Connect with us

Eranakulam

പൊതുമേഖലാ സ്ഥാപനങ്ങളുടെ അനുമതി വേണമെന്ന് പി എസ് സിയോട് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങളില്‍ യോഗ്യതയില്‍ ഇളവ് വരുത്താന്‍ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശം നടപ്പാക്കുന്ന സ്ഥാപനങ്ങളുടെ അനുമതിയോടെ വേണമെന്ന് പി എസ് സിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. ഇത്തരം നിര്‍ദേശങ്ങള്‍ ഉണ്ടായാല്‍ ഇളവനുവദിക്കാന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും, പി എസ് സിക്ക് ഇക്കാര്യത്തില്‍ ഏകപക്ഷീയമായി നടപടിക്ക് കഴിയില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

അര്‍ഹരായിട്ടും നിയമനം ലഭിക്കാതെ പോയവര്‍ക്ക് പട്ടികയുടെ കാലാവധി അവസാനിച്ചത് പരിഗണിക്കാതെ തന്നെ ഭാവിയില്‍ ഉണ്ടാകുന്ന ഒഴിവുകളില്‍ നിയമിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കെ എസ് ആര്‍ ടി സിയിലെ പെയിന്റര്‍ ഗ്രേഡ്- രണ്ട് തസ്തികയിലെ നിയമനവുമായി ബ
ന്ധപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. കെ എസ് ആര്‍ ടി സിയിലെ പെയിന്റര്‍ ഗ്രേഡ്-രണ്ട് തസ്തികയില്‍ യോഗ്യതയില്ലാത്ത ചില പട്ടിക വിഭാഗക്കാരെ നിയമിച്ചത് വിജ്ഞാപനത്തിന് വിരുദ്ധമായാണെന്നാണ് ഹരജിക്കാരന്‍ പ്രധാനമായും ഉന്നയിച്ചിരുന്നത്. കെ എസ് ആര്‍ ടി സിയില്‍ പെയിന്റര്‍ തസ്തികയിലേക്ക് നടത്തിയ നിയമനത്തിന് അടിസ്ഥാന യോഗ്യതയായി പി എസ് സി നിശ്ചയിച്ചിരുന്നത് എഴുതാനും വായിക്കാനുമുള്ള അറിവും നിറം ചേര്‍ക്കുന്നത് സംബന്ധിച്ച അവബോധവുമായിരുന്നു. ഒപ്പം അഞ്ച് വര്‍ഷത്തെ ജോലി പരിചയും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സാധ്യത പട്ടിക പ്രസിദ്ധീകരിക്കുകയും സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇതിനിടെ പ്രവൃത്തിപരിചയം സംബന്ധിച്ച് കര്‍ശന പരിശോധന വേണമെന്നും മാനദണ്ഡം പട്ടിക വിഭാഗക്കാര്‍ക്ക് ബാധകമല്ലെന്നുമുള്ള സര്‍ക്കുലര്‍ സര്‍ക്കാര്‍ പുറത്തിറക്കി. ഇതേതുടര്‍ന്ന് സാധ്യതാ പട്ടികയിലില്ലാത്തവരും നിയമന പട്ടികയില്‍ ഇടം പിടിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അനര്‍ഹരെ ഒഴിവാക്കി അര്‍ഹരായവരെ നിയമിക്കണമെന്ന ആവശ്യമുയര്‍ത്തി ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്.
പ്രക്രിയകള്‍ പൂര്‍ത്തിയാക്കിയശേഷം പട്ടിക വിഭാഗക്കാര്‍ക്കാണെങ്കിലും യോഗ്യതയില്‍ ഇളവനുവദിക്കുന്നത് ശരിയല്ലെന്ന് കോടതി വ്യക്തമാക്കി. മാത്രമല്ല യോഗ്യത ഇളവ് അനുവദിക്കാനുള്ള നിര്‍ദേശം നല്‍കിയത് പി എസ് സിക്ക് അല്ലെന്നും ബന്ധപ്പെട്ട സ്ഥാപനത്തിനാണെന്ന് ഒര്‍ക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ച് കെ എസ് ആര്‍ ടി സി ഇളവ് സംബന്ധിച്ച് തീരുമാനമെടുക്കുകയോ, ആവശ്യമുന്നയിക്കുകയോ ചെയ്തിട്ടില്ലെന്നിരിക്കെ സര്‍ക്കുലര്‍ പി എസ് സി ഏകപക്ഷീമായമായാണ് നടപ്പാക്കിയതെന്നും കോടതി വ്യക്തമാക്കി.
കോഴിക്കോട് സ്വദേശി കെ പി പ്രദീപനടക്കം അഞ്ച് ഉദ്യോഗാര്‍ഥികളാണ് ഇതുസംബന്ധിച്ച ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

Latest