കപില്‍ മിശ്രയെ എഎപിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

Posted on: May 8, 2017 8:15 pm | Last updated: May 8, 2017 at 8:15 pm

ന്യൂഡല്‍ഹി: ആം ആദ്മി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് എതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്ന കപില്‍ മിശ്രയെ എഎപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡറ് ചെയ്തു. തന്നെ പുറത്താക്കാന്‍ ധൈര്യമുണ്ടൊ എന്ന് കപില്‍ മിശ്ര വെല്ലുവിളിച്ചതിന് പിന്നാലെയാണ് നടപടി.

പുറത്താക്കപ്പെട്ടതിന് ശേഷം കെജരിവാളിന് എതിരെ വന്‍ അഴിമതി ആരോപണങ്ങളാണ് മിശ്ര നടത്തിയിരുന്നത്. കെജരിവാളിന്റെ ഭാര്യാ സഹോദരിക്ക് വേണ്ടി 50 കോടി രൂപ വിലമതിക്കുന്ന ഏഴ് ഏക്കര്‍ ഫാം ഹൗസ് തരപ്പെടുത്തിക്കൊടുക്കാന്‍ താന്‍ സഹായിച്ചിട്ടുണ്ടെന്ന് മന്ത്രിയായ സത്യേന്ദ്ര ജയിന്‍ തന്നോട് പറഞ്ഞതായി മിശ്ര ഇന്ന് വെളിപ്പെടുത്തിയിരുന്നു. സത്യേന്ദ്ര ജയനില്‍ നിന്ന് കെജരിവാള്‍ രണ്ട് കോടി രൂപ അഴിമതിപ്പണം കൈപ്പറ്റിയെന്ന വെളിപ്പെടുത്തലും മിശ്ര നടത്തിയിരുന്നു. താന്‍ പറയുന്നത് സത്യമാണോ എന്ന് ബോധ്യപ്പെടാന്‍ നുണ പരിശോധന നടത്താമെന്നും അദ്ദേഹം പറഞ്ഞിരുന്നു.