എട്ട് വയസ്സുകാരിയുടെ ശിരോവസ്ത്രം കീറിയ അധ്യാപകനെ പുറത്താക്കി

Posted on: May 11, 2017 7:53 am | Last updated: May 11, 2017 at 11:55 am

ന്യൂയോര്‍ക്ക്: ക്ലാസില്‍ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് എട്ട് വയസകാരിയുടെ ശിരോവസ്ത്രം വലിച്ചുകീറിയ അമേരിക്കന്‍ സ്‌കൂളിലെ അധ്യാപകനെ പുറത്താക്കി. ബ്രോനക്‌സിലെ ബെനിംഗ്ടണ്‍ സ്‌കൂളിലെ 31കാരനായ അധ്യാപകന്‍ ഒഗ്‌ഹെനിറ്റിഗ ഇദയയെയാണ് പുറത്താക്കിയത്. അനുവാദമില്ലാതെ പെണ്‍കുട്ടി തന്റെ കസേരയിലിരുന്നുവെന്ന് ആരോപിച്ചാണ് ശിരോവസ്ത്രം വലിച്ചുകീറിയത്.

ശിരോവസ്ത്രം വലിച്ചുനീക്കുന്നതിനിടെ അധ്യാപകന്റെ കൈകൊണ്ട് പെണ്‍കുട്ടിയുടെ കണ്ണിന് പരുക്കേല്‍ക്കുകയുമുണ്ടായി. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കോര്‍ണിയക്ക് പരുക്കേറ്റിട്ടില്ലെന്ന് കണ്ടെത്തി.
അധ്യാപകന്റെ നടപടി അംഗീകരിക്കാനാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വക്താവ് മൈക്കല്‍ അസിമാന്‍ പ്രസ്താവനയില്‍ പറഞ്ഞു. അധ്യാപകനെ പുറത്താക്കിയതായും പ്രസ്താവനയില്‍ പറയുന്നുണ്ട്.