ഇന്ന് രണ്ടാം ആക്രമണത്തിന് സാധ്യത; സൈബര്‍ ഭീഷണി വ്യാപിക്കുന്നു

Posted on: May 15, 2017 12:40 pm | Last updated: May 15, 2017 at 2:50 pm
സൈബര്‍ ആക്രമണത്തിന് ഇരയായ രാജ്യങ്ങള്‍ ചുവന്ന നിറത്തില്‍

സൈബര്‍ സുരക്ഷാരംഗത്ത് വന്‍ ഭീഷണി സൃഷ്ടിച്ച റാന്‍സംവെയര്‍ മാല്‍വെയര്‍ ആക്രമണം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചു. 150 രാജ്യങ്ങളിലെ രണ്ട് ലക്ഷത്തില്‍പ്പരം കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തനരഹിതമായെന്നാണ് റിപ്പോര്‍ട്ടുകള്‍. വരും ദിവസങ്ങളില്‍ ഇത് ഏതൊക്കെ രാജ്യങ്ങളിലേക്ക് പടരുമെന്ന് പ്രവചിക്കാനാകില്ലെന്ന് യൂറോപ്യന്‍ യൂനിയന്‍ പോലീസ് മേധാവി റോബ് വെയിന്റൈറ്റിനെ ഉദ്ധരിച്ച് ബ്രിട്ടീഷ് ചാനലായ ഐടിവി റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച അവധി കഴിഞ്ഞ് ഇന്ന് ഓഫീസുകള്‍ തുറക്കുമ്പോള്‍ മാത്രമേ ആക്രമണത്തിന്റെ യഥാര്‍ഥ ചിത്രം ലഭ്യമാകുകയുള്ളൂവെന്നും യൂറോപ്യന്‍ പോലീസ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു.

അതിനിടെ, ഏഷ്യന്‍ രാജ്യങ്ങളെ മാത്രം ലക്ഷ്യമിട്ട് ‘വണ്ണക്രൈ’ എന്ന റാന്‍സംവെയറിന്റെ പുതിയ പതിപ്പ് തയ്യാറായതായി സൂചനയുണ്ട്. ഇതുപയോഗിച്ച് ഇന്ന് വന്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് സുരക്ഷാ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. റാന്‍സംവെയറിന്റെ ഒന്നാം പതിപ്പ് ഉപയോഗിച്ച് നടന്ന ആക്രമണം ഏറെക്കുറെ തടയാനായെങ്കില്‍ രണ്ടാം പതിപ്പ് തടയാന്‍ പോലും കഴിയാത്തവിധം മാരകമായിരിക്കുമെന്ന് ബ്രിട്ടീഷ് കമ്പ്യൂട്ടര്‍ സുരക്ഷാ ഗവേഷകനായ മാല്‍വെയര്‍ ടെക് വെളിപ്പെടുത്തുന്നു.
വെള്ളിയാഴ്ചയുണ്ടായ ആക്രമണം ഏഷ്യന്‍ രാജ്യങ്ങളെ കാര്യമായി ബാധിച്ചിരുന്നില്ല. ഇന്ത്യയില്‍ ആന്ധ്ര പ്രദേശില്‍ മാത്രമാണ് റാന്‍സംവെയര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ ഇന്ന് ഉണ്ടാകുമെന്ന് പറയുന്ന ആക്രമണം ഏഷ്യന്‍ രാജ്യങ്ങളെ മാത്രം ലക്ഷ്യം വെച്ചുള്ളതാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഏഷ്യയില്‍ തിങ്കളാഴ്ച തിരക്കേറിയ ദിവസമാണ് എന്നതും ആക്രമണ സാധ്യത കൂട്ടുന്നുവെന്ന് സിംഗപ്പൂരിലെ സുരക്ഷാ ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. പെട്ടെന്ന് പടരുന്ന സ്വഭാവമുള്ള വൈറസാണ് റാന്‍സംവെയറുകള്‍ എന്നതാണ് സൈബര്‍ സുരക്ഷാ കമ്പനികളെ കുഴക്കുന്നത്. റാന്‍സംവെയറുകള്‍ പടര്‍ത്തി ആക്രമണം നടത്തിയതിലൂടെ തന്ത്രപ്രധാന രേഖകളുള്ള അനേകം കമ്പ്യൂട്ടറുകളാണ് ഹാക്കര്‍മാരുടെ കൈകളിലായത്. ഇതില്‍ നിന്ന് രഹസ്യസ്വഭാവമുള്ള പല വിവരങ്ങളും ഹാക്കര്‍മാര്‍ മോഷ്ടിച്ചിരിക്കാമെന്ന് സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് ഉപയോഗിച്ച് ഹാക്കര്‍മാരുടെ അടുത്ത നീക്കം എന്താകുമെന്നത് പ്രവചനാതീതമാണ്.
ബ്രിട്ടനിലും റഷ്യയിലുമാണ് സൈബര്‍ ആക്രമണം കൂടുതല്‍ രൂക്ഷമായത്. ഇവിടെ നിരവധി ആശുപത്രികളുടെയും ബേങ്കുകളുടെയും പ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. കമ്പ്യൂട്ടറുകളില്‍ കാലപ്പഴക്കം ചെന്ന ഓപറേറ്റിംഗ് സിസ്റ്റമാണ് പ്രവര്‍ത്തിക്കുന്നതെന്ന് സൈബര്‍ വിദഗ്ധര്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും ബ്രിട്ടനിലെ ദേശീയ ആരോഗ്യ സര്‍വീസ് (എന്‍ എച്ച് എസ്) വിഭാഗം അവഗണിച്ചതായി സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹാക്കര്‍മാര്‍ തന്നെ എന്‍ എച്ച് എസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. 20 വര്‍ഷത്തോളം പഴക്കമുള്ള വിന്‍ഡോസ് എക്‌സ്പി ഓപറേറ്റിംഗ് സിസ്റ്റമാണ് എന്‍ എച്ച് എസ് കമ്പ്യൂട്ടറുകളില്‍ ഇപ്പോഴും ഉപയോഗിക്കുന്നത്. എന്‍ എച്ച് എസിന് കീഴിലുള്ള 248 ട്രസ്റ്റുകളില്‍ 48 എണ്ണത്തെയും വൈറസ് ആക്രമിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച സ്വീഡനിലാണ് റാന്‍സംവെയര്‍ ഉപയോഗിച്ചുള്ള ആക്രമണം ആദ്യം നടന്നത്. ഇതിന് പിന്നാലെ ഫ്രാന്‍സ്, ബ്രിട്ടന്‍, യുഎസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പടര്‍ന്ന വൈറസ് വൈകാതെ മറ്റ് രാജ്യങ്ങളെയും കീഴടക്കി. ആശുപത്രി, ബേങ്കിംഗ്, ടെലികോം മേഖലകളെ ലക്ഷ്യം വെച്ചാണ് ഹാക്കര്‍മാര്‍ സൈബര്‍ ആയുധം പ്രയോഗിച്ചത്.
യു എസ് സുരക്ഷാ ഏജന്‍സിയായ എന്‍ എസ് എ മറ്റ് രാജ്യങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ തയ്യാറാക്കിയ എറ്റേണല്‍ ബ്ലൂ എന്ന സൈബര്‍ ആയുധം മോഷ്ടിച്ച് ഷാഡോ ബ്രോക്കേഴ്‌സ് എന്നറിയപ്പെടുന്ന ഹാക്കര്‍മാരുടെ സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
കമ്പ്യൂട്ടറില്‍ നുഴഞ്ഞുകയറി ഫയലുകള്‍ ബ്ലോക്ക് ചെയ്യുകയാണ് റാന്‍സംവെയറുകള്‍ ചെയ്യുന്നത്. ഇത് തുറക്കണമെങ്കില്‍ ഹാക്കര്‍മാര്‍ മോചനദ്രവ്യം ആവശ്യപ്പെടും. 300 ഡോളര്‍ ബിറ്റ്‌കോയിന്‍ മണിയാണ് ഷാഡോ ബ്രോക്കേഴ്‌സ് ആവശ്യപ്പെട്ടിരിക്കുന്നത്.