തമിഴ്‌നാട്ടിൽ വാഹനാപകടം : നവവരനും വധുവും ഉൾപ്പടെ ഏഴ് മലയാളികൾ മരിച്ചു

Posted on: May 13, 2017 11:51 am | Last updated: May 14, 2017 at 1:55 pm


കരൂർ: തമിഴ്‌നാട്ടിലെ കരൂരിലുണ്ടായ വാഹനാപകടത്തിൽ നവവരനും വധുവും ഉൾപ്പടെ ഏഴ് മലയാളികൾ മരിച്ചു. മൂന്നു പേർക്ക് ഗുരുതര പരിക്ക്. ഇവരെ കുഴിത്തല സർക്കാർ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ അഞ്ചു മണിയോടെ ആയിരുന്നു അപകടം.

ഹെറാ‍ൾഡ് മൺഡ്രോ ( 50), ഭാര്യ പ്രസില്ല , മകൻ രോഹിത്, ഹെറാൾഡിന്റെ സഹോദരൻ ഫതോറിൻ മൺഡ്രോ, മകൾ ഷാരോൺ ഹെറാൾഡിന്റെ ഇളയ സഹോദരൻ ആൽവിൻ മൺഡ്രോ ( 29), ഭാര്യ പ്രീമ ( 22) എന്നിവരാണ് മരിച്ചത്. രോഹൻ, ജെസ്മ, സൻവി എന്നിവർക്കു പരുക്കേറ്റു. കുടുംബാംഗങ്ങളുമായി കഴിഞ്ഞ നാലിന് മണ്ടെയ്ക്കാപ്പിൽ നിന്നും വേളാങ്കണ്ണിക്ക് പോയതായിരുന്നു സംഘം. വേളാങ്കണ്ണി തീർഥാടനം കഴിഞ്ഞശേഷം നാട്ടിലേക്ക് തിരിക്കുന്നതിനിടെ ഇവർ സഞ്ചരിച്ച കാറിൽ ലോറി ഇടിക്കുകയായിരുന്നു.

11 പേരടങ്ങുന്ന സംഘമാണ് യാത്ര തിരിച്ചത്. അപകടത്തിൽ ഏഴുപേരും തൽക്ഷണം മരിച്ചു. വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ലോറി ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് പറയുന്നു.