപ്പെടുത്തുന്നു.