ലോകത്തെ ഞെട്ടിച്ച സൈബര്‍ ആക്രമണത്തിന് ഉപയോഗിച്ചത് എന്‍എസ്എയില്‍ നിന്ന് മോഷ്ടിച്ച ടൂളുകള്‍

Posted on: May 13, 2017 5:03 pm | Last updated: May 13, 2017 at 5:03 pm

വാഷിംഗ്ടണ്‍: ലോകത്തെ നൂറോളം രാജ്യങ്ങളെ ഞെട്ടിച്ച സൈബര്‍ ആക്രമണത്തിന് ഹാക്കര്‍മാര്‍ ഉപയോഗിച്ചത് അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സിയായ എന്‍എസ്എയില്‍ നിന്ന് മോഷ്ടിച്ച സോഫ്റ്റ്‌വെയര്‍ ടൂളുകള്‍. ഷാഡോ ബ്രോക്കേഴ്‌സ് എന്ന് വിശേഷിപ്പിച്ച ഹാക്കര്‍മാരുടെ സംഘമാണ് സൈബര്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. കഴിഞ്ഞ വര്‍ഷം ദേശീയ സുരക്ഷാ ഏജന്‍സിയില്‍ നിന്ന് മോഷ് ടിച്ച ടൂളുകളാണ് തങ്ങള്‍ ആക്രമണത്തിന് ഉപയോഗിച്ചതെന്ന് സംഘം അവകാശപ്പെട്ടു.

സ്വീഡന്‍, ബ്രിട്ടന്‍, ഫ്രാന്‍സ്, യുഎസ് എന്നീ രാജ്യങ്ങളിലാണ് സൈബര്‍ ആക്രമണം ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ദ്രുതഗതിയില്‍ തന്നെ ഇത് മറ്റു രാജ്യങ്ങളിലേക്കും പടര്‍ന്നു. കമ്പ്യൂട്ടറുകളില്‍ ഉടമക്ക് പ്രവേശനം നിശേഷിക്കുന്ന റാന്‍സംവെയര്‍ എന്ന മാല്‍വെയറാണ് ആക്രമണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. WannaCry, WannaCrypt എന്നീ പേരുകളിലുള്ള റാന്‍സംവെയറാണ് പ്രചരിപ്പിക്കപ്പെട്ടത്. ഈ മാല്‍വെയര്‍ ബാധിച്ച സിസ്റ്റം പിന്നീട് തുറക്കണമെങ്കില്‍ റാന്‍സംവെയറിന് പണം അടയ്ക്കണം. 300 ഡോളറാണ് ഹാക്കര്‍മാര്‍ ഇതിനായി ആവശ്യപ്പെടുന്നത്. ഇനി ഈ പണം അടച്ചാല്‍ തന്നെ സിസ്റ്റം വീണ്ടെടുക്കാന്‍ കഴിയുമോ എന്ന് ഉറപ്പിച്ച് പറയാനുമാകില്ലെന്ന് സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സുരക്ഷാ ഗവേഷണ സ്ഥാപനമായ കാസ്പര്‍ സ്‌കൈ നല്‍കുന്ന കണക്കനുസരിച്ച് 99 രാജ്യങ്ങളില്‍ 45,000 ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. ഇന്ത്യയും ഈ രാജ്യങ്ങളുടെ പട്ടികയില്‍ ഉണ്ടെന്നാണ് കാസ്‌പെര്‍ സ്‌കൈ നല്‍കുന്ന സൂചന. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ ആക്രമണം നടന്നത്. ഇവിടെ ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും കമ്പ്യൂട്ടറുകളാണ് കൂടുതലും ആക്രമിക്കപ്പെട്ടത്.