കൊടും ചൂട് നാളികേര കൃഷിയുടെ വേരറുക്കുന്നുവെന്ന് പഠനം

Posted on: May 1, 2017 7:55 am | Last updated: April 30, 2017 at 10:57 pm

കണ്ണൂര്‍: ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും സംസ്ഥാനത്തെ നാളികേര മേഖലയെ കനത്ത തോതില്‍ ബാധിക്കുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. മണ്ണ്, ജലം, ജൈവ വൈവിധ്യം തുടങ്ങിയ പാരിസ്ഥിതിക അടിത്തറയെ ആകമാനം തകര്‍ക്കുന്ന കാലാവസ്ഥാമാറ്റം സംസ്ഥാനത്തെ നാളികേര കൃഷിയെ അപകടപ്പെടുത്തിത്തുടങ്ങിയതായി ഇതു സംബന്ധിച്ച് ഗവേഷണം നടത്തുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യ, ചൈന, പാക്കിസ്ഥാന്‍, മാലിദ്വീപ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലാണ് കാലാവസ്ഥാമാറ്റം കൃഷിയില്‍ ഏറ്റവും കൂടുതല്‍ പ്രത്യാഘാതങ്ങളുണ്ടാക്കുകയെങ്കിലും കേരളത്തിലെ നാളികേര കൃഷിയുടെ വേരറുക്കാന്‍ പോന്നതാണ് ഇപ്പോഴത്തെ താപവ്യതിയാനമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. അന്തരീക്ഷ താപനില ഒരു പരിധിവരെ ഉയര്‍ന്നാലും നാളികേര ഉത്പാദനത്തെ സാധാരണയില്‍ സാരമായി ബാധിക്കാറില്ല. താപനില ഉയരുമ്പോള്‍ അന്തരീക്ഷത്തിലെ ഉയര്‍ന്ന തോതിലുളള കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ സാന്നിധ്യം തെങ്ങിന് ഗുണകരമാകുമെന്നാണ് വിലയിരുത്തിപ്പോന്നിരുന്നത്. കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത് മുന്‍കാലങ്ങളില്‍ ഗുണകരമായിട്ടുണ്ടെന്നാണ് രാജ്യത്തെ പതിമൂന്ന് വാര്‍ഷിക കാലാവസ്ഥാ മേഖലകളില്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയത്. വാര്‍ഷിക താപനില പരമാവധി 28 ഡിഗ്രി സെല്‍ഷ്യസും പരമാവധി താപനില 33 ഡിഗ്രി സെല്‍ഷ്യസും വരെയുണ്ടായാല്‍ നാളികേര ഉത്പാദനത്തിന് ഗുണകരമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. ഈ കാലാവസ്ഥ നേരത്തെ തെങ്ങുകൃഷിക്ക് ഗുണകരമായിരുന്നുവെന്നും മഹാരാഷ്ട്ര മുതല്‍ തെക്കോട്ടുള്ള സംസ്ഥാനങ്ങളിലെ നാളികേര കൃഷിക്ക് ഇത് വലിയ ഗുണം ചെയ്തിരുന്നുവെന്നുമാണ് വാര്‍ഷിക കാലാവസ്ഥ മേഖലകളിലെ പഠനം വ്യക്തമാക്കിയത്.
എന്നാല്‍ വാര്‍ഷിക ശരാശരി താപനില അടുത്ത കാലത്തായി ഉയര്‍ന്നത് കേരളത്തിലെ തെങ്ങുകൃഷിക്ക് ദോഷകരമായെന്ന് ഗവേഷകര്‍ പറയുന്നു. തെങ്ങിന്റെ വളര്‍ച്ചക്കുള്ള ഏറ്റവും അനുകൂലമായ താപനില 27 ഡിഗ്രി സെല്‍ഷ്യസാണെങ്കിലും ഇതില്‍ നിന്ന് അഞ്ച് മുതല്‍ ഏഴ് വരെ ഡിഗ്രി സെല്‍ഷ്യസ് വരെ ഏറ്റക്കുറച്ചിലുണ്ടാകുന്നത് ദോഷകരമല്ല. ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള മാസങ്ങളില്‍ തുടര്‍ച്ചയായി 40 ഡിഗ്രി സെല്‍ഷ്യസിലധികം താപനില ഉയര്‍ന്നു നിന്നാല്‍ അത് പ്രകാശ സംശ്ലേഷണത്തെ ദോഷകരമായി ബാധിക്കുകയും നാളികേര ഉത്പാദനം കുറക്കുകയും ചെയ്യും.

സംസ്ഥാന സര്‍ക്കാറിന്റെ പുതിയ സാമ്പത്തിക അവലേകന റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് ഒരു ഹെക്ടറില്‍ നിന്നുള്ള പരമാവധി ഉത്പാദനം 7535 നാളികേരമാണ്. തമിഴ്‌നാട്ടില്‍ ഇത് ഹെക്ടറിന് 14,783ഉം ആന്ധ്രപ്രദേശില്‍ 13,803മാണ്. രാജ്യത്ത് തെങ്ങു കൃഷിയുടെ വിസ്തൃതിയില്‍ ഒന്നാം സ്ഥാനത്താണെങ്കിലും ഉത്പാദനത്തില്‍ മൂന്നാം സ്ഥാനത്താണ് സംസ്ഥാനം. ഇത് അടുത്തിടെയുണ്ടായ കാലവസ്ഥാ മാറ്റത്തെത്തുടര്‍ന്നുള്ള കൃഷി നാശത്തിന്റെ ഫലമായെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഈ നില തുടര്‍ന്നാല്‍ കേരളം ഭാവിയില്‍ നാളികേര കൃഷിക്ക് അനുയോജ്യമല്ലാതായിത്തീരുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 1983, 84, 2004-05 വര്‍ഷങ്ങളിലെല്ലാം ഇത്തരത്തില്‍ കാലവസ്ഥാവ്യതിയാനം മൂലം ഉത്പാദനത്തില്‍ വലിയ തകര്‍ച്ചയുണ്ടായിരുന്നു. നാല് മാസം മുതല്‍ ആറ് മാസം വരെ നീണ്ടുനില്‍ക്കുന്ന വരള്‍ച്ചാമാസങ്ങളുള്ള വടക്കന്‍ ജില്ലകളിലാണ് തെക്കന്‍ജില്ലകളെ അപേക്ഷിച്ച് കാലാവസ്ഥാമാറ്റം തെങ്ങുകള്‍ക്ക് കനത്ത ഭീഷണിയാകുക.