അമേരിക്ക ആണവ യുദ്ധ തീരം സൃഷ്ടിക്കുന്നു: ഉത്തര കൊറിയ

Posted on: May 3, 2017 1:23 am | Last updated: May 2, 2017 at 11:26 pm

സിയൂള്‍: കൊറിയയെ ആണവയുദ്ധത്തിന്റെ തീരമാക്കാന്‍ അമേരിക്ക ശ്രമിക്കുകയാണെന്നും ഇതില്‍ നിന്ന് പിന്തിരിയുന്നതാണ് നല്ലതെന്നും ഉത്തര കൊറിയ. ദക്ഷിണ കൊറിയയുമായി ചേര്‍ന്ന് സൈനിക പരിശീലനം നടത്തുന്നത് തങ്ങളെ പ്രകോപിപ്പിക്കാന്‍ വേണ്ടിയാണെന്നും ഏതെങ്കിലും നിലക്കുള്ള പ്രകോപനമുണ്ടായാല്‍ ആണവ ശക്തി ഉപയോഗിച്ച് നേരിടാന്‍ തന്നെയാണ് ഉത്തര കൊറിയയുടെ പദ്ധതിയെന്നും വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. അമേരിക്കക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതാണ് പ്രസ്താവന.

അമേരിക്ക പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ച് സാമ്പത്തികമായി തകര്‍ക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ കഴിവിന്റെ പരമാവധി ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്ന് ഉത്തര കൊറിയയുടെ മുന്നറിയിപ്പില്‍ പറയുന്നു. ചൈനയെ കൂട്ടുപിടിച്ച് ഉത്തര കൊറിയക്ക് മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനുള്ള ശ്രമം കിം ജോംഗ് ഉന്നിന്റെ ഭരണകൂടത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ദക്ഷിണ കൊറിയയില്‍ അമേരിക്ക സംയുക്ത സൈനിക അഭ്യാസം ശക്തിപ്പെടുത്തിയിരിക്കുന്നതും മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിച്ച് യുദ്ധത്തിനുള്ള തയ്യാറെടുപ്പ് എടുക്കുന്നതും.

യു എന്നിന്റെ വിലക്കും അമേരിക്കയുടെ മുന്നറിയിപ്പും അവഗണിച്ച് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നിരന്തരം നടത്തിയതോടെയാണ് അമേരിക്ക ഉത്തര കൊറിയക്കെതിരെ തിരിഞ്ഞത്. കൊറിയന്‍ തീരം ലക്ഷ്യമാക്കി അമേരിക്ക യുദ്ധക്കപ്പലുകള്‍ അയച്ചതോടെ യുദ്ധാഹ്വാനവുമായി ഉത്തര കൊറിയയും രംഗത്തെത്തി. അതിര്‍ത്തി സൈന്യത്തെയും മിസൈല്‍ സംവിധാനത്തെയും അമേരിക്കക്കെതിരായ യുദ്ധത്തിനായി സജ്ജമാക്കുകയും ചെയ്തു. ഇതോടെ അമേരിക്ക പ്രകോപനങ്ങള്‍ ഒഴിവാക്കുകയാണ്.
ഉത്തര കൊറിയക്കെതിരായ സൈനിക തയ്യാറെടുപ്പിന്റെ ഭാഗമായി അമേരിക്കയുടെ യുദ്ധക്കപ്പല്‍ ദക്ഷിണ കൊറിയന്‍ തീരത്തെത്തിരുന്നു. ഉത്തര കൊറിയയുടെ ശത്രുരാജ്യങ്ങളായ ജപ്പാനെയും ദക്ഷിണ കൊറിയയേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സൈനിക മുന്നേറ്റം നടത്താനാണ് അമേരിക്ക പദ്ധതിയിട്ടത്. എന്നാല്‍ നേരിയ തോതില്‍ ഒരു പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കുമെന്ന് ഉത്തര കൊറിയ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.