വിദ്യാര്‍ഥിനികളുടെ വസ്ത്രമഴിച്ച് പരിശോധന: കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി

Posted on: May 9, 2017 12:19 pm | Last updated: May 9, 2017 at 12:19 pm

തിരുവനന്തപുരം: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥികളുടെ വസ്ത്രമഴിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പോലീസ് വിദ്യാര്‍ഥിനികളുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വിഷയം സഭയില്‍ ഉന്നയിച്ചത്.

സി ബി എസ് ഇ പരീക്ഷാക്രമീകരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥിനികളുടെ വസ്ത്രമഴിച്ച് പരിശോധിച്ച നടപടി ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രശ്‌നങ്ങള്‍ക്ക് കാരണം സി ബി എസ് ഇ കൊണ്ടുവന്ന ഡ്രസ്‌കോഡാണ്. കേന്ദ്ര സര്‍ക്കാറിനെ കാര്യങ്ങള്‍ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സുരക്ഷാ പരിശോധനയുടെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് മാനസികാഘാതമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നേരത്തെ കേസെടുത്തിരുന്നു. ബാലാവകാശ കമ്മീഷന്‍ പോലീസിനോടും സി ബി എസ് ഇ അധികൃതരോടും വിശദീകരണം തേടിയിട്ടുണ്ട്.