ഫെഡറേഷന്‍ കപ്പില്‍ ബഗാന്‍ – ബംഗളൂരു കലാശപ്പോര്

Posted on: May 15, 2017 9:22 am | Last updated: May 15, 2017 at 9:26 am

കട്ടക്ക്: ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടത്തില്‍ ബെംഗളൂരു എഫ് സി മോഹന്‍ ബഗാനെ നേരിടും.

സെമി ഫൈനലില്‍, ഐ ലീഗ് ചാമ്പ്യന്മാരായ ഐസ്വാള്‍ എഫ് സിയെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ബംഗളൂരു ഫൈനലില്‍ പ്രവേശിച്ചത്. ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി മോഹന്‍ ബഗാനും ഫൈനല്‍ ടിക്കറ്റുറപ്പിച്ചു.
എട്ടാം മിനുട്ടില്‍ കാമറൂണ്‍ വാട്‌സണ്‍ ആണ് ബെംഗളൂരുവിന്റെ വിജയ ഗോള്‍ നേടിയത്. വാട്‌സണ്‍ എടുത്ത പെനാല്‍റ്റി പിഴവില്ലാതെ വലയില്‍ ചെന്നു കയറി. ഗോള്‍ മടക്കാന്‍ ഐസ്വാള്‍ നിരന്തരം ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. ഇന്‍ജുറി ടൈമില്‍ മത്സരം സമനിലയിലാക്കാന്‍ ഐസ്വാളിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ലാല്‍രാംചുല്ലോവയെടുത്ത കിക്ക് ബെംഗളൂരു ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിംഗ് ഉജ്ജ്വലമായി രക്ഷപ്പെടുത്തി. ഡാരില്‍ ഡുഫി (35), ബല്‍വന്ത് സിംഗ് (84) എന്നിവരുടെ ഗോള്‍ മികവിലാണ് ബഗാന്‍ ജയം കണ്ടത്. 21നാണ് ഫൈനല്‍.