Connect with us

Gulf

ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഗ്രീന്‍ ബേങ്ക് വായ്പയുമായി ഊര്‍ജ മന്ത്രാലയം

Published

|

Last Updated

ഗ്രീന്‍ ബേങ്ക് പദ്ധതി ഊര്‍ജ മന്ത്രി സുഹൈല്‍ മുഹമ്മദ് ഫറജ് അല്‍ മസ്‌റൂഇ പ്രഖ്യാപിക്കുന്നു

ദുബൈ: കാര്‍ബണ്‍ മലിനീകരണം തടയുന്നതിനായി ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതിയുമായി ഊര്‍ജ മന്ത്രാലയം. കാര്‍ബണ്‍ പ്രസരണം പൂജ്യ ശതമാനം വരുന്ന ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിനായി ഗ്രീന്‍ ബേങ്ക് ലോണ്‍, ഗ്രീന്‍ ഇന്‍ഷ്വറന്‍സ് പ്ലാന്‍ തുടങ്ങിയ പദ്ധതികളാണ് മന്ത്രാലയം മുന്നോട്ടുവെച്ചിരിക്കുന്നത്. എമിറേറ്റ്‌സ് ടവറില്‍ ഊര്‍ജ മന്ത്രി സുഹൈല്‍ മുഹമ്മദ് ഫറജ് അല്‍ മസ്‌റൂഇയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ലോണ്‍ സംബന്ധമായ വിവരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.

രാജ്യത്തെ ഫെഡറല്‍ മന്ത്രാലയങ്ങളിലെയും വിവിധ സ്ഥാപനങ്ങളിലെയും 10 ശതമാനം വാഹനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളാക്കാന്‍ മന്ത്രി ആഹ്വാനം ചെയ്തു. ദീര്‍ഘകാല പദ്ധതിയില്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങളിലെ വാഹനങ്ങളില്‍ 20 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാക്കും. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇതിനോടകം പ്രകൃതി സൗഹൃദ ഇന്ധന വാഹനങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. 2020ഓടെ കാര്‍ബണ്‍ മാലിന്യം 15 ശതമാനം കുറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
പുതിയ പദ്ധതി ഉപഭോക്താക്കള്‍ക്ക് വളരെ സഹായകരമാണെന്ന് മന്ത്രി പറഞ്ഞു. കാര്‍ വാങ്ങുന്നതിനായി ബേങ്ക്, കാര്‍ കമ്പനി, ഇന്‍ഷ്വറന്‍സ് കമ്പനി എന്നിവ സഹായിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് അധിക സാമ്പത്തിക ചെലവില്ലെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകളുണ്ടെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിനോടനുബന്ധിച്ച് കാര്‍ കമ്പനികളായ ടെസ്‌ല, ബി എം ഡബ്ല്യു, റെനോള്‍ട്, ടൊയോട്ട തുടങ്ങിയവ തങ്ങളുടെ ഇലക്ട്രിക് കാറുകള്‍ പ്രദര്‍ശിപ്പിച്ചു. സെപ്തംബറോടെ റെനോള്‍ട് തങ്ങളുടെ പുതിയ ഇലക്ട്രിക് കാര്‍ യു എ ഇയില്‍ അവതരിപ്പിക്കും. ജൂലൈയില്‍ ടെസ്‌ല ദുബൈയില്‍ പുതിയ സര്‍വീസ് സെന്ററും ഷോറൂമും ആരംഭിക്കും. ശേഷം അബുദാബിയിലും ഷോറൂം തുറക്കും. ദുബൈയില്‍ പുതിയ സര്‍വീസ് സെന്ററും ഷോറൂമും ആരംഭിക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ലോക ഭരണകൂട ഉച്ചകോടിയില്‍ ടെസ്‌ല മോട്ടോര്‍സ് സ്ഥാപകനും സി ഇ ഒയുമായ ഇലോന്‍ മസ്‌ക് പ്രഖ്യാപിച്ചിരുന്നു.

ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ ടി എ)ക്ക് ടെസ്‌ലയുടെ 200 ഇലക്ട്രിക് കാറുകള്‍ നല്‍കാന്‍ ഇതിനോടകം ധാരണയായിട്ടുണ്ട്. ദുബൈ ടാക്‌സി കോര്‍പറേഷന് വേണ്ടി ടെസ്‌ല എസ് സെഡന്‍സ്, എക്‌സ് എസ് യു വി എസ് കാറുകളാണ് വാങ്ങുക. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാടനുസരിച്ച് ദുബൈയെ ഹരിത സൗഹൃദ സ്മാര്‍ട് സിറ്റിയാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ ആര്‍ ടി എ ഡയറക്ടര്‍ ജനറലും എക്‌സിക്യുട്ടീവ് ഡയറക്‌ടേഴ്‌സ് ബോര്‍ഡ് ചെയര്‍മാനുമായ മതര്‍ അല്‍ തായര്‍ പ്രഖ്യാപിച്ചിരുന്നു.

പട്രോളിംഗിനായി കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായി ദുബൈ പോലീസിന്റെ പട്രോളിംഗ് വാഹന നിരയിലേക്ക് ബി എം ഡബ്ല്യു ഇലക്ട്രിക് കാറും ഇന്നലെ എത്തി. ദുബൈ പോലീസ് മേധാവി”മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി കാര്‍ ലോഞ്ചിംഗ് നടത്തി. ശേഷം പോലീസ് മേധാവിയും അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീനും കാര്‍ ടെസ്റ്റ് ഡ്രൈവ് നടത്തി.
അതേസമയം ഊര്‍ജ മന്ത്രി പ്രഖ്യാപിച്ച പദ്ധതി പ്രോത്സാഹിപ്പിക്കാനാവശ്യമായ കാര്യങ്ങളെല്ലാം ചെയ്യുമെന്ന് ദുബൈ ഊര്‍ജ ഉന്നതാധികാര സമിതി ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം പറഞ്ഞു. ദുബൈ നിരത്തുകളില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൊണ്ടുവരാന്‍ പ്രോത്സാഹനം നല്‍കുമെന്നും ശൈഖ് അഹ്മദ് പറഞ്ഞു. ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദിവ)യും ദുബൈ നഗരസഭയും ഇതിനെ പിന്തുണക്കും.
പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ 10 ശതമാനം ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളായിരിക്കണമെന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ദുബൈ ഊര്‍ജ ഉന്നതാധികാര സമിതി നിര്‍ദേശം നല്‍കിയിരുന്നു. 2020ഓടെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മൊത്തം വാഹനങ്ങളില്‍ രണ്ട് ശതമാനം ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളാക്കാനാണ് ലക്ഷ്യം. 2030ല്‍ ഇത് 10 ശതമാനമാക്കും. ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലൂടെ 2021ഓടെ ദുബൈയിലെ കാര്‍ബണ്‍ മലിനീകരണത്തിന്റെ അളവ് 19 ശതമാനം കുറക്കാന്‍ സഹായിക്കും.
കാര്‍ബണ്‍ പ്രസരണം തടയുന്നതിനായി 10 കരാറുകള്‍ മന്ത്രി സുഹൈല്‍ അല്‍ മസ്‌റൂഇ ഒപ്പുവെച്ചിരുന്നു. അഞ്ചെണ്ണം അബുദാബി എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ടുമായും അഞ്ചെണ്ണം പച്ചപ്പുള്ള റോഡുകള്‍ നിര്‍മിക്കുന്നതിനുമായാണ്.

Latest