സൈബര്‍ ആക്രമണം 150 രാജ്യങ്ങളെ ബാധിച്ചു; നാളെ വീണ്ടും ആക്രമണത്തിന് സാധ്യത

തിങ്കളാഴ്ച ശക്തമായ മറ്റാെരു ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
Posted on: May 14, 2017 4:39 pm | Last updated: May 15, 2017 at 11:34 am

ലണ്ടന്‍: ലോകത്തെ നടുക്കി വെള്ളിയാഴ്ചയുണ്ടായ സൈബര്‍ ആക്രമണം 150 രാജ്യങ്ങളെ ബാധിച്ചതായി യൂറോപ്യന്‍ യൂണിയന്‍ പോലീസ് ഏജന്‍സി വെളിപ്പെടുത്തി. രണ്ട് ലക്ഷത്തില്‍ പരം കമ്പ്യൂട്ടറുകളെ റാന്‍സംവെയര്‍ ആക്രമണം തകര്‍ത്തതായും പോലീസ് കേന്ദ്രങ്ങള്‍ പറയുന്നു. വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെയാണ് ആക്രമണം കൂടുതലായും തകര്‍ത്തത്. വരും ദിവസങ്ങളില്‍ ഇത് ഏതൊക്കെ രാജ്യങ്ങളിലേക്ക് പടരുമെന്ന് പ്രവചിക്കാനാകില്ലെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

അതിനിടെ, തിങ്കളാഴ്ച മറ്റൊരു ശക്തമായ സൈബര്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് കമ്പ്യൂട്ടര്‍ സുരക്ഷാ ഗവേഷകനായ മാല്‍വെയര്‍ ടെക് മുന്നറിയിപ്പ് നല്‍കി. ഇത് ചിലപ്പോൾ തടയാനായി എന്ന് വരില്ലെന്നും അദ്ദേഹം പറയുന്നു. വെള്ളിയാഴ്ചത്തെ ആക്രമണത്തെ ചെറുക്കുന്നതിനായി പ്രവര്‍ത്തിച്ചയാളാണ് മാല്‍വെയര്‍ ടെക് എന്നറിയപ്പെടുന്ന 22കാരന്‍.

വെള്ളിയാഴ്ചയാണ് സ്വീഡന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍, യുഎസ് തുടങ്ങിയ രാജ്യങ്ങളില്‍ റാന്‍സംവെയര്‍ ആക്രമണം നടന്നതായി കണ്ടെത്തിയത്. വൈകാതെ ഇത് മറ്റു രാജ്യങ്ങളിലേക്കും പടര്‍ന്നു. ആശുപത്രി, ബാങ്കിംഗ്, ടെലികോം മേഖലകളെ ലക്ഷ്യം വെച്ചാണ് ഹാക്കര്‍മാര്‍ സൈബര്‍ ആയുധം പ്രയോഗിച്ചത്.

കമ്പ്യൂട്ടറുകളില്‍ നുഴഞ്ഞുകയറി അവയെ പ്രവര്‍ത്തനരഹിതമാക്കി മോചനദ്രവ്യം ആവശ്യപ്പെടുവാന്‍ സഹായിക്കുന്ന മാല്‍വെയറുകളാണ് ‘റാന്‍സംവെയര്‍’ എന്നറിയപ്പെടുന്നത്. അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സിയില്‍ നിന്ന് ചോര്‍ന്ന സൈബര്‍ ആയുധം ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ കമ്പ്യൂട്ടര്‍ ശൃംഖലകള്‍ തകര്‍ത്തത്.