പാക് ഭീകരര്‍ ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും ആക്രമണം നടത്താന്‍ പദ്ധതിയിടുന്നു: അമേരിക്ക

Posted on: May 12, 2017 11:28 am | Last updated: May 12, 2017 at 1:17 pm

വാഷിംഗ്ടണ്‍: പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരര്‍ ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി അമേരിക്കയുടെ മുന്നറിയിപ്പ്. അമേരിക്കന്‍ രഹസ്യാനേഷണ വിഭാഗമായ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാനിയല്‍ കോട്‌സാണ് മുന്നറിയിപ്പ് നല്‍കിയത്. ഭീകരരെ സ്വന്തം മണ്ണില്‍ നിന്ന് തുടച്ചു നീക്കുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടു. യു എസുമായുള്ള ഇന്ത്യയുടെ ബന്ധവും രാജ്യാന്തരതലത്തില്‍ ഇന്ത്യയുടെ വളര്‍ച്ചയും പാക്കിസ്ഥാനെ ആശങ്കപ്പെടുത്തുന്നു. ഭീകരാക്രമങ്ങളില്‍ പരാജയപ്പെടുന്നതുകൊണ്ട് പാക്കിസ്ഥാന്‍ രാജ്യാന്തരതലത്തില്‍ ഒറ്റപ്പെടുകയാണ്. ഈ ഒറ്റപ്പെടലില്‍ നിന്ന് രക്ഷപ്പെടാന്‍ ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താനാണ് പാക്കിസ്ഥാന്റെ ശ്രമം. കഴിഞ്ഞ വര്‍ഷം പഠാന്‍കോട് വ്യോമ കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്റെ പങ്ക് തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്റലിജന്‍സ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സെനറ്റ് സെലക്ട് കമ്മിറ്റിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.