പിടികിട്ടാപുള്ളിയായ മാവോയിസ്റ്റ് നേതാവ് കുന്ദന്‍ പഹരാന്‍ പോലീസില്‍ കീഴടങ്ങി

Posted on: May 14, 2017 5:00 pm | Last updated: May 14, 2017 at 5:00 pm

റാഞ്ചി: നിരവധി കേസുകളില്‍ പിടികിട്ടാപ്പുള്ളിയായ മാവോയിസ്റ്റ് നേതാവ് കുന്ദന്‍ പഹരാന്‍ പോലീസില്‍ കീഴടങ്ങി. റാഞ്ചി പോലീസ് മുമ്പാകെയാണ് കീഴടങ്ങിയത്. കീഴടങ്ങിയതിന് പ്രോത്സാഹനമായി ഇയാള്‍ക്ക് പോലീസ് 15 ലക്ഷം രൂപയുടെ ചെക്ക് കൈമാറുകയും ചെയ്തു.

പോലീസുകാരനെയും എംഎല്‍എയേയും അടക്കം നിരവധി പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കുന്ദനെ കുറിച്ച് പോലീസിന് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. കുന്ദന്റെ ചിത്രവും പോലീസിന്റെ കൈവശം ഉണ്ടായിരുന്നില്ല.

കുന്ദനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 120ലധികം ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. പോലീസ് ഉദ്യോഗസഥന്‍ ഫ്രാന്‍സിസ് ഇന്‍ദ്വാര്‍, എംപിയായ സുനില്‍ മഹാതോ, എംഎല്‍എ രമേശ് സിംഗ് എന്നിവരുടെ കൊലപാതക കേസില്‍ ഇയാള്‍ പ്രതിയാണ്. 2008ല്‍ റാഞ്ചിയില്‍ വെച്ച് ഐസിഐസിഐ ബാങ്കിലേക്ക് പണവുമായി പോകുകയായിരുന്ന വാന്‍ കൊള്ളയടിച്ച് അഞ്ച് കോടി രൂപയുടെ കറന്‍സിയും 50 കിലോ സ്വര്‍ണവും കവര്‍ച്ച ചെയ്ത കേസിലാണ് ഇയാളുടെ പേര് മാധ്യമ ശ്രദ്ധ നേടിയത്.