സൂചിക റെക്കോര്‍ഡ് കുതിപ്പില്‍; നിഫ്റ്റി 185 പോയിന്റ് ഉയര്‍ന്നു

Posted on: May 1, 2017 7:02 am | Last updated: April 30, 2017 at 11:03 pm

ആഭ്യന്തര ധനകാര്യസ്ഥാപനങ്ങള്‍ വന്‍ നിക്ഷേപത്തിന് മുന്നോട്ട് വന്നത് ഓഹരി സൂചികയുടെ റെക്കോര്‍ഡ് കുതിപ്പിന് വഴിതെളിച്ചു. നിഫ്റ്റി സൂചിക 9300 പോയിന്റും സെന്‍സെക്‌സ് 30,000 പോയിന്റിലേക്കും കയറി. വിപണിയിലെ ഉണര്‍വ് പ്രദേശിക നിക്ഷേപകരെയും മാര്‍ക്കറ്റിലേക്ക് അടുപ്പിച്ചു. ബോംബെ സുചിക 553 പോയിന്റും നിഫ്റ്റി 185 പോയിന്റും പിന്നിട്ടവാരം ഉയര്‍ന്നു. വിദേശ ഫണ്ടുകള്‍ പല അവസരത്തിലും ബാധ്യതകള്‍ പണമാക്കി മാറ്റാന്‍ മത്സരിച്ചു.

സെന്‍സെക്‌സിന് വേയിറ്റേജ് നല്‍ക്കുന്ന മുന്‍ നിരയിലെ 30 ഓഹരികളില്‍ 18 എണ്ണം കരുത്തു കാണിച്ചപ്പോള്‍ 12 ഓഹരികളുടെ നിരക്ക് ഇടിഞ്ഞു. എഫ് എം സി ജി, ബേങ്കിംഗ്, ഓട്ടോമൊബൈല്‍, റിയാലിറ്റി, കാപ്പിറ്റല്‍ ഗുഡ്‌സ്, കണ്‍സ്യൂമര്‍ ഗുഡ്‌സ്, ഓയില്‍ ആന്‍ഡ് ഗ്യാസ്, സ്റ്റീല്‍, പവര്‍, ഐ റ്റി ഇന്‍ഡക്‌സുകള്‍ മികവിലാണ്. ഫാര്‍മസ്യുട്ടിക്കല്‍ വിഭാഗത്തിന് തളര്‍ച്ചനേരിട്ടു. ആക്‌സിസ് ബാങ്ക് ഓഹരി വില 21 ശതമാനം വര്‍ധിച്ചു. എച്ച് ഡി എഫ് സി ബേങ്ക്, മാരുതി, എം ആന്‍ഡ് എം, ഗെയില്‍ തുടങ്ങിയവയുടെ നിരക്ക് അഞ്ച് ശതമാനത്തില്‍ അധികം കയറി. ഒ എന്‍ ജി സി, എല്‍ ആന്‍ഡ് റ്റി, എയര്‍ടെല്‍ ഓഹരികളും മികവിലാണ്. അതേ സമയം ലുപിന്‍, സിപ്ല, സണ്‍ ഫാര്‍മ്മ, റ്റി സി എസ്, വിപ്രോ, കോള്‍ ഇന്ത്യ, ടാറ്റാ സ്റ്റീല്‍ എന്നിവ തളര്‍ന്നു.
പിന്നിട്ടവാരം ബി എസ് ഇ യില്‍ 21,404 കോടി രൂപയുടെ ഇടപാടുകള്‍ നടന്നു. നിഫ്റ്റിയില്‍ ഇടപാടുകള്‍ വര്‍ധിച്ച് 1,42,309.69 കോടി രൂപയിലെത്തി.
വ്യാഴാഴ്ച്ചത്തെ ഏപ്രില്‍ സീരീസ് സെറ്റില്‍മെന്റിന് മുന്നോടിയായി മെയ് സീരീസിലേക്ക് ഓപ്പറേറ്റര്‍മാര്‍ പൊസിഷനുകള്‍ തിരിച്ചത് നിഫ്റ്റിയെ 9300 ലേയ്ക്ക് ഉയര്‍ത്തി. നിഫ്റ്റി ഈ വാരം ലക്ഷ്യമിടുന്നത് 9397-9470 പോയിന്റാണ്. സൂചികയുടെ താങ്ങ് 9177-9050 പോയിന്റാണ്.
ബോംബെ സൂചിക താഴ്ന്ന നിലവാരമായ 29,393 ല്‍ നിന്ന് 30,157 ലേക്ക് കയറിയെങ്കിലും വാരാന്ത്യം സൂചിക 29,918 പോയിന്റിലാണ്. മുന്‍വാരം വ്യക്തമാക്കിയ 29,852 ന് മുകളില്‍ ഇടം കണ്ടെത്തിയ ബി എസ് ഇ സൂചികക്ക് 30,339 – 30,540 പോയിന്റില്‍ തടസം നിലവിലുണ്ട്. തളര്‍ച്ച നേരിട്ടാല്‍ 29,536-29,154 പോയിന്റില്‍ താങ്ങുണ്ട്.

വിനിമയ വിപണിയില്‍ ഡോളറിന് മുന്നില്‍ രൂപ 21 മാസത്തിനിടയിലെ ഏറ്റവും മികച്ച നിലവാരമായ 64.24 ലെത്തി. 2011 ആഗസ്റ്റില്‍ രേഖപ്പെടുത്തിയ 64.19 ഇതിന് മുമ്പുള്ള മികച്ച നിരക്ക്. വിദേശ ഓപ്പറേറ്റര്‍മാര്‍ നിക്ഷേപം തിരിച്ചു പിടിക്കുകയാണ്. 1925 കോടി രൂപയുടെ ഓഹരികള്‍ പിന്നിട്ടവാരം അവര്‍ വിറ്റു. ആഭ്യന്തര ധനകാര്യസ്ഥാപനങ്ങള്‍ 4911 കോടി രൂപയുടെ നിക്ഷേപം നടത്തി.
രാജ്യത്തെ വിദേശ നാണ്യ കരുതല്‍ ശേഖരം ഉയര്‍ന്നു. ഏപ്രില്‍ 21 ന് അവസാനിച്ച വാരം വിദേശ നാണ്യ ശേഖരം 371.14 ബില്യന്‍ ഡോളറാണ്. 2016 സെപ്തംബറിലെ 371.99 ബില്യന്‍ ഡോളറാണ് റെക്കോര്‍ഡ്.