Connect with us

Kerala

ഗവര്‍ണര്‍ക്കെതിരായ നേതാക്കളുടെ പ്രസ്താവന യുവാക്കളുടെ വികാരപ്രകടനമെന്ന് രാജഗോപാല്‍; പറഞ്ഞ വാക്കുകളില്‍ നിന്ന് പിറകോട്ടില്ലെന്ന് ശോഭാ സുരേന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം: കണ്ണൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്കെതിരെ ബി ജെ പി സംസ്ഥാന നേതാക്കള്‍ ഉന്നയിച്ച വിമര്‍ശനങ്ങളെ തള്ളി ഒ രാജഗോപാല്‍ എം എല്‍ എ. ഗവര്‍ണര്‍ക്കെതിരായ നേതാക്കളുടെ പ്രസ്താവന യുവാക്കളുടെ വികാരപ്രകടനമായി കണ്ടാല്‍ മതിയെന്ന് രാജഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. ഗവര്‍ണറെ വിമര്‍ശിക്കുന്ന നയമല്ല ബി ജെ പിയുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പറഞ്ഞ വാക്കുകളില്‍ നിന്ന് പിറകോട്ടില്ലെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി. രാജഗോപാല്‍ പറഞ്ഞത് സ്വതന്ത്ര അഭിപ്രായമാണെന്നും ഗവര്‍ണര്‍ വിമര്‍ശനത്തിന് അതീതനാണോയെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

നേരത്തെ, പിണറായി വിജയനെ പേടിയാണെങ്കില്‍ ഗവര്‍ണര്‍ പി സാദാശിവം ഇറങ്ങിപോകണമെന്ന് ശോഭാസുരേന്ദ്രന്‍ പറഞ്ഞിരുന്നു. പദവിയോട് ഗവര്‍ണര്‍ അല്‍പ്പമെങ്കിലും മര്യാദ കാണിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കണ്ണൂരില്‍ അര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ കേരളാ ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഗര്‍ണര്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി ശോഭാസുരേന്ദന്‍ രംഗത്തെത്തിയത്.

നിരന്തരം പരാതികള്‍ നല്‍കിയിട്ടും യാതൊരു നീക്കവും ഗവര്‍ണര്‍ നടത്തിയിട്ടില്ല. പിണറായി വിജയനെ കാണുമ്പോള്‍ തലകുനിച്ച്, പിണറായി വിജയനെ പേടിയാണെന്നും താനൊരു നടപടിയും സ്വീകരിക്കില്ല എന്നു പറയാനാണ് കേരളത്തിന്റെ ഗവര്‍ണറുടെ ഭാവമെങ്കില്‍ ദയവു ചെയ്ത് ആ കസേരയില്‍ നിന്ന് ഇറങ്ങിപ്പോകണമെന്ന് അങ്ങയോട് ആവശ്യപ്പെടുകയാണ്. തന്റേടമുണ്ടെങ്കില്‍, ഗവര്‍ണറെന്ന പദവിയോട് അല്‍പ്പമെങ്കിലും സാമാന്യ മര്യാദയും നീതിബോധവും അങ്ങ് ചെയ്യേണ്ട കാര്യങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടി ചെയ്തു തീര്‍ക്കണമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.