Connect with us

Articles

കാലാധന്‍ വെളുപ്പിക്കാന്‍ നിയമഭേദഗതി !

Published

|

Last Updated

കള്ളപ്പണം, രാഷ്ട്രഭാഷയിലാണെങ്കില്‍ കാലാധന്‍, എന്ന് കേട്ടാല്‍ തിളയ്ക്കും ചോര. കള്ളപ്പണം ഇല്ലാതാക്കാന്‍ ഒറ്റക്കാലില്‍ തപമാണ്. ആ പേരിലുള്ളതൊക്കെ രാജ്യത്തെ കണക്ക് ബുക്കില്‍ രേഖപ്പെടുത്തപ്പെട്ടാല്‍ ആളൊന്നുക്ക് 15 ലക്ഷം രൂപ വീതം നല്‍കുമെന്ന് വരെ വാഗ്ദാനം ചെയ്തിരുന്നു. വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ളതല്ലെന്ന് അറിയാമെങ്കിലും അമ്പത്തിയാറിഞ്ച് വീതിയുള്ള നെഞ്ചില്‍ നിന്നുള്ളതാകുമ്പോള്‍ നടന്നാലോ എന്ന വിദൂര വ്യാമോഹമുണ്ടായിരുന്നു ചിലര്‍ക്കെങ്കിലും. ആ വ്യാമോഹക്കാരാണ് കിട്ടിയില്ലല്ലോ 15 ലക്ഷം എന്ന് ഇടക്കിടെ മോഹഭംഗം കൊള്ളുന്നത്.

രാജ്യത്ത് കറന്‍സി ഇല്ലാതായാലും വേണ്ടില്ല, കള്ളപ്പണം ഇല്ലാതാക്കണം എന്ന ഉദ്ദേശ്യത്തിലാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ഒരു രാത്രിയില്‍ അസാധുവാക്കിയത്. അതോടെ കള്ളപ്പണക്കാരൊക്കെ പരിഭ്രമിച്ചുവെന്നും പണമൊന്നാകെ ബാങ്കുകളിലെത്തിച്ചുവെന്നും ആ ഇനത്തില്‍ സഹസ്ര കോടികള്‍ സര്‍ക്കാര്‍ ഖജനാവിലെത്തിയെന്നുമൊക്കെ പറയുന്നുണ്ട്. എന്നാല്‍ അസാധുവാക്കിയതില്‍ എത്ര ബാങ്കുകളില്‍ തിരിച്ചെത്തിയെന്നോ അതില്‍ അനധികൃത സ്വത്തായി കണ്ടെത്തിയത് എത്രയെന്നോ കള്ളനോട്ടുകള്‍ എത്രയുണ്ടായിരുന്നുവെന്നോ ഔദ്യോഗികമായി വെളിപ്പെടുത്തപ്പെട്ടില്ല. ഈ കണക്ക് വെളിപ്പെടുത്തുന്നത് രാജ്യസുരക്ഷയെ അതി ഗുരുതരമായി ബാധിക്കുമെന്നാണ് സര്‍ക്കാറിന്റെയും അതിന്റെ കീഴിലൊതുങ്ങിയ റിസര്‍വ് ബാങ്കിന്റെയും വാദം. ഇത്തരം കണക്കുകളില്‍ കൂടി അധിഷ്ഠിതമാണ് രാജ്യസുരക്ഷയെന്ന് തിരിച്ചറിഞ്ഞ ജനം ഇനി മേലാല്‍ ഇത്തരം കണക്കുകള്‍ ചോദിച്ച് ബുദ്ധിമുട്ടിക്കില്ലെന്ന് രാജ്യസ്‌നേഹാധിക്യത്താല്‍ സത്യവാങ്മൂലം നല്‍കിക്കഴിഞ്ഞിട്ടുണ്ട്. അതിന്റെ തെളിവാണല്ലോ ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലുമൊക്കെ കണ്ടത്. അതിലല്‍പ്പം കുറവ് കണ്ടത് പഞ്ചാബില്‍ മാത്രമാണ്.

അരിയും തിന്ന് വീട്ടുകാരെയും കടിച്ചിട്ട് പിന്നെയും കള്ളപ്പണത്തോട് മുറുമുറുക്കുയാണ് സര്‍വാധികാര്യക്കാര്‍. കള്ളപ്പണം കാറ്റില്‍ മണത്താല്‍ ആരുടെയും അനുമതി കൂടാതെ പരിശോധനക്ക് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി നിയമം ഭേദഗതി ചെയ്ത്, സ്വകാര്യ കമ്പനികളുടെ സംഭരണികളിലേക്ക് ചോര്‍ത്തപ്പെട്ട ആധാറിനെ ആദായ നികുതിയുമായി കൂട്ടിയിണക്കിക്കൊണ്ട് ഒക്കെ. എല്ലാ പണവും കണക്കിലുണ്ടാകണം, കണക്കുകള്‍ രാജ്യത്ത് നിലവിലുള്ള നിയമങ്ങളിലെ വ്യവസ്ഥകള്‍ അനുസരിച്ചാകണം എന്നൊക്കെ നിര്‍ബന്ധമാണ്. അതിനാണ് ആധാറുമായൊക്കെ കൂട്ടിയിണക്കുന്നത്. ഏതാണ്ടെല്ലാ സ്വകാര്യ കമ്പനികളുടെയും സംഭരണികളില്‍ ആധാര്‍ വിവരങ്ങളുള്ളതിനാല്‍ അതിലേക്ക് ആദായ നികുതി കൂടി കൂട്ടിയിണക്കിയാല്‍ കമ്പനികള്‍ക്ക് കൂടുതല്‍ സൗകര്യമാകുമെന്നത് ഒരു ഉപോത്പന്നം മാത്രം.
നിയമം ലംഘിച്ചുള്ള സമ്പാദ്യമൊക്കെ “കാലാ ധന്‍” ആണെന്നതില്‍ ഇനിയാര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ആയത് സര്‍വാധികാര്യക്കാരോട് ട്വീറ്റ് മുഖാന്തിരം ഉന്നയിച്ച് നിവൃത്തി വരുത്താവുന്നതാണ്. വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ ഒക്കെ പാലിക്കേണ്ട പരശ്ശതം നിയമങ്ങളുണ്ട്. അതിലൊന്നാണ് വിദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള സംഭാവനകള്‍ നിയന്ത്രിക്കാന്‍ വ്യവസ്ഥ ചെയ്ത് 1976ല്‍ കൊണ്ടുവന്ന ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് (എഫ് സി ആര്‍ എ). രാഷ്ട്രീയ പാര്‍ട്ടികള്‍ വിദേശ ഫണ്ട് സ്വീകരിക്കുന്നത് തടഞ്ഞിട്ടുണ്ട് എഫ് സി ആര്‍ എയും ജനപ്രാതിനിധ്യ നിയമവും. ഈ നിയമങ്ങള്‍ നിലനില്‍ക്കെയാണ് യൂണൈറ്റഡ് കിംഗ്ഡം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വേദാന്ത എന്ന കമ്പനിയില്‍ നിന്ന് 2004 മുതല്‍ 2012 വരെയുള്ള കാലത്ത് ഭാരതീയ ജനതാ പാര്‍ട്ടിയും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസും (ഇന്ദിര) സംഭാവന വാങ്ങിയത്. വേദാന്തയില്‍ നിന്ന് നേരിട്ടല്ലെന്ന് വേണമെങ്കില്‍ പറയാം. ഭൂരിഭാഗം ഓഹരിയും വേദാന്ത കൈവശം വെക്കുന്ന സെസ ഗോവ, സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ് ഇന്ത്യ എന്നീ കമ്പനികളില്‍ നിന്നായി എട്ട് കോടി നാല്‍പ്പത്തി രണ്ട് ലക്ഷം രൂപ ബി ജെ പിയും എട്ട് കോടി 79 ലക്ഷം രൂപ കോണ്‍ഗ്രസും സംഭാവനയായി സ്വീകരിച്ചു. നിലവിലുണ്ടായിരുന്ന നിയമമനുസരിച്ച് വിദേശ കമ്പനി ഭൂരിഭാഗം ഓഹരി കൈവശം വെക്കുന്ന കമ്പനികളെ വിദേശ കമ്പനികളായാണ് കണക്കാക്കുന്നത്. നിലനില്‍ക്കുന്ന നിയമ വ്യവസ്ഥ ലംഘിച്ച് സ്വീകരിക്കപ്പെട്ട പണം കള്ളപ്പണമാണ്.

കള്ളപ്പണമെന്ന് കേട്ടാല്‍ തിളയ്ക്കുന്ന ചോര, ഇവിടെയും തിളയ്‌ക്കേണ്ടതാണ്. അങ്ങനെ തിളച്ചാല്‍ വേദാന്തയില്‍ നിന്ന് പണം സ്വീകരിച്ചത് നിയമ വിധേയമല്ലെന്ന ഡല്‍ഹി ഹൈക്കോടതി വിധിയനുസരിച്ചുള്ള നടപടിക്കുള്ള ഉത്തരവാദിത്തമുണ്ട് സര്‍വാധികാര്യക്കാര്‍ക്ക്. സെസ ഗോവയും, സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ സംഭാവനകളെക്കുറിച്ചും ഇതുപോലുള്ള മറ്റ് കമ്പനികളില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവന സ്വീകരിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷിക്കാനുമാണ് സര്‍വാധികാര്യക്കാരുടെ കീഴില്‍ വരുന്ന ആഭ്യന്തര വകുപ്പിന്റെ കൈകാര്യ കര്‍ത്താവിനോട് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചത്. സംഭാവന സ്വീകരിക്കാന്‍ തീരുമാനിച്ച പാര്‍ട്ടി ഭാരവാഹികളെയും അതിന് വഴിയൊരുക്കിക്കൊടുത്തവരെയും മൂന്ന് വര്‍ഷം വരെ ജയിലില്‍ അടക്കുക എന്നതാണ് ആഭ്യന്തര വകുപ്പ് ചെയ്യേണ്ടത്. ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ബി ജെ പിയും കോണ്‍ഗ്രസും സുപ്രീം കോടതിയെ സമീപിച്ചെങ്കിലും വൈകാതെ ഹരജി പിന്‍വലിച്ചു. അപ്പീലിന്‍മേല്‍ മേല്‍ക്കോടതി തീരുമാനമെടുക്കും വരെ കാത്തിരിക്കേണ്ട ഗതികേട് ഈ കള്ളപ്പണക്കേസിലില്ല തന്നെ.
പിന്നീട് സംഭവിച്ചത് സര്‍വാധികാര്യക്കാര്‍, കള്ളപ്പണത്തെക്കുറിച്ച് വികാരവിക്ഷുബ്ധമായ ശബ്ദത്തില്‍ പറഞ്ഞതിനൊക്കെ വിരുദ്ധമായതാണ്. സംഭവിക്കാന്‍ പോകുന്നതും അങ്ങനെ തന്നെ. അരിയും തിന്ന് വീട്ടുകാരെയും കടിച്ചിട്ടുള്ള മുറുമുറുപ്പൊന്നും ഇവിടെ കാണില്ല. നരേന്ദ്ര മോദി സര്‍ക്കാര്‍ എഫ് സി ആര്‍ എ ഭേദഗതി ചെയ്തു. വിദേശത്ത് ഉടലെടുത്ത കമ്പനികളില്‍ നിന്ന് സംഭാവന സ്വീകരിക്കാന്‍ സന്നദ്ധ സംഘടനകള്‍ക്ക് അനുവാദം നല്‍കിക്കൊണ്ടും വിദേശ കമ്പനിയുടെ നിര്‍വചനം മാറ്റിക്കൊണ്ടും. അമ്പത് ശതമാനത്തിലധികം വിദേശ നിക്ഷേപമുണ്ട് എന്നതുകൊണ്ട് വിദേശ കമ്പനിയാകില്ല എന്നായിരുന്നു ഭേദഗതി. ഇതിന് 2010 മുതല്‍ മുന്‍കാല പ്രാബല്യവും നല്‍കി. നിര്‍വചനം മാറ്റിയതോടെ സെസ ഗോവയില്‍ നിന്നും സ്റ്റെര്‍ലൈറ്റില്‍ നിന്നും വാങ്ങിയ സംഭാവന നിയമ വിധേയമാകുമെന്നായിരുന്നു പ്രതീക്ഷ. നിയമം ഭേദഗതി ചെയ്തപ്പോഴും ജനാധിപത്യവിരുദ്ധത മുഖമുദ്രയായുണ്ടായിരുന്നു. എന്‍ ഡി എക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയുടെ അംഗീകാരം വേണ്ടതില്ലാത്ത മണി ബില്ലായാണ് എഫ് സി ആര്‍ എ ഭേദഗതി കൊണ്ടുവന്നത്. ലോക്‌സഭ പാസ്സാക്കിയതോടെ അത് നിയമമായി.

ഇതൊക്കെയായിട്ടും പുലിവാല് തീര്‍ന്നില്ല. 2010 വരെ മാത്രം മുന്‍കാല പ്രാബല്യം നല്‍കിയപ്പോള്‍ 2004 മുതല്‍ 2009 വരെ സ്വീകരിച്ച സംഭാവനകള്‍ നിയമവിരുദ്ധമായി (കള്ളപ്പണം) തുടര്‍ന്നു. അത് കൂടി ഇല്ലാതാക്കുന്നതിന് എഫ് സി ആര്‍ എ ഭേദഗതിക്ക് 2004 മുതലുള്ള മുന്‍കാല പ്രാബല്യം നല്‍കാന്‍ ബില്ല് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. അതും മണി ബില്ലായി കൊണ്ടുവന്ന് പാസ്സാക്കിയെടുക്കുമെന്നുറപ്പ്. പണമിടപാടുകള്‍ കൈകാര്യം ചെയ്യുന്ന ഏത് ബില്ലും മണി ബില്ലായി നിര്‍വചിക്കാന്‍ സര്‍ക്കാറിന് സാധിക്കും. ലോക് സഭാ സ്പീക്കര്‍ അംഗീകരിച്ചാല്‍ മതിയാകും. ആ സൗകര്യം പ്രയോജനപ്പെടുത്തി കള്ളപ്പണം വെളുപ്പിക്കുന്നതിന് സര്‍വാധികാര്യക്കാര്‍ അനുവാദം നല്‍കുമ്പോള്‍ നോട്ട് നിരോധിച്ച്, നികുതിയെ ആധാറുമായി ബന്ധിപ്പിച്ച് ഒക്കെ കള്ളപ്പണത്തോട് പടവെട്ടുന്നതിലെ ആത്മാര്‍ഥത ചോദ്യംചെയ്യപ്പെടുമോ? പ്രതിസ്ഥാനത്തുള്ളതിനാല്‍ കോണ്‍ഗ്രസ് ചോദ്യം ചെയ്യില്ലെന്ന് ഉറപ്പ്. മറ്റ് പാര്‍ട്ടികള്‍ക്കും ജനത്തിനും കഥയില്‍ ചോദ്യമില്ലെന്നാണ് ന്യായം. നിയമവ്യവസ്ഥകള്‍ ലംഘിച്ച് വിദേശത്തു നിന്ന് പണം സ്വീകരിച്ചുവെന്ന കുറ്റം ചുമത്തി അംഗീകാരം റദ്ദാക്കിയ സര്‍ക്കാറിതര സന്നദ്ധ സംഘടനകള്‍ക്കും ചോദ്യമുന്നയിക്കാന്‍ അവകാശമില്ല. കാരണം രാജ്യസ്‌നേഹത്തില്‍ അധിഷ്ഠിതമായ (കള്ള)പണമിടപാടും അതില്ലാത്ത ഇടപാടും തമ്മില്‍ ഭേദമുണ്ട്.
നിരോധിച്ച നോട്ടുകള്‍ നിശ്ചിത എണ്ണത്തിലധികം കൈവശം വെച്ചാല്‍, കണക്ക് കാണിക്കാന്‍ സാധിക്കാത്തതുകൊണ്ട് കൈവശം വെച്ചത് കള്ളപ്പണമാണെന്ന് കണക്കാക്കി ശിക്ഷ വിധിക്കുമെന്ന് 130 കോടി ജനങ്ങളെ ഭീഷണിപ്പെടുത്തിയ സര്‍വാധികാര്യക്കാരാണ്, സ്വന്തം പാര്‍ട്ടി കൈവശം വെച്ച കള്ളപ്പണം വെളുപ്പിച്ചെടുക്കാന്‍ നിയമഭേദഗതി വരുത്തുന്നത്, അതിന് കൂടുതല്‍ മുന്‍കാല പ്രാബല്യം നല്‍കാന്‍ വീണ്ടും ഭേദഗതിക്ക് ആലോചിക്കുന്നത്. അല്ലെങ്കിലും നിയമങ്ങളും അതിന്റെ വ്യാഖ്യാനങ്ങളുമൊക്കെ ജനത്തിനും അധികാരത്തെ സ്വാധീനിക്കാന്‍ ത്രാണിയില്ലാത്ത സ്ഥാപനങ്ങള്‍ക്കും മാത്രമേ ബാധകമായിട്ടുള്ളൂ. അതാണ് സ്വതന്ത്ര ഇന്ത്യന്‍ യൂണിയന്റെ ചരിത്രം. സര്‍വാധികാര്യക്കാരുടെ മാത്രം നിയന്ത്രണത്തിലേക്ക് ജനാധിപത്യ ഭരണ സംവിധാനം ചുരുങ്ങുമ്പോള്‍ നിയമവും അതിന്റെ വ്യാഖ്യാനങ്ങളും കൂടുതല്‍ ശക്തമായി ജനങ്ങളുടെ മേല്‍ പതിക്കും. അത് നടപ്പാക്കുന്ന സര്‍വാധികാര്യക്കാരും സംഘവും ഏത് നിയമ ലംഘനത്തെയും അതിജയിച്ച് നില്‍ക്കുകയും ചെയ്യും. ചെയ്യുന്നത് രാജ്യസ്‌നേഹികളാകുമ്പോള്‍ അതൊന്നും വലിയ വിഷയമേയല്ല. ലക്ഷക്കണക്കിന് കോടിയുടെ കള്ളപ്പണം രാജ്യത്ത് തിരിച്ചെത്തിച്ച് ആളൊന്നുക്ക് 15 ലക്ഷം വീതം വിതരണം ചെയ്യാന്‍ തയ്യാറെടുക്കുന്ന സര്‍വാധികാര്യക്കാര്‍, സ്വന്തം പാര്‍ട്ടി നേരിടുന്ന ചെറിയ ആധി നിവര്‍ത്തിക്കാന്‍ ഒരു നിയമം മാറ്റിയാല്‍ അതിനെ സര്‍വാത്മനാ പിന്തുണക്കുക എന്നതാണ് രാജ്യസ്‌നേഹികളുടെ കര്‍ത്തവ്യം. സാഷ്ടാംഗം നമസ്‌കരിക്കുകയും ആകാം.

സംഭാവന നല്‍കിയ വേദാന്തയും ചെറിയ കക്ഷിയല്ല. ഒഡീഷയിലെ നിയാംഗിരി കുന്നുകള്‍ ഇടിച്ച് ബോക്‌സൈറ്റ് ഖനനം ആരംഭിക്കാന്‍ 50,000 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി കാത്തിരുന്നവരാണ്. നിയാംഗിരിയില്‍ പാര്‍ക്കുന്ന, “ആര്‍ക്കും വേണ്ടാത്ത” ആദിവാസികളുടെ പേരിലാണ് ആ പദ്ധതി തുലാസിലായത്. അവിടുത്തെ പന്ത്രണ്ട് ഗ്രാമസഭകളും പദ്ധതിയെ എതിര്‍ത്തു. ഒരു കൈകൊണ്ട് സ്വീകരിച്ച സംഭാവന മറുകൈ അറിയരുതെന്ന് നിര്‍ബന്ധമുള്ള കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യു പി എ സര്‍ക്കാറിന്റെ കാലത്ത് പദ്ധതിയെ എതിര്‍ത്ത് രംഗത്തുവന്നിരുന്നു. ചതിയില്‍ വഞ്ചന കാട്ടുന്ന ഈ രീതി സര്‍വാധികാര്യക്കാര്‍ക്കില്ല, അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമില്ല. നിയമഭേദഗതിയിലൂടെ മുന്‍കാലത്ത് ലഭിച്ചതൊക്കെ വെളുപ്പിക്കുകയും കൂടുതല്‍ സ്വീകരിക്കാന്‍ വഴി തുറക്കുകയും ചെയ്തിട്ടുണ്ട്. രാജ്യമാകെ വികസിപ്പിക്കാന്‍ തത്രപ്പെട്ട് നില്‍ക്കുമ്പോള്‍ നിയാംഗിരിയെ മാറ്റി നിര്‍ത്താനാകില്ല. ആകയാല്‍ വേദാന്ത ഇനിയും നല്‍കാനിരിക്കുന്ന സംഭാവനകള്‍ സ്വീകരിക്കുകയും ബോക്‌സൈറ്റ് ഖനന പദ്ധതി പുനരുജ്ജീവിപ്പിക്കുകയും ചെയ്യാം. എതിര്‍ക്കാന്‍ നില്‍ക്കുന്ന ആദിവാസികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിന് ഗുജറാത്ത് മാതൃകയായുമുണ്ട്.
കള്ളപ്പണമില്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഒറ്റക്കാലില്‍ നടത്തുന്ന തപം സര്‍വാധികാര്യക്കാര്‍ പഞ്ചാഗ്നി മധ്യത്തിലേക്ക് മാറ്റും. അതില്‍ വിട്ടുവീഴ്ചയില്ല. നിയമം മാറിയതിലൂടെ പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന കൂടുതല്‍ ഒഴുകിയാല്‍ അതിലെ കറുപ്പും വെളുപ്പും തിരിക്കാനാവില്ല. അതൊരു സ്വാഭാവിക ഒഴുക്കുമാത്രം.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest