Connect with us

Gulf

യുവതയുടെ അഭിവൃദ്ധിക്ക് ഉന്നത വിദ്യാഭ്യാസ മേഖല ശക്തിപ്പെടണം: ശൈഖ് ഹുമൈദ്‌

Published

|

Last Updated

അജ്മാന്‍ സിറ്റി യൂണിവേഴ്‌സിറ്റി കോളജ് രണ്ടാമത് ബിരുദദാന ചടങ്ങില്‍ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമി, യു എ ഇ സാംസ്‌കാരിക-വൈജ്ഞാനിക വികസന മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍, ദുബൈ ജനറല്‍ സെക്യൂരിറ്റി മേധാവി ലെഫ്. ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം തുടങ്ങിയവര്‍

അജ്മാന്‍: മാനവ വിഭവശേഷി വികസനത്തിലും ഉന്നത വിദ്യാഭ്യാസത്തിലും സുപ്രധാന പങ്കാണ് അജ്മാന്‍ സിറ്റി യൂണിവേഴ്‌സിറ്റി കോളജ് വഹിക്കുന്നതെന്ന് സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമി പ്രസ്താവിച്ചു. യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനും വിവിധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് നാളത്തെ തലമുറയെ കൈപിടിച്ചുയര്‍ത്താനും ദേശീയ മാനവ വിഭവ ശേഷി വികസിപ്പിക്കുന്നതിനും ഉന്നത തലത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും മികച്ച അക്കാദമിക് പാഠ്യപദ്ധതികളും വേണമെന്ന് ശൈഖ് ഹുമൈദ് പറഞ്ഞു. അജ്മാന്‍ സിറ്റി യൂണിവേഴ്‌സിറ്റി കോളജ് രണ്ടാമത് ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഭരണാധികാരി. യു എ ഇ യുവതക്ക് രാജ്യത്തിന്റെ ഭരണാധികാരികള്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. വികസനോന്മുഖമായ സമൂഹത്തെ സൃഷ്ടിച്ചെടുക്കേണ്ടവരും നാളെയെ നയിക്കേണ്ടവരുമാണവര്‍.

354 വിദ്യാര്‍ഥികള്‍ ബിരുദം നേടി. ദുബൈ ജനറല്‍ സെക്യൂരിറ്റി മേധാവി ലെഫ്. ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ അജ്മാന്‍ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി, യു എ ഇ സാംസ്‌കാരിക-വൈജ്ഞാനിക വികസന മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍, യൂണിവേഴ്‌സിറ്റിയുടെയും അജ്മാന്‍ നഗരസഭയുടെയും ചെയര്‍മാനായ ശൈഖ് റാശിദ് ബിന്‍ ഹുമൈദ് അല്‍ നുഐമി, അജ്മാന്‍ റൂളേഴ്‌സ് കോര്‍ട് ചെയര്‍മാന്‍ ഡോ. മാജിദ് ബിന്‍ സഈദ് അല്‍ നുഐമി, അജ്മാന്‍ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി തുടങ്ങിയവര്‍ സംബന്ധിച്ചു.

യൂണിവേഴ്‌സിറ്റി കോളജിനും എമിറേറ്റിന്റെ വളര്‍ച്ചക്കും യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവരും മറ്റു എമിറേറ്റുകളിലെ ഭരണാധികാരികളും നിസ്സീമമായ പിന്തുണയാണ് നല്‍കുന്നതെന്ന് ഈയവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നുവെന്ന് ശൈഖ് ഹുമൈദ് ചടങ്ങില്‍ പറഞ്ഞു.

---- facebook comment plugin here -----

Latest