കാശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ സൈനിക ഓഫീസര്‍ ഉമര്‍ ഫയാസ് കൊല്ലപ്പെട്ട നിലയില്‍

Posted on: May 10, 2017 11:18 am | Last updated: May 11, 2017 at 10:11 am
SHARE

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രി ഭീകരര്‍ തട്ടിക്കൊണ്ടുപോയ സൈനിക ഓഫീസര്‍ ഉമര്‍ ഫയാസിന്റെ മൃതദേഹം കണ്ടെത്തി. വെടിയുണ്ടകളേറ്റ നിലയില്‍ ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. തെക്കന്‍ കശ്മീരിലെ ഷോപിയാന്‍ ജില്ലയിലുള്ള ഹെര്‍മന്‍ പ്രദേശത്ത് ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.

ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ചൊവ്വാഴ്ച രാത്രി ദക്ഷിണ കാശ്മീരിലെ കുല്‍ഗാമിലേക്ക് പോയതായിരുന്നു ഈ ഉദ്യോഗസ്ഥന്‍. അടുത്തിടെയാണ് ഇയാള്‍ സൈന്യത്തില്‍ ചേര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഷോപിയാനില്‍ സൈനിക ഓഫീസര്‍ താമസിച്ച സ്ഥലത്തുനിന്നാണ് ഭീകരര്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിമുതല്‍ അദ്ദേഹത്തെ കാണാതായിരുന്നു. എന്നാല്‍ കുടുംബാംഗങ്ങള്‍ ഈ വിവരം അധികൃതരെ അറിയിച്ചിരുന്നില്ല. ഭീകരര്‍ അദ്ദേഹത്തെ മോചിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍.

സംഭവത്തെക്കുറിച്ച് സൈന്യവും പൊലീസും വിശദമായ അന്വേഷണം തുടങ്ങി. കശ്മീരില്‍ സ്ഥിതിഗതികള്‍ വഷളായി തുടരുന്നതിനിടെയാണ് സൈനിക ഓഫീസറെ ഭീകരര്‍ തട്ടിക്കൊണ്ടുപോയശേഷം വധിച്ചത്. അടുത്തിടെ പാക് സൈന്യത്തിന്റെ വെടിവെപ്പില്‍ മരിച്ച രണ്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ അതിര്‍ത്തി കടന്നെത്തിയ പാക് സൈനികര്‍ വികൃതമാക്കിയ സംഭവം കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ഷോപിയാനില്‍ കഴിഞ്ഞയാഴ്ച സുരക്ഷാസൈന്യം ഭീകരര്‍ക്കുവേണ്ടി വ്യാപക തെരച്ചില്‍ നടത്തിയിരുന്നു. ഹെലിക്കോപ്റ്ററുകള്‍ അടക്കമുള്ളവയുടെ സഹായത്തോടെയാണ് 20 ഓളം ഗ്രാമങ്ങളില്‍ ഒരേസമയം തെരച്ചില്‍ നടത്തിയത്. തിരച്ചിലിനുശേഷം മടങ്ങിയ സുരക്ഷാ സൈനികര്‍ക്കുനേരെ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ ഒരു െ്രെഡവര്‍ കൊല്ലപ്പെടുകയും രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്കുശേഷം ഒരു പൊലീസ് ഉദ്യോഗസ്ഥനെ അനന്തനാഗില്‍ ഭീകരര്‍ വധിച്ചിരുന്നു. കുല്‍ഗാമിലെ ബാങ്കില്‍ പണം എത്തിച്ച് മടങ്ങിയ വാന്‍ ആക്രമിച്ച ഭീകരര്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെയും വധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here