അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സാമന്ത രാജ്യമായി ഇന്ത്യയെ മാറ്റാന്‍ നീക്കം: മുഖ്യമന്ത്രി

Posted on: May 3, 2017 2:49 am | Last updated: May 2, 2017 at 11:50 pm

കണ്ണൂര്‍: അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സാമന്തരാജ്യമായി ഇന്ത്യയെ മാറ്റാനുള്ള മോദി സര്‍ക്കാറിന്റെ നീക്കം ആപത്കരമാണെന്നും അമേരിക്കന്‍ പക്ഷത്ത് ഏതൊക്കെ രാജ്യം ചേര്‍ന്നിട്ടുണ്ടോ അവര്‍ക്കൊക്കെ കനത്ത നാശം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഒക്‌ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി സി പി എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വളന്റിയര്‍ മാര്‍ച്ചില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഭരണാധികാരികള്‍ ഇന്ന് വലിയ സന്തോഷത്തോടെയാണ് അമേരിക്കയുടെ പക്ഷത്ത് ചേരുന്നത്. ഇത് അതീവ ഗൗരവമായി കാണണമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെ സോഷ്യലിസ്റ്റ് ശക്തികളെ തകര്‍ക്കാന്‍ അമേരിക്ക പണം ഇറക്കിയും ചാരസംഘടനയായ സി ഐ എയെ ഉപയോഗിച്ചു നടത്തുന്ന പ്രവര്‍ത്തനം തുടരുകയാണ്.

എല്ലാ പുരോഗമന മുന്നേറ്റങ്ങളെയും തകര്‍ക്കാനാണ് ശ്രമിക്കുന്നത്. സമചിത്തത നഷ്ടപ്പെട്ട ഡൊണാള്‍ഡ് ട്രംപാണ് അമേരിക്കയെ നയിക്കുന്നത്. എന്നാല്‍ മോദിയും ആര്‍ എസ് എസും തങ്ങള്‍ക്ക് അനുയോജ്യനായാണ് ട്രംപിനെ കാണുന്നത്. ജപ്പാന്‍ പ്രധാനമന്ത്രി ഇടക്കിടെ ഇന്ത്യയില്‍ വന്ന് പോകുന്നത് വെറുതെയല്ല. അമേരിക്ക- ജപ്പാന്‍- ഇന്ത്യ സൈനികസഖ്യം രൂപപ്പെടുത്താനുള്ള നീക്കം നടത്തുകയാണ്. ലോകത്തിന്റെ ഒരു മൂലയില്‍ കിടക്കുന്ന കൊച്ചു സംസ്ഥാനം എന്ത് ദോഷമാണ് അമേരിക്കക്ക് ചെയ്യുന്നത് എന്ന് ചിന്തിക്കുമ്പോഴാണ് സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് ആശയത്തെ എത്രത്തോളമാണ് ഇവര്‍ പേടിക്കുന്നതെന്ന് മനസ്സിലാകുക. സംസ്ഥാനത്ത് ഗവണ്‍മെന്റ് ഉണ്ടായതിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കുകയാണ്. ആ ഗവണ്‍മെന്റ് ഇവിടെ രൂപം കൊണ്ടപ്പോള്‍ അതിനെ തകര്‍ക്കാന്‍ അമേരിക്ക പണമിറക്കി. അന്നത്തെ അമേരിക്കന്‍ അംബാസിഡര്‍ മൊയ്‌നിഹാന്‍ അത് എഴുതിവെച്ചിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.