Connect with us

Articles

വസ്ത്രമുരിയാതെ ദേശീയ പരീക്ഷ എഴുതാന്‍ കഴിയില്ലെന്നോ?

Published

|

Last Updated

 

മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ പൊതു പ്രവേശന പരീക്ഷ വിവാദങ്ങളുടെ അകമ്പടിയോടെയാണ് കഴിഞ്ഞ ദിവസം നടന്നത്. പൊതു പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാനെത്തിയ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ ഹാളില്‍ കയറുന്നതിന് മുമ്പ് കരയിപ്പിക്കുന്ന വിധത്തില്‍ ഒട്ടൊക്കെ ക്രൂരമായിട്ടാണ് പരീക്ഷാ നടത്തിപ്പിന് അധികാരികള്‍ നേതൃത്വം നല്‍കിയത്. വിദ്യാര്‍ഥികളുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തെ അപ്പാടെ നിരോധിച്ച നിബന്ധനകള്‍ അടിവസ്ത്രത്തെപ്പോലും വെറുതെവിട്ടില്ല. കോപ്പിയടി തടയാനെന്ന പേരില്‍ ഹാഫ് സ്ലീവ് വസ്ത്രങ്ങള്‍ ധരിക്കാതെ വന്നവരെയാണ് സംഘാടകര്‍ വല്ലാതെ ദ്രോഹിച്ചത്.
ദേശീയ പ്രവേശന പരീക്ഷയായ “നീറ്റി”ന്റെ സുഗമമായ നടത്തിപ്പിനും ക്രമക്കേടുകള്‍ തടയുന്നതിനും വേണ്ടിയെന്ന പേരിലാണ് വസ്ത്രങ്ങള്‍ അഴിച്ചു പരിശോധിക്കാന്‍ സി ബി എസ്ഇ നിര്‍ദേശം നല്‍കിയതത്രെ! അതിലൂടെ എങ്ങനെയാണ് ക്രമക്കേടുകള്‍ തടയുന്നതെന്ന് വ്യക്തമല്ല. ക്രമക്കേടുകളും കോപ്പിയടിയും തടയുന്നതിന് വസ്ത്രധാരണ രീതിയുമായി എന്ത് ബന്ധമാണുള്ളതെന്ന് ചോദിക്കാന്‍ ആരും തയാറായിക്കണ്ടില്ല. അസംബന്ധ തീരുമാനങ്ങള്‍ എക്കാലവും എടുക്കുന്ന സി ബി എസ് ഇ തന്നെയാണ് ഇത്തവണയും “നീറ്റ്” പരീക്ഷയിലെ പ്രധാന വില്ലന്‍ റോളില്‍ നില്‍ക്കുന്നത്.
രാജ്യത്തെ 1921-കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയില്‍ ഏകദേശം 12 ലക്ഷം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ഏകദേശം അത്രതന്നെ വിദ്യാര്‍ഥികളെ വലയ്ക്കുന്ന വിധത്തില്‍ എന്തിനായിരുന്നു വസ്ത്രമഴിച്ചുള്ള പരിശോധനയെന്ന് അധികാരികള്‍ ഉത്തരം പറയേണ്ടതുണ്ട്. “സുതാര്യത” ഉറപ്പാക്കാന്‍ വസ്ത്രം ഒരു തടസ്സമെന്ന് കണ്ടെത്തിയ പണ്ഡിതന്മാരെ പകല്‍ വെളിച്ചത്തില്‍ സമൂഹത്തിന് കാണിച്ചു കൊടുക്കണം. ഒരു പരിഷ്‌കൃത സമൂഹത്തിന് അന്യമായ രീതികളും സമ്പ്രദായങ്ങളും ഒരു ദേശീയ പരീക്ഷയില്‍ അടിച്ചേല്‍പ്പിക്കുന്നത് എതായാലും ഭൂഷണമല്ല. കോപ്പിയടി തടയാന്‍ മറ്റെന്തെല്ലാം മാര്‍ഗ്ഗങ്ങളുണ്ട്.
ക്രമക്കേടുകള്‍ കാണിക്കുന്നത് പരീക്ഷാര്‍ഥികളല്ലല്ലോ. പരീക്ഷ നടത്തിപ്പിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥര്‍ തന്നെയല്ലേ അതിനുത്തരവാദികള്‍? മധ്യപ്രദേശിലെ വ്യാപം അഴിമതി നടത്തിയത് വിദ്യാര്‍ഥികളാണോ? ചോദ്യപേപ്പര്‍ ചോര്‍ത്തി കോടികള്‍ തട്ടുന്ന മാഫിയാസംഘം പ്രവര്‍ത്തിക്കുന്നത് രാജ്യത്തെ ഉന്നത രാഷ്ട്രീയ- ഭരണ നേതാക്കളുടെ അനുമതിയോടെയല്ലേ? യഥാര്‍ഥത്തില്‍ അവരൊക്കെ ചേര്‍ന്നല്ലേ ദേശീയ പരീക്ഷകളെ ക്രമക്കേടുകളില്‍ ആറാടാന്‍ പ്രേരിപ്പിക്കുന്നത്? എന്നിട്ടെന്തിന് വിദ്യാര്‍ഥികളുടെ തുണിയഴിപ്പിച്ചു പരിശോധിക്കുന്നു?
കേരളത്തിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള സുരക്ഷാപരിശോധനകള്‍ക്കു പുറമേയാണ് ശരീരത്തില്‍ അണിഞ്ഞിട്ടുള്ള വാച്ച്, മാല, കമ്മല്‍, ബെല്‍റ്റ്, ഷൂ എന്നിവയൊക്കെ അഴിപ്പിച്ചു വെച്ചത്. കുറ്റവാളികളെ പരിശോധിക്കുന്നതുപോലെ വിദ്യാര്‍ഥികളെ മുഴുവന്‍ കര്‍ശന പരിശോധനക്കു വിധേയമാക്കുന്നത് മനുഷ്യമര്യാദകള്‍പോലും ലംഘിച്ചു കൊണ്ടാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. “നീറ്റ്” പരീക്ഷയെഴുതാന്‍ വരുന്നവര്‍ കള്ളികളും കള്ളന്‍മാരുമാണ് എന്ന മട്ടിലാണ് കൈകാര്യം ചെയ്യല്‍. ഒരു ബൗദ്ധിക പരീക്ഷയില്‍ പങ്കാളികളാകാന്‍ വരുന്നവരോട് ഇവ്വിധത്തില്‍ പെരുമാറുന്നത് രാജ്യത്തെ പെരുമാറ്റ മര്യാദകളുടെ ലംഘനമാണ്. മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ട സംഭവത്തില്‍ ശക്തമായ നടപടികളാണ് ജനം പ്രതീക്ഷിക്കുന്നത്.
മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിച്ചതിന് ശേഷം ഫുള്‍ക്കൈ ഷര്‍ട്ട് കത്രിക ഉപയോഗിച്ച് മുറിച്ച് മാറ്റിയതിന് ശേഷം പരീക്ഷാഹാളില്‍ പ്രവേശിച്ചാല്‍ മതിയെന്ന് ഉത്തരവിടുന്ന ഉദ്യോഗസ്ഥന്മാര്‍ക്കു ശുദ്ധഭ്രാന്താണ്. അവരെ ഊളമ്പാറയിലേക്കു അയക്കണം. സുരക്ഷയോ സുതാര്യതയോയല്ല അപ്പോള്‍ അവര്‍ ലക്ഷ്യം വെക്കുന്നത്. വസ്ത്രസ്വാതന്ത്ര്യത്തിന് മേല്‍ അപമാനകരമായ വിധത്തില്‍ ഇടപെടുന്നത് മനുഷ്യന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. യഥാര്‍ഥത്തില്‍, കോപ്പിയടി തടയുന്നതുമായി ഇതിന് യാതൊരു ബന്ധവുമില്ല.
“നീറ്റ്” പരീക്ഷാ നടത്തിപ്പു ചുമതല വഹിക്കുന്നയാളുകളാണ് ക്രമക്കേടുകള്‍ സ്വയം അവസാനിപ്പിച്ച് അഗ്നി ശുദ്ധി വരുത്തേണ്ടത്. ചോദ്യപേപ്പര്‍ വില്‍പ്പന നടത്തുന്ന മാഫിയാ സംഘങ്ങളുമായി സി ബി എസ് ഇ യിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കുള്ള ബന്ധം എന്തെന്ന് അന്വേഷിച്ച് കണ്ടെത്തട്ടെ. ക്രമക്കേടുകള്‍ അവിടെയാണ് തടയേണ്ടത്. പരീക്ഷയുടെ സുതാര്യതയും വിശ്വാസ്യതയും സംരക്ഷിക്കാന്‍ വാല്യുവേഷന്‍ കുറ്റമറ്റ രീതിയില്‍ നടത്തുക. മെറിറ്റ് പൂര്‍ണമായി പാലിച്ചുവെന്ന് ഉറപ്പാക്കുക. സ്വജനപക്ഷപാതത്തിന് ഒരവസരവും നല്‍കാതെ സുതാര്യമായി റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിക്കുക തുടങ്ങിയവയൊക്കെയാണ് ക്രമക്കേടുകള്‍ തടയാനുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍.
പരീക്ഷാ ഹാളിലെ സി സി ടി വി ക്യാമറകള്‍ മാത്രം മതി കോപ്പിയടി തടയാന്‍. ആരുടെയും വസ്ത്രത്തെ അധിക്ഷേപിക്കുകയോ അഴിപ്പിക്കുകയോ ചെയ്യാതെ മര്യാദപൂര്‍വം പരീക്ഷ നടത്താന്‍ കഴിയാത്ത സി ബി എസ് ഇ ബോര്‍ഡിന് മെഡിക്കല്‍ പ്രവേശനപരീക്ഷ നടത്തിപ്പിന്റെ ചുമതല നല്‍കാതെ ഒഴിവാക്കുന്നതാണ് ഉത്തമം. “നീറ്റ്” പരീക്ഷ തന്നെ രാജ്യത്തിനാവശ്യമുണ്ടോ എന്ന കാര്യവും ആലോചിക്കേണ്ടിയിരിക്കുന്നു. സംസ്ഥാനതലത്തിലുള്ള പ്രവേശന പരീക്ഷകളായിരിക്കും ഫെഡറല്‍ സംവിധാനത്തില്‍ ഫലപ്രദമാവുക. മര്യാദയുടെ അതിര്‍വരമ്പുകള്‍ കാത്തുസൂക്ഷിക്കാനും അതാണ് നല്ലത്. പരീക്ഷയുടെ പേരിലുള്ള ദേശീയ വിദ്യാര്‍ഥി പീഡനങ്ങള്‍ നിര്‍ത്തലാക്കാന്‍ മറ്റൊരു പോംവഴിയും കാണുന്നില്ല.