റമസാനില്‍ 1438 ഉത്പന്നങ്ങള്‍ വില കുറച്ച് വിതരണം ചെയ്യാന്‍ അല്‍ മീറ

Posted on: May 3, 2017 8:15 pm | Last updated: May 3, 2017 at 8:38 pm
SHARE
അല്‍ മീറ മാനേജ്‌മെന്റ് റമസാന്‍ ഓഫര്‍ പ്രഖ്യാപിക്കുന്നു

ദോഹ: റമസാനില്‍ വില കുറച്ച് ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുമെന്ന് അല്‍ മീറ കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനി അറിയിച്ചു. വിലക്കുറവിനൊപ്പം പ്രത്യേക ഓഫറുകളുമുണ്ടാകും. മുന്‍വര്‍ഷങ്ങളിലും റമസാനില്‍ അല്‍ മീറ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്നതിനും മികച്ച സേവനം ലഭ്യമാക്കുന്നതിന്റെയും ഭാഗമായാണ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നത്.

ഹിജ്‌റ വര്‍ഷം 1438 ആയതിനാല്‍ ഇത്തവണ 1438 ഉത്പന്നങ്ങള്‍ക്കായിരിക്കും വിലക്കുറവ് ലഭ്യമാക്കുക. ഇതു സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. സാമ്പത്തിക, വാണിജ്യ മന്ത്രാലയം തിരഞ്ഞെടുക്കുന്ന ഉത്പന്നങ്ങള്‍ക്കായിരിക്കും വിലക്കുറവ്. റമസാന്‍ അവസാനം വരെയും ഈ ആനുകൂല്യങ്ങള്‍ പ്രാബല്യത്തിലായിരിക്കും. വിലക്കുറവ് നല്‍കുന്ന ഉത്പന്നങ്ങള്‍, വിലക്കുറവ്, കാലയലളവ് എന്നിവ ഉടന്‍ പ്രഖ്യാപിക്കും. രാജ്യത്തെ അല്‍ മീറയുടെ 35 ബ്രാഞ്ചുകളിലും ജിയന്റ് ഹൈപ്പര്‍മാര്‍ക്കറ്റ് ബ്രാഞ്ചിലും വിലക്കുറവ് ലഭിക്കും. ബ്രാഞ്ചുകളിലെ ഷെല്‍ഫുകളില്‍ ഉത്പന്നങ്ങളുടെ വില പ്രസിദ്ധപ്പെടുത്തും. ഉപഭോക്താക്കള്‍ക്ക് നിലവാരമുള്ള ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പടെ മിതമായ വിലയില്‍ വാങ്ങുന്നതിനുള്ള അവസരമുണ്ടാകും. മികച്ച ഷോപിംഗ് അനുഭവമാണ് അല്‍ മീറ ഒരുക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
960 ഉപഭോക്തൃ ഉത്പന്നങ്ങള്‍ക്കും 350 ഗാര്‍ഹിക ഉത്പന്നങ്ങള്‍ക്കും പ്രത്യേക വിലക്കിഴിവ് നല്‍കും. ഇവയുടെ പ്രാദേശിക വിതരണക്കാരുമായി ചേര്‍ന്നായിരിക്കും ഇതു നടപ്പാക്കുക. ഏറ്റവും മികച്ച ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് രാജ്യത്തിനു പുറത്തുള്ള വിതരണക്കാരുമായി ചര്‍ച്ചകള്‍ നടത്തിവരുന്നു. 2015ല്‍ ആയിരം ഉത്പന്നങ്ങള്‍ക്കും കഴിഞ്ഞവര്‍ഷം 1437 ഉത്പന്നങ്ങള്‍ക്കുമാണ് വിലക്കുറവ് നല്‍കിയത്. തുര്‍ക്കി, തായ്‌ലാന്‍ഡ്, വിയറ്റ്‌നാം, അമേരിക്ക, ബ്രിട്ടണ്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ പ്രമുഖ വിതരണക്കാരുമായാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഖത്വരി പൗരന്‍മാര്‍ക്ക് സബ്‌സിഡി നിരക്കില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന തംവീന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭക്ഷ്യവസ്തുക്കള്‍ 34 ബ്രാഞ്ചുകളിലായി ക്രമീകരിച്ചിട്ടുണ്ട്.

അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ റമസാന്‍ കാംപയിന് തുടക്കമാകുമെന്ന് അല്‍ മീറ ആക്ടിംഗ് സി ഇ ഒ കോബസ് ലൊംബാര്‍ഡ് പറഞ്ഞു. റമസാനില്‍ വിവിധ പദ്ധതികള്‍ക്കും പരിപാടികള്‍ക്കും അല്‍മീര പിന്തുണ നല്‍കും. വര്‍ഷാവസാനത്തോടെ രാജ്യത്തെ അല്‍മീറ ശാഖകള്‍ അമ്പതായി ഉയരുമെന്നും അവര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here