റഷ്യന്‍ ബന്ധം അന്വേഷിക്കുമെന്ന് എഫ് ബി ഐ പുതിയ മേധാവി

Posted on: May 12, 2017 8:59 am | Last updated: May 11, 2017 at 11:00 pm
എഫ് ബി ഐ മേധാവിയെ പുറത്താക്കിയ ട്രംപിന്റെ നടപടിയില്‍ പ്രതിഷേധിച്ച് വൈറ്റ് ഹൗസിന് മുന്നില്‍ നടന്ന പ്രക്ഷോഭം

വാഷിംഗ്ടണ്‍: റഷ്യയുമായുള്ള യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ഭരണകൂടത്തിലെ പ്രമുഖരുടെയും ബന്ധം സംബന്ധിച്ച അന്വേഷണം തുടരുമെന്ന് പുതിയ എഫ് ബി ഐ മേധാവി.

റഷ്യന്‍ ബന്ധത്തെ കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനാണ് ജെയിംസ് കോമിയെ പുറത്താക്കിയതെന്ന ആരോപണം പുകയുന്നതിനിടെയാണ് പുതുതായി ചുമതലയേറ്റ എഫ് ബി ഐ മേധാവി അന്‍ഡ്ര്യു മാക്കാബ് ഇക്കാര്യം വ്യക്തമാക്കിയത്. സെനറ്റ് കമ്മിറ്റിക്ക് നല്‍കിയ വിശദീകരണത്തിലാണ് കോമിയുടെ പിന്‍ഗാമി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍, തൃപ്തികരമായ അന്വേഷണം നടക്കുന്നുണ്ടെന്ന ഉറപ്പ് ലഭിക്കുന്നത് വരെ ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ പ്രക്ഷോഭവുമായി രംഗത്തുണ്ടാകും.

തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും റഷ്യയുമായി രഹസ്യ ബന്ധം പുലര്‍ത്തുകയും തിരഞ്ഞെടുപ്പ് പ്രക്രിയ ഹാക്ക് ചെയ്യുന്നതടക്കമുള്ള പ്രവൃത്തിയില്‍ ട്രംപും അനുയായികളും മുന്‍പന്തിയിലുണ്ടായിരുന്നുവെന്നാണ് ആരോപണം. ഇത് സംബന്ധിച്ച തെളിവുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.