കെജ്‌രിവാളിന്റെ ഭാര്യയും കപില്‍ മിശ്രയും ട്വിറ്റര്‍ പോരില്‍

Posted on: May 15, 2017 11:36 pm | Last updated: May 15, 2017 at 11:36 pm

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ അഴിമതിയാരോപണവുമായി രംഗത്തെത്തിയ പുറത്താക്കപ്പെട്ട മന്ത്രി കപില്‍ മിശ്രയും കെജ്‌രിവാളിന്റെ ഭാര്യയും തമ്മില്‍ ട്വിറ്റര്‍ പോര്. കപില്‍ മിശ്ര വഞ്ചകനാണെന്നും അദ്ദേഹം പറയുന്നതെല്ലാം കളവാണെന്നും സുനിതാ കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. മിശ്ര ചെയ്യുന്നതിന്റെ ഫലം അയാള്‍ അനുഭവിക്കും. പ്രകൃതി നിയമം തെറ്റില്ലെന്നും സുനിത പറഞ്ഞു. മെയ് അഞ്ചാം തീയതി എപ്പോഴാണ് മിശ്ര തന്റെ വീട്ടില്‍ വന്നത്? ഞാന്‍ അറിഞ്ഞില്ല. അറിഞ്ഞെങ്കില്‍ ഒരു കപ്പ് ചായ നല്‍കാമായിരുന്നുവെന്നും അവര്‍ പരിഹസിക്കുന്നു. കെജ്‌രിവാളിന് ആരോഗ്യമന്ത്രി പണം കൈമാറുന്നത് മെയ് അഞ്ചാം തീയതി അദ്ദേഹത്തിന്റെ വസതിയില്‍ കണ്ടുവെന്നായിരുന്നു മിശ്രയുടെ പ്രധാന ആരോപണം.
അതേസമയം, സുനിതയുടെ ആരോപണങ്ങള്‍ക്ക് ചുട്ട മറുപടിയുമായി മിശ്രയും ട്വിറ്ററിലെത്തി. സുനിതക്ക് സത്യമറിയില്ല. ഭര്‍ത്താവ് താഴെയിറങ്ങേണ്ടി വരുന്നതില്‍ ആധി പൂണ്ട ഭാര്യ മാത്രമാണ് അവര്‍. അവര്‍ കൂറുള്ള ഭാര്യയാണ്. എന്നാല്‍ വീട്ടില്‍ നടക്കുന്ന വഴിവിട്ട കാര്യങ്ങളൊന്നും അവര്‍ അറിയുന്നില്ല- മിശ്ര ട്വീറ്റ് ചെയ്തു.