വോട്ടിംഗ് മെഷീനിലെ കൃത്രിമം ഡല്‍ഹി നിയമസഭയില്‍ തെളിയിച്ച് ആം ആദ്മി പാര്‍ട്ടി

Posted on: May 9, 2017 9:01 pm | Last updated: May 10, 2017 at 11:41 am

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ കൃത്രിമം ഡല്‍ഹി നിയമസഭയില്‍ തെളിയിച്ച് ആം ആദ്മി പാര്‍ട്ടി. ഡല്‍ഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ എഎപി എംഎല്‍എ സൗരഭ് ഭരദ്വാജാണ് വോട്ടിംഗ് മെഷീനുമായി നിയമസഭയില്‍വന്നത്. വോട്ടിംഗ് മെഷീനില്‍ ഒരു രഹസ്യ കോഡ് നല്‍കിയാല്‍ പോള്‍ ചെയ്യുന്ന എല്ലാ വോട്ടും ഒരു കക്ഷിക്ക് കിട്ടുമെന്ന് ഭരദ്വാജ് മെഷീന്‍ പ്രവര്‍ത്തിപ്പിച്ച് കാണിച്ചു. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി ഇതാണ് ചെയ്തതെന്ന് ഭരദ്വാജ് ആരോപിച്ചു. എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മിഷന്റെ സുരക്ഷാ പരിധിക്കു പുറത്തുള്ള ഒരു വോട്ടിംഗ് മെഷീനും തങ്ങളുടേതല്ലെന്നും ഭരദ്വാജ് ഉപയോഗിച്ച യന്ത്രം തിരഞ്ഞെടുപ്പ് കമ്മിഷന്റേതല്ലന്നും കമ്മീഷന്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമാക്കുന്നത് എങ്ങനെയാണെന്നും സൗരഭ് ഭരദ്വാജ് നിയമസഭയില്‍ വിശദീകരിച്ചു.

എഎപി (10), ബിഎസ്പി (2), ബിജെപി (3), കോണ്‍ഗ്രസ് (2), എസ്പി (2) എന്നിങ്ങനെയാണ് പരീക്ഷണ വോട്ടിംഗില്‍ പാര്‍ട്ടികള്‍ പോള്‍ ചെയ്ത വോട്ട്. എന്നാല്‍, (വോട്ടിംഗ് മെഷീന്‍ ഇവിഎം)ല്‍ വന്ന ഫലം അനുസരിച്ച് ബിജെപിക്ക് മാത്രം 11 വോട്ടും മറ്റുള്ളവര്‍ക്ക് കേവലം രണ്ട് വോട്ടുകളുമാണ് ലഭിച്ചത്. ഒരു പ്രത്യേക കോഡ് ഉപയോഗിച്ചാണ് വോട്ടിംഗ് മെഷീന്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇതിലാണ് കൃത്രിമത്വം നടത്തുന്നതെന്നും എഎപി എംഎല്‍എ വിശദീകരിച്ചു.