Connect with us

Kozhikode

ഇമാം ബുഖാരിയുടെ ധന്യ സ്മരണയില്‍ ഖത്മുല്‍ ബുഖാരിക്ക് പ്രൗഢ സമാപനം

Published

|

Last Updated

മര്‍കസില്‍ നടന്ന ഖത്മുല്‍ ബുഖാരി സംഗമത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു.

കാരന്തൂര്‍: വിശ്രുത ഇസ്‌ലാമിക ഹദീസ് ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിയില്‍ നിന്ന് പ്രസക്ത ഭാഗങ്ങള്‍ പാരായണം നടത്തി മര്‍കസില്‍ നടന്ന ഖത്്മുല്‍ ബുഖാരി സംഗമത്തിന് പ്രൗഢ സമാപനം. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നെത്തിയ പതിനായിരത്തോളം സഖാഫി പണ്ഡിതന്‍മാര്‍ സംബന്ധിച്ച ചടങ്ങിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.

ജീവിതം മുഴുവന്‍ വിജ്ഞാന സമ്പാദനത്തിനായി ചെലവഴിക്കുകയും നേടിയെടുത്ത അറിവുകള്‍ ആധികാരികമായി രേഖപ്പെടുത്തി ഹദീസ് വിജ്ഞാന ശാസ്ത്രത്തിന് വിലപ്പെട്ട സംഭാവനകള്‍ സമര്‍പ്പിക്കുകയും ചെയ്ത ഇമാം ബുഖാരി പണ്ഡിതന്മാര്‍ക്ക് ജ്ഞാനവഴിയില്‍ ഏറ്റവും വലിയ മാതൃകയാണെന്ന് കാന്തപുരം പറഞ്ഞു. ഇസ്‌ലാമിനെ തെറ്റായി വ്യാഖ്യാനിച്ച് സമൂഹത്തില്‍ കുഴപ്പം സൃഷ്ടിക്കുന്നവര്‍ ഇമാം ബുഖാരിയെപ്പോലുള്ളവരെ തള്ളിപ്പറഞ്ഞ് മതത്തിന് സ്വന്തമായി വ്യാഖ്യാനം നല്‍കുന്നവരാണ്. അത്തരം ആശയധാരകളെപ്പറ്റി സമൂഹം ബോധവാന്മാരാകണം. ഇസ്്‌ലാമിക വിശ്വാസത്തിന്റെ അടിസ്ഥാനധാരകളെ നിഷേധിക്കുന്നവര്‍ മതത്തെ വികലമാക്കുക മാത്രമല്ല, ബഹുസ്വര സമൂഹത്തിന്റെ സൗഹൃദാന്തരീക്ഷത്തെ ശിഥിലമാക്കുകയുമാണ്. ഖുര്‍ആനും ഹദീസും ശരിയായി പഠിപ്പിക്കുന്നത് സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതന്‍മാരാണ്. സൂഫി ജ്ഞാനികള്‍ പകര്‍ന്ന പരിശുദ്ധമായ ജീവിതത്തിന്റെയും അറിവിന്റെയും തുടര്‍ച്ചയിലാണ് സുന്നികള്‍ വൈജ്ഞാനികവും ആത്മീയവുമായ മുന്നേറ്റം നടത്തുന്നത്. നാല്‍പ്പത് വര്‍ഷം കൊണ്ട് പതിനായിരം സഖാഫി പണ്ഡിതന്‍മാരെ സൃഷ്ടിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാഭ്യാസ- സാംസ്‌കാരിക- സേവന മേഖലകളില്‍ സജീവമാക്കി ക്രിയാത്മകമായ മുന്നേറ്റമാണ് മര്‍കസ് സാധ്യമാക്കിയതെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ പ്രാര്‍ഥന നിര്‍വഹിച്ചു. ബ്രിട്ടീഷ് പണ്ഡിതനും ശാസ്ത്രജ്ഞനുമായ ഡോ. മുശ്‌റഫ് ഹുസൈന്‍ മുഖ്യാതിഥിയായി. പൊന്മള അബ്്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍, കാന്തപുരം എ പി മുഹമ്മദ് മുസ്്‌ലിയാര്‍, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, വി പി എം ഫൈസി വില്യാപ്പള്ളി, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, സയ്യിദ് ഹബീബ് കോയ ചെരക്കാപ്പറമ്പ്, സയ്യിദ് അബ്്ദുല്‍ ഫത്താഹ് അവേലം, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് പി കെ എസ് തലപ്പാറ, കൊമ്പം മുഹമ്മദ് മുസ്്‌ലിയാര്‍, അബൂഹനീഫല്‍ ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി പ്രസംഗിച്ചു.

Latest