Connect with us

Editorial

കശ്മീര്‍ സൈനിക ഓഫീസറുടെ വധം

Published

|

Last Updated

കശ്മീരില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. ബുര്‍ഹാന്‍ വാലിയുടെ വധത്തിന് ശേഷം ഉടലെടുത്ത സംഘര്‍ഷാവസ്ഥക്ക് അറുതിവരുത്താന്‍ ഇതുവരെ അധികൃതര്‍ക്കായിട്ടില്ല. അതിനിടെയാണ് കഴിഞ്ഞ ദിവസം തെക്കന്‍ കശ്മീരിലെ ഷോപ്പിയാനില്‍ യുവ സൈനിക ഓഫീസര്‍ ഉമര്‍ ഫയാസിനെ തട്ടിക്കൊണ്ടുപോയി വധിച്ചത്. ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ചൊവ്വാഴ്ച കുല്‍ഗാവിലേക്ക് പോയ അദ്ദേഹത്തിന്റെ മൃതദേഹം പിന്നീട് വെടിയുണ്ടകള്‍ തുളച്ചുകയറിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. അഞ്ച് മാസം മുമ്പാണ് ഫയാസ് സൈന്യത്തില്‍ ചേര്‍ന്നത്. കൊലയുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും തീവ്രവാദികളാണ് ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നത്.

പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അഭിപ്രായപ്പെട്ടത് പോലെ നിരായുധനായ ഒരു സൈനിക ഓഫീസറെ തട്ടിക്കൊണ്ടുപോയി കൊന്ന നടപടി ക്രൂരവും പൊറുപ്പിക്കാനാകാത്തതുമാണ്.
തീവ്രവാദികളെ പിടികൂടാന്‍ സൈന്യം പുതിയൊരു തിരച്ചില്‍ ദൗത്യം ആരംഭിച്ചിരിക്കെയാണ് ഉമര്‍ ഫയാസിന്റെ കൊലയെന്നത് ഞെട്ടിക്കുന്നതാണ്. സൈനിക നടപടിയെ ശക്തിയായി നേരിടുമെന്ന തീവ്രവാദികളുടെ മുന്നറിയിപ്പായി ഈ സംഭവം വിലയിരുത്തപ്പെടുന്നുണ്ട്. വരും നാളുകളില്‍ സ്ഥിതിഗതികള്‍ പൂര്‍വോപരി വഷളാകാനാണ് സാധ്യത. ബേങ്ക് കവര്‍ച്ചകളും സൈന്യത്തിനെതിരായ അക്രമങ്ങളും വര്‍ധിച്ച സാഹചര്യത്തിലാണ് സൈന്യം ഒരാഴ്ച മുമ്പ് തിരച്ചില്‍ ശക്തമാക്കിയത്. ഹെലികോപ്റ്ററുകളുടെയും ഡ്രോണുകളുടെയും സഹായത്തോടെ 4000 പേര്‍ വരുന്ന സൈനികവ്യൂഹം ഒളിത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടത്തിവരുന്നത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തിരച്ചിലാണിതെന്നാണ് സൈനിക കേന്ദ്രങ്ങള്‍ പറയുന്നത്. തീവ്രവാദികളെ സമ്മര്‍ദത്തിലാക്കി അവരുടെ സുരക്ഷിത സ്ഥാനങ്ങളില്‍ നിന്ന് പുറത്തുചാടിക്കുകയാണ് ലക്ഷ്യം.

കാശ്മീരില്‍ വീടുകള്‍ കയറിയുള്ള അന്വേഷണം 1990 ഓടെ സൈന്യം അവസാനിപ്പിച്ചതായിരുന്നു. സ്ത്രീകളെ പീഡിപ്പിക്കാനുള്ള അവസരമായി സൈനികര്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് അത് ഉപേക്ഷിച്ചിരുന്നത്. പുതുതായി ആരംഭിച്ച തിരച്ചില്‍ ദൗത്യത്തില്‍ വീടുകള്‍ തോറുമുള്ള അന്വേഷണവും നടന്നുവരുന്നുണ്ട്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ചില പ്രദേശങ്ങളില്‍ സൈന്യത്തിന്റെ നീക്കങ്ങളെ നാട്ടുകാര്‍ ചെറുക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനും ഏറ്റുമുട്ടലിനും ഇടയാക്കിയിട്ടുണ്ട്. അതിനിടെ മോഷണക്കുറ്റം ആരോപിച്ചു കസ്റ്റഡിയിലെടുത്ത യുവതിക്ക് നേരെ പോലീസ് സ്റ്റേഷനില്‍ നടന്ന ക്രൂരമായ പീഡനവും പ്രതിഷേധത്തിനിടയാക്കി. ഒരാഴ്ചയോളം എസ് ഐ ലൈംഗിക പീഡനത്തിന് വിധേയമാക്കുകയും കടുത്ത ക്രൂരതകള്‍ കാണിക്കുകയും ചെയ്തതായി യുവതി വെളിപ്പെടുത്തുന്നു. കസ്റ്റഡിയില്‍ ഒരു തുള്ളി വെള്ളം പോലും നല്‍കിയില്ലെന്നും വെള്ളം ചോദിച്ചപ്പോള്‍ പൊലീസുകാരുടെ മൂത്രം കുടിക്കാനാണ് പറഞ്ഞതെന്നുമാണ് ആരോപണം. അവരെ കാണാനെത്തിയ ഭര്‍ത്താവിന്റെ കാല്‍ പോലീസുകാര്‍ തല്ലിച്ചതച്ചെന്നും ഡല്‍ഹിയില്‍ നിര്‍ഭയക്ക് നേരിട്ടതിന് സമാനമായ പീഡനമാണ് ഈ യുവതിക്ക് നേരെ നടന്നതെന്നും അവരുടെ അഭിഭാഷകന്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിക്കുകയുണ്ടായി.

കശ്മീര്‍ പ്രശ്‌നത്തില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാറും ഇപ്പോഴും ശരിയായ പാതയിലല്ല സഞ്ചരിക്കുന്നത്. സൈനിക നടപടികള്‍ പരിഹാരമല്ലെന്ന് ഇക്കാലമത്രയുമുള്ള അനുഭവങ്ങള്‍ പഠിപ്പിച്ചിട്ടും പിന്നെയും സൈന്യത്തെ ഉപയോഗിച്ചുള്ള അടിച്ചമര്‍ത്തലുകള്‍ തുടരുന്നതിന്റെ ഔചിത്യമെന്താണ്? മുതിര്‍ന്ന ബി ജെ പി നേതാവ് യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തിലുള്ള പഠനസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ച പോലെ കശ്മീര്‍ ജനതയെ വിശ്വാസത്തിലെടുത്തുകൊണ്ട് അവരെ പങ്കാളികളാക്കിയുള്ള ചര്‍ച്ചകളിലൂടെയും നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്തും മാത്രമേ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാനാകുകയുള്ളൂ. മറിച്ചുള്ള നീക്കങ്ങള്‍ സര്‍ക്കാറിനോടും ഉദ്യോഗസ്ഥ വൃന്ദത്തോടുമുള്ള കശ്മീരികളുടെ വിശ്വാസ്യതയും കൂറും കൂടുതല്‍ നഷ്ടമാക്കാനേ ഇടവരുത്തൂ. അതിനേറ്റവും പുതിയ ഉദാഹരണമാണ് കഴിഞ്ഞ ഞായറാഴ്ച നടന്ന ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ അസ്ഹര്‍ മഹ്മൂദിന്റെയും ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദിയെന്ന് ആരോപിക്കുന്ന ഫയാസ് അഹ്മദ് ഐഷ്‌വറിന്റെയും ഖബറടക്ക ചടങ്ങുകളുടെ ദൃശ്യങ്ങള്‍. പോലീസുദ്യോഗസ്ഥന്റെ സംസ്‌കരണ ചടങ്ങില്‍ അദ്ദേഹത്തിന്റെ കുടുംബാഗങ്ങള്‍ മാത്രമായി വിരലിലെണ്ണാകുന്ന ഏതാനും പേര്‍ മാത്രമാണ് പങ്കാളികളായതെങ്കില്‍ ഹിസ്ബ് പ്രവര്‍ത്തകന്റെ സംസ്‌കരണ ചടങ്ങില്‍ പതിനായിരങ്ങളാണ് പങ്കെടുത്തതെന്ന് ദേശീയ മാധ്യമങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ സംഭവം അധികൃതരില്‍ തന്നെ ഞെട്ടലുളവാക്കിയിട്ടുണ്ട്. പോലീസിനെയും സൈന്യത്തെയും ആ നാട്ടുകാര്‍ വെറുക്കുന്നു എന്നല്ലേ ഈ ദൃശ്യങ്ങള്‍ നല്‍കുന്ന സൂചന? ഇന്ത്യന്‍ ഭരണകൂടത്തില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് കശ്മീരികള്‍ തുറന്നു പറഞ്ഞതായി സിന്‍ഹ റിപ്പോര്‍ട്ടിലും രേഖപ്പെടുത്തുന്നുണ്ട്.