ഐ ടി പ്രതിസന്ധി: 56,000 ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി 7 പ്രമുഖ കമ്പനികള്‍

Posted on: May 13, 2017 12:06 pm | Last updated: May 13, 2017 at 1:52 pm

ന്യൂഡല്‍ഹി: പ്രതിസന്ധി നേരിടുന്ന ഐ ടി മേഖലയില്‍ നിന്ന് വീണ്ടും അശുഭകരമായ വാര്‍ത്തകള്‍. അമേരിക്ക ആസ്ഥാനമായി പ്രവൃത്തിച്ചുവരുന്ന ഐ ടി കമ്പനിയായ കോഗ്‌നിസെന്റ് തുടങ്ങിവെച്ച ജീവനക്കാര്‍ക്കെതിരായ നടപടികള്‍ മറ്റു കമ്പനിള്‍ കൂടി ഏറ്റെടുത്തതോടെ ഐ ടി മേഖല രൂക്ഷമായ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഏഴ് പ്രമുഖ ഐ ടി കമ്പനികള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങുകയാണ്. നിലവിലെ സാഹചര്യത്തില്‍ ഏഴ് കമ്പനികളില്‍ നിന്ന്കുറഞ്ഞത് 56,000 എന്‍ജിനീയര്‍മാരെങ്കിലും ഈ വര്‍ഷം പുറത്താകുമെന്നാണ് റിപ്പോര്‍ട്ട്.

യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊഗ്‌നിസന്റ് ടെക്‌നോളജി സൊല്യൂഷന്‍സ് കോര്‍പറേഷന്‍, ഇന്‍ഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച് സി എല്‍ ടെക്‌നോളജീസ്, ഡി എക്‌സ് സി ടെക്‌നോളജി, ഫ്രാന്‍സ് ആസ്ഥാനമായ കാപ്‌ജെയ്മിനി എസ് എ എന്നിവയാണ് പിരിച്ചു വിടലിനൊരുങ്ങുന്നത്. ഈ ഏഴ് കമ്പനികളിലായി നിലവിലുള്ള 12 ലക്ഷം ജീവനക്കാരില്‍ നിന്നാണ് 56000 പേരെ നിര്‍ബന്ധിത വി ആര്‍ എസ് നല്‍കി പിരിച്ചുവിടുന്നതിന് നടപടികള്‍ തുടങ്ങിയത്. ഇതില്‍ കോഗ്‌നിസെന്റ് ആദ്യഘട്ടത്തില്‍ 2000ത്തിലധികം പേരെ നിര്‍ബന്ധിച്ച് വി ആര്‍ എസ് എടുപ്പിച്ചിരുന്നു. ഇതിന് പുറമെ കോഗ്‌നിസന്റില്‍ 15,000 പേരെ ബക്കറ്റ് 4 വിഭാഗത്തിലേക്ക് തരംതാഴ്ത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് ജീവനക്കാര്‍ ചെന്നൈ, ഹൈദരാബാദ് ലേബര്‍ കമ്മീഷനില്‍ പരാതി നല്‍കി കാത്തിരിക്കുകയാണ്.

പിരിച്ചുവിടലിന് കളമൊരുക്കാന്‍ ആദ്യഘട്ട നടപടിയെന്ന നിലയില്‍ ഏഴ് കമ്പനികളും നിരവധി ജീവനക്കാര്‍ക്ക് റേറ്റിംഗ് മോശമാണെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇന്‍ഫോസിസില്‍ 3000 സീനിയര്‍ മാനേജര്‍മാരെ മെച്ചപ്പെടാനുള്ളവരുടെ പട്ടികയില്‍ പെടുത്തി. ഡി എക്‌സ് സി ടെക്‌നോളജി ഇന്ത്യയിലെ ഓഫീസുകളുടെ എണ്ണം മൂന്ന്‌വര്‍ഷം കൊണ്ട് 50 ല്‍ നിന്ന് 26 ആക്കി ചുരുക്കാനും ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചതായാണ് വിവരം. അമേരിക്കയിലെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം വിസാനയങ്ങളിലും മറ്റും കാതലായ മാറ്റങ്ങള്‍ വരുത്തുകയും, തദ്ദേശീയര്‍ക്ക് അനുകൂലമായി തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുകയും ചെയ്തതോടെയാണ് ഐ ടി കമ്പനികള്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയത്.

നിരവധി പേരെ പ്രവര്‍ത്തന ക്ഷമതയുടെ പേരില്‍ പുറത്താക്കുമ്പോള്‍ തന്നെ ഇന്‍ഫോസിസ് അമേരിക്കയില്‍ നിന്ന് മാത്രം പുതിയ 10000പേരെ റിക്രൂട്ട്‌മെന്റ് ചെയ്യുമെന്ന് പ്രഖ്യാപിക്കേണ്ടിവന്നത് ട്രംപ് ഭരണകൂടത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ്. ഇതോടൊപ്പം ഐ ടി മേഖലയുടെ വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞതും ജീവനക്കാര്‍ക്കെതിരായ നീക്കങ്ങളുടെ ആക്കം കൂട്ടിയിട്ടുണ്ട്.