ദ. കൊറിയയില്‍ സമാധാനത്തിന്റെ ‘ചന്ദ്രന്‍’ ഉദിച്ചു

Posted on: May 10, 2017 11:09 am | Last updated: May 10, 2017 at 11:09 am
SHARE
വിജയം ഉറപ്പിച്ച ശേഷം അനുയായികളെ അഭിവാദ്യം ചെയ്യുന്ന ഡെമോക്രാറ്റിക് നേതാവ് മൂണ്‍ ജെ ഇന്‍

സിയൂള്‍: യുദ്ധത്തിനും അഴിമതിക്കും അമേരിക്കയുമായുള്ള പരിധിവിട്ട സഹകരണത്തിനും ജനാധിപത്യ മാര്‍ഗത്തിലൂടെ മറുപടി കൊടുത്ത് ദക്ഷിണ കൊറിയന്‍ ജനത രാജ്യത്തിന്റെ 12ാം പ്രസിഡന്റായി മൂണ്‍ ജേ ഇന്നിനെ തിരഞ്ഞെടുത്തു. 13 സ്ഥാനാര്‍ഥികള്‍ മത്സരിച്ച തിരഞ്ഞെടുപ്പില്‍ 40 ശതമാനം വോട്ടുകള്‍ വാങ്ങിയാണ് മിതവാദിയും യു എസ് വിരുദ്ധനുമായ ജേ ഇന്‍ വിജയിച്ചത്.

അഴിമതി ആരോപണത്തെ തുടര്‍ന്ന് ഇംപീച്ച്‌മെന്റ് നടപടി നേരിട്ട മുന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹെയ്‌ക്കെതിരായ ജനകീയ വിധിയെഴുത്താണ് തിരഞ്ഞെടുപ്പില്‍ കാണാനായത്. 2012ലെ തിരഞ്ഞെടുപ്പില്‍ പാര്‍ക്കിനോട് നേരിയ വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയം ഏറ്റുവാങ്ങിയ മൂണിന്റെ മധുരപ്രതികാരം കൂടിയാണ് ഈ തിരഞ്ഞെടുപ്പ് വിജയം. അനൗദ്യോഗിക കണക്കനുസരിച്ച് 41.4 ശതമാനം വോട്ട് മൂണിന് ലഭിച്ചപ്പോള്‍ പ്രധാന എതിരാളിയായ യാഥാസ്ഥിതികനായ ഹോംഗ് ജൂണ്‍ പ്യോക്ക് കേവലം 23.3 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
ഉത്തര കൊറിയയുമായുള്ള പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും അമേരിക്കയുടെ ഇടപെടല്‍ തടയണമെന്നും തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് വ്യക്തമാക്കിയ മൂണിന്റെ ഭരണം മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് സഹായകമാകുമെന്ന് നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നു. കൂടുതല്‍ ആര്‍ഭാടങ്ങളില്ലാതെ വളരെ ലളിതമായ ചടങ്ങില്‍ മൂണ്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
മുന്‍ പ്രസിഡന്റ് പാര്‍ക്കിന്റെ ഇംപീച്ച്‌മെന്റോട് കൂടെ കലുഷിതമായ രാജ്യത്തെ രാഷ്ട്രീയ രംഗം ശാന്തമാക്കി ഭരണകാര്യങ്ങളില്‍ ഇടപെടുകയെന്ന ദൗത്യമാണ് മൂണിന് പ്രഥമമായി നിര്‍വഹിക്കാനുള്ളത്. പാര്‍ലിമെന്റ് അംഗീകാരം ലഭിക്കേണ്ട പുതിയ പ്രധാനമന്ത്രിയെ സത്യപ്രതിജ്ഞ ചെയ്യുന്ന സമയം തന്നെ മൂണ്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. കൂടാതെ ദേശീയ സുരക്ഷ, ധനകാര്യം തുടങ്ങിയ മേഖലയിലെ കാബിനറ്റ് മന്ത്രിമാരെയും ഉടന്‍ നിയമിക്കും. ഉത്തര കൊറിയയുമായി നിലനില്‍ക്കുന്ന യുദ്ധഭീതി ഒഴിവാക്കി ആഭ്യന്തര വികസനവും അഴിമതിമുക്ത രാജ്യവുമാണ് മൂണിന്റെ സ്വപ്‌നം. എന്നാല്‍ പാര്‍ലിമെന്റില്‍ വ്യക്തമായ ഭൂരിപക്ഷമില്ലാത്ത മൂണിന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് പ്രയാസമുണ്ടായേക്കും. മറ്റ് പാര്‍ട്ടികളുമായി സഖ്യത്തിലാകാന്‍ തനിക്ക് താത്പര്യമില്ലെന്ന് മൂണ്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
കടുത്ത യു എസ് വിരുദ്ധ നിലപാട് തിരഞ്ഞെടുപ്പിന് മുമ്പേ വ്യക്തമാക്കിയ മൂണിന് അമേരിക്കയുടെ ഇടപെടല്‍ ഒഴിവാക്കുകയെന്നത് ഏറെ പ്രയാസകരമായ ദൗത്യമായിരിക്കും. ഉത്തര കൊറിയയെ നേരിടാനെന്ന പേരില്‍ ദക്ഷിണ കൊറിയയിലെ ജനവാസ കേന്ദ്രത്തില്‍ നിര്‍മിക്കുന്ന മിസൈല്‍പ്രതിരോധ സംവിധാനം ഇല്ലാതാക്കാനുള്ള ശ്രമമായിരിക്കും മൂണ്‍ തുടക്കത്തില്‍ നടത്തുക.

64കാരനായ മൂണ്‍ മുന്‍ മനുഷ്യാവകാശ അഭിഭാഷകന്‍ കൂടിയാണ്. മുന്‍ പ്രസിഡന്റ് റോഹ് മൂ ഹ്യൂന്റെ സന്തത സഹചാരിയായിരുന്ന മൂണിന് ഭരണതലത്തില്‍ തികഞ്ഞ അവഗാഹമുണ്ട്. ഉത്തര കൊറിയയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനായി ആരംഭിച്ച ‘വെയില്‍ നയ’ ത്തിന്റെ പിന്നിലെ പ്രധാനിയും മൂണായിരുന്നു. കൊറിയന്‍ മേഖലയിലെ സുരക്ഷ ശക്തമാക്കാന്‍ ഉത്തര കൊറിയയുമായുള്ള നയതന്ത്രബന്ധം സ്ഥാപിക്കലാണെന്ന ഉറച്ച വിശ്വാസമാണ് മൂണിനുള്ളത്. മൂണിന്റെ വരവോടെ ഉത്തര കൊറിയ ശാന്തമാകുമെങ്കില്‍ അമേരിക്കക്ക് ഇത് അലോസരമായി മാറും.

LEAVE A REPLY

Please enter your comment!
Please enter your name here