ഗുജറാത്ത് എം പിയെ ‘ഹണിട്രാപ്പി’ലാക്കിയ യുവതി അറസ്റ്റില്‍

Posted on: May 3, 2017 12:45 am | Last updated: May 2, 2017 at 11:20 pm

ന്യൂഡല്‍ഹി: ഗുജറാത്തില്‍ നിന്നുള്ള ബി ജെ പി. എം പിയെ ഹണിട്രാപ്പില്‍ പെടുത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. വല്‍സാദ് മണ്ഡലത്തിലെ എം പി. കെ സി പട്ടേലിന്റെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന കേസില്‍ ഗാസിയാബാദ് സ്വദേശിനിയാണ് അറസ്റ്റിലായത്.

ഇത്തരം ബ്ലാക്‌മെയിലിംഗ് കേസുകളില്‍ നേരത്തെയും ഈ സ്ത്രീ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. എം പിയുടെ പരാതിയില്‍ യുവതിക്കെതിരെ ഡല്‍ഹി പോലീസ് കേസെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം യുവതിയുടെ വസതിയില്‍ വീട്ടില്‍ റെയിഡ് നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല.

സഹായം ചോദിച്ചെത്തിയ തന്നെ എം പി ബലാത്സംഗത്തിനിരയാക്കിയെന്ന് ആരോപിച്ച് യുവതിയാണ് ആദ്യം ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയത്. മാര്‍ച്ച് മൂന്നിന് അത്താഴവിരുന്നിന് ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച എം പി തന്നെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി. പിന്നാലെ, യുവതിയും സംഘവും തന്നെ കുടുക്കിയ ശേഷം അഞ്ച് കോടി രൂപ ആവശ്യപ്പെടുകയായിരുന്നുവെന്ന പരാതിയുമായി എം പി രംഗത്തെത്തി. പാര്‍ലിമെന്റ് അംഗങ്ങളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘമാണ് സംഭവത്തിന് പിന്നിലെന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തുകയും ചെയ്തു.

ഇന്നലെ വീണ്ടും ഗാസിയാബാദിലെ വസതിയില്‍ നടത്തിയ പരിശോധനയിലാണ് യുവതി പോലീസിന്റെ വലയിലായത്. സംഭവത്തെ കുറിച്ചുള്ള യഥാര്‍ഥ വിവരം ലഭിക്കണമെങ്കില്‍ ഇവരെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു.