ഉമ്മര്‍ ഹാജി: സൗഹൃദ വലയത്തിന്റെ ഓര്‍മകള്‍

Posted on: May 3, 2017 6:45 am | Last updated: May 2, 2017 at 10:52 pm

സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളില്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച കാലത്തുതന്നെ എന്‍ പി ഉമ്മര്‍ ഹാജിയുടെ വസതി പൊതുജനങ്ങള്‍ക്ക് കോടതിയായിരുന്നു. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ജന്മസിദ്ധമായ കഴിവ് ആര്‍ജിച്ച ഉമ്മര്‍ ഹാജി 72-ാം വയസ്സില്‍ വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ പല വഴികളാണ് ഇരുട്ടിലാണ്ടത്.കേരള മുസ്‌ലിം ജമാഅത്തിന്റെ ഈ സംസ്ഥാന കൗണ്‍സിലര്‍ ഒട്ടേറെ സുന്നി സ്ഥാപനങ്ങളുടെയും സേവന സംഘടനകളുടെയും തലപ്പത്തിരുന്ന് ചക്രം തിരിച്ചു. സുന്നി മാനേജ്‌മെന്റ് അസോസിയേഷന്റെ പുരോഗതിയില്‍ പ്രധാന പങ്കുവഹിച്ചു.
എക്‌സിക്യൂട്ടീവ് ഓഫീസറായ ഉമ്മര്‍ ഹാജിയും പോര്‍ട്ട് ഓഫീസറായ മുഹമ്മദും മായനാട്ടെ മുഹമ്മദും ചേര്‍ന്ന് കരുപ്പിടിപ്പിച്ച കോഴിക്കോട്ടെ സൗഹൃദവലയം സര്‍വരുടെയും ശ്രദ്ധപിടിച്ചുപറ്റിയ കാലത്ത് നടന്ന ഓരോ ചലനവും പഴമക്കാരുടെ മനസ്സില്‍ നിന്നും മായില്ല. അദ്ദേഹത്തിന്റെ പ്രവര്‍ത്തനപരിചയം സുന്നി വിദ്യാഭ്യാസ ബോര്‍ഡിനും ഉപകരിച്ചു. പന്നിയങ്കരയിലെ റൗള മസ്ജിദ് ഉള്‍പ്പെടെ അദ്ദേഹത്തിന്റെ കര്‍മമണ്ഡലത്തില്‍ അടയാളപ്പെടുത്തിയ മുദ്രകള്‍ പുതിയ പ്രസ്ഥാനങ്ങളുടെ കാര്യദര്‍ശിത്വം ഉമ്മര്‍ഹാജിയില്‍ അവരോധിക്കാനിടയാക്കി.

ജനനിബിഡമാവുന്ന സ്റ്റേഡിയം പള്ളിയുടെ സെക്രട്ടറി സ്ഥാനവും ഐകകണ്‌ഠ്യേന ഉമ്മര്‍ഹാജിയില്‍ അര്‍പ്പിക്കപ്പെട്ടു. കണ്ണാടിക്കല്‍ മഹല്ലാണെങ്കില്‍ ഉമ്മര്‍ഹാജിയെ ശക്തനായ അമരക്കാരനായി കണ്ടു. കയ്യടിത്തോട് ജുമുഅത്ത് കമ്മിറ്റി പ്രസിഡന്റായി തിരഞ്ഞെടുത്തതും ഉമ്മര്‍ഹാജിയെ തന്നെ.
സിറാജ് പത്രത്തിന്റെ നിലനില്‍പ്പിന് ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രവര്‍ത്തിച്ച ഉമ്മര്‍ഹാജി പത്രപ്രവര്‍ത്തനത്തിനിടയിലാണ് അപകടത്തില്‍പ്പെട്ടത്. പത്രപ്രവര്‍ത്തനത്തിലെ നൂതന പ്രവണതകള്‍ക്ക് അദ്ദേഹം ശക്തമായ പിന്‍ബലം നല്‍കി.

ജീവനക്കാരെ നിയമിക്കുന്ന കാര്യത്തിലും പത്രാധിപസമിതി അംഗങ്ങളുടെ സേവന-വേതന വ്യവസ്ഥ പുതുക്കുന്ന കാര്യത്തിലും വലിയ പങ്കാണ് അദ്ദേഹം വഹിച്ചത്. നാട്യപ്രധാനമായ നഗരത്തെ നാട്ടിന്‍പുറത്തിന്റെ നന്മകള്‍ കൊണ്ട് സമൃദ്ധമാക്കിയ ഉമ്മര്‍ ഹാജിയുടെ ജീവിതം മാതൃകാപരമായിരുന്നു.