സമുദ്ര സമ്പത്തുകള്‍ക്കായി ഗവേഷണത്തിന് പദ്ധതി

Posted on: May 9, 2017 6:30 pm | Last updated: May 9, 2017 at 8:08 pm
SHARE

ദോഹ: രാജ്യത്തിന്റെ സമുദ്ര സമ്പത്തിനെയും വെള്ളത്തിനടിയിലെ രഹസ്യങ്ങളും കണ്ടെത്തുന്നതിനും പഠനം നടത്തുന്നതിനും പഞ്ചവത്‌സര പദ്ധതി. ഖത്വര്‍ മ്യൂസിയംസ്, ഖത്വര്‍ യൂനിവേഴ്‌സിറ്റി എന്നിവയുടെ നേതൃത്വത്തില്‍ കാനഡയിലെ യോര്‍ക്ക് യൂനിവേഴ്‌സിറ്റിയുടെയും ഇറ്റാലിയന്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെയും സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആശയത്തിനു തുടക്കമാകും.

രാജ്യ ചരിത്രത്തില്‍ സമുദ്ര ഗവേഷണം അപൂര്‍വ സംഭവമാണ്. മൂന്ന് വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഖത്വറില്‍ ഒരു കാലത്ത് പ്രധാന വരുമാന മാര്‍ഗം സമുദ്രകേന്ദ്രീകൃത വ്യവസായവും തൊഴിലുമായിരുന്നു. മീന്‍പിടിത്തത്തെയും മുത്തു വാരലിനെയും ആശ്രയിച്ചു കഴിഞ്ഞിരുന്ന കാലം അവസാനിച്ചുവെങ്കിലും സമുദ്രത്തിനടിയില്‍ ഇപ്പോഴും നിരവധി രഹസ്യങ്ങള്‍ ഒളിഞ്ഞു കിടക്കുന്നുണ്ടെന്ന് വിദഗ്ധര്‍ പറുന്നു.
മത്‌സ്യങ്ങള്‍, കടല്‍പ്പന്നികള്‍, മറ്റ് ജന്തുക്കള്‍ എന്നിവക്കു പുറമേ അപൂര്‍വമായ പവിഴപ്പുറ്റുകളും ഗവേഷണ പരിധിയില്‍ വരും. രാജ്യത്തിന്റെ ഭൂതകാലത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും അതിനെ ഭാവിയുമായി ബന്ധിപ്പിക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്നാണു പ്രതീക്ഷയെന്ന് ഖത്വര്‍ യൂനിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. ഹസന്‍ ബിന്‍ റാശിദ് അല്‍ ദിര്‍ഹം പറഞ്ഞു.

പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ പ്രാദേശിക, അന്താരാഷ്ട്ര വിദഗ്ധര്‍ സമുദ്രത്തിന്റെ പുരാവസ്തു സ്വഭാവങ്ങള്‍ പഠന വിധേയമാക്കും. ഖത്വറിലെ മുങ്ങല്‍ വിദഗ്ധരെയും ഇതിന്റെ ഭാഗമാക്കും. ഗവേഷണം പൂര്‍ത്തീകരണത്തിലെത്തുമ്പോഴേക്കും രാജ്യത്തിന്റെ സമുദ്രത്തിനടയിലുള്ള പുരാവസ്തു കേന്ദ്രങ്ങളെക്കുറിച്ചുള്ള വിശദമായ രേഖ തയ്യാറാവും. അവയുടെ ലൊക്കേഷന്‍ മാപ്പ് ചെയ്യുകയും പൊതുജനങ്ങള്‍ക്ക് കൂടി അത് പ്രാപ്യമാവുമോ എന്നു പരിശോധിക്കുകയും ചെയ്യും.
ആധുനിക റിമോട്ട് സെന്‍സര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് വെള്ളത്തിനടിയിലെ സാംസ്‌കാരിക പൈതൃക കേന്ദ്രങ്ങളുടെ ഡിജിറ്റല്‍ ആര്‍ക്കൈവ് മാപിംഗ് തയ്യാറാക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. പ്രജനന, മല്‍സ്യബന്ധന കാലങ്ങളെക്കുറിച്ചും സമുദ്ര ജീവിതത്തിന്റെ മറ്റു വശങ്ങളെക്കുറിച്ചും വിശദമായ വിവരങ്ങള്‍ നല്‍കാനും പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here