ഉത്തര കൊറിയയുമായി ചര്‍ച്ചക്ക് തയ്യാര്‍: മൂണ്‍

Posted on: May 11, 2017 11:45 am | Last updated: May 11, 2017 at 11:52 am
സത്യപ്രതിജ്ഞക്ക് ശേഷം അനുയായികളെ അഭിവാദ്യം ചെയ്യുന്ന മൂണ്‍ ജേ ഇന്‍

സിയൂള്‍: 12ാമത് ദക്ഷിണ കൊറിയന്‍ പ്രസിഡന്റായി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മൂണ്‍ ജേ ഇന്‍ അധികാരമേറ്റു. തലസ്ഥാനമായ സിയൂളിലെ ദേശീയ അസംബ്ലി കെട്ടിടത്തില്‍ വളരെ ലളിതമായ ചടങ്ങില്‍വെച്ചായിരുന്നു മൂണിന്റെ സത്യപ്രതിജ്ഞ. സമാധാനത്തിന് വേണ്ടി ഏതറ്റംവരെയും പോകുമെന്നും നയതന്ത്ര, സാമ്പത്തിക കാര്യങ്ങളില്‍ ഉത്തര കൊറിയയുമായി സഹകരിക്കാന്‍ തയ്യാറാണെന്നും സത്യപ്രതിജ്ഞക്ക് ശേഷം മൂണ്‍ വ്യക്തമാക്കി. കൊറിയന്‍ മേഖലയില്‍ നിലവിലുള്ള യുദ്ധ ഭീതി ഒഴിവാക്കി സമാധാനം പുനഃസ്ഥാപിക്കാനായി ഉത്തര കൊറിയ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും മൂണ്‍ വ്യക്തമാക്കി.

അമേരിക്കയുടെ നേതൃത്വത്തില്‍ ഉത്തര കൊറിയക്കെതിരെ ആക്രമണത്തിനുള്ള ശ്രമം നടക്കുന്നതിനിടെയാണ് ദക്ഷിണ കൊറിയയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതും മിതവാദിയായ മൂണ്‍ വന്‍ വിജയം നേടിയതും. അമേരിക്കയുടെ സൈനിക, നയതന്ത്ര ഇടപെടലിനെ ശക്തമായി എതിര്‍ക്കുകയും ഉത്തര കൊറിയയുമായി സൗഹൃദം ആഗ്രഹിക്കുകയും ചെയ്യുന്ന മൂണിന്റെ വിജയം ട്രംപിന്റെ യുദ്ധക്കൊതിക്കുള്ള ദക്ഷിണ കൊറിയന്‍ ജനതയുടെ മറുപടി കൂടിയാണ്. 13 സ്ഥാനാര്‍ഥികള്‍ മത്സരിച്ച തിരഞ്ഞെടുപ്പില്‍ 41.1 ശതമാനത്തിന്റെ വോട്ട് മൂണിന് ലഭിച്ചു. രണ്ട് പതിറ്റാണ്ടിന് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ വിജയം കൂടിയാണിത്. പ്രധാന എതിരാളിയായ ഹോംഗ് ജൂണ്‍ പ്യോക്ക് കേവലം 25.5 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.
ഉത്തര കൊറിയയെ നേരിടാന്‍ അമേരിക്കയുമായി കാലങ്ങളായി മികച്ച സൈനിക സഹകരണം പുലര്‍ത്തുന്ന ദക്ഷിണ കൊറിയന്‍ രീതി മൂണിന്റെ വരവോടെ അവസാനിക്കും. രാജ്യത്ത് അമേരിക്കയുടെ മിസൈല്‍ പ്രതിരോധ സംവിധാനം ആരംഭിക്കാനുള്ള നീക്കം മൂണ്‍ അനുവദിക്കില്ല. ഉത്തര കൊറിയയുമായി പ്രകോപനപരമായ സമീപനമല്ല വേണ്ടതെന്ന് തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മുന്‍ മനുഷ്യാവകാശ അഭിഭാഷകന്‍ കൂടിയായ മൂണിന്റെ വരവില്‍ യു എന്‍ അടക്കമുള്ള സംഘടനക്ക് ഏറെ പ്രതീക്ഷയുണ്ട്. കാലങ്ങളായി കൊറിയന്‍ മേഖലയില്‍ നിലനില്‍ക്കുന്ന യുദ്ധഭീതി മൂണ്‍ അധികാരമേല്‍ക്കുന്നതോടെ അവസാനിക്കുമെന്നാണ് ലോക മനുഷ്യാവകാശ സംഘടനകള്‍ ഉറച്ച് വിശ്വസിക്കുന്നത്. ഇക്കാര്യത്തില്‍ ഇവരുടെ പിന്തുണ മൂണിനുണ്ടാകും.