സെന്‍കുമാറും സര്‍ക്കാറും

സ്ഥാനം തിരികെ നല്‍കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കപ്പെട്ടാല്‍ പൊലീസ് മേധാവിയും സര്‍ക്കാറും രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന സാഹചര്യമുണ്ടാകും. സെന്‍കുമാറെന്ന മേധാവിയെ മറികടന്ന് എങ്ങനെ കാര്യങ്ങള്‍ ചെയ്യാമെന്നതില്‍ ഗവേഷണം നടത്തുകയാകും സര്‍ക്കാര്‍ ചെയ്യുക. സര്‍ക്കാറിന്റെ ഇത്തരം നടപടികളെ എങ്ങനെ നേരിടാമെന്നാവും സെന്‍കുമാര്‍ ചിന്തിക്കുക. പൊലീസിനെ കാര്യക്ഷമമാക്കാനോ ദുഃസ്വാധീനങ്ങളില്‍ നിന്ന് മുക്തമാക്കാനോ നടപടിയൊന്നുമുണ്ടാകില്ലെന്ന് ചുരുക്കം. സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണയുള്ള പൊലീസ് മേധാവിക്ക് സാധിക്കാത്ത കാര്യങ്ങള്‍ ആ പിന്തുണയില്ലാത്ത മേധാവിക്ക് സാധിക്കുമോ?
Posted on: May 1, 2017 6:00 am | Last updated: April 30, 2017 at 10:41 pm

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് ടി പി സെന്‍കുമാര്‍ തുടര്‍ന്നിരുന്നുവെങ്കില്‍ പ്രത്യേകിച്ച് എന്തെങ്കിലും സംഭവിക്കുമായിരുന്നോ? സെന്‍ കുമാറിനെ മാറ്റി ലോക്‌നാഥ് ബെഹ്‌റയെ മേധാവിയാക്കിയതുകൊണ്ട് എന്തെങ്കിലും നേട്ടം പിണറായി വിജയന്‍ സര്‍ക്കാറിനുണ്ടായോ? ഒന്നുമില്ലെന്നാണ് ഉത്തരം. പരമോന്നത കോടതിയുടെ ഉത്തരവ് സമ്പാദിച്ച് സെന്‍കുമാര്‍ പൊലീസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തുമ്പോള്‍ പ്രത്യേകിച്ച് മാറ്റം എന്തെങ്കിലുമുണ്ടാകുമോ? വിരമിക്കുമ്പോള്‍ ടിയാന്‍ സംസ്ഥാന പോലീസ് മേധാവിയായിരുന്നുവെന്ന് ജീവചരിത്രക്കുറിപ്പില്‍ രേഖപ്പെടുത്തി സംതൃപ്തിയടയാം. ആ അവസരം അനുവദിക്കാനുള്ള സൗമനസ്യം മുഖ്യമന്ത്രി പിണറായി വിജയനുണ്ടായില്ല. അതിനുള്ള അവസരം സുപ്രീം കോടതി അനുവദിച്ചിരിക്കുന്നു. സെന്‍കുമാറിന് പകരം നിയമിതനായ ബഹ്‌റക്ക് കീഴില്‍ കേരള പൊലീസ് ദുഷ്‌പേര് കേള്‍പ്പിച്ചപ്പോള്‍ അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിയുടെ ചുമലിലാണ് പതിച്ചത്. വീഴ്ചകള്‍ എണ്ണിപ്പറഞ്ഞും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടി വിശദീകരിച്ചും ആ ഉത്തരവാദിത്തത്തോട് മുഖ്യമന്ത്രി നീതിപുലര്‍ത്തി. സെന്‍കുമാര്‍ തുടര്‍ന്നിരുന്നുവെങ്കിലും ഇതൊക്കെ തന്നെ സംഭവിച്ചേനേ. തരമനുസരിച്ചാണെങ്കില്‍ കുറച്ചധികവും.

പ്രയോഗതലം ഇതാണെങ്കിലും സിദ്ധാന്തം മറിച്ചാണ്. ക്രമസമാധാനം, അന്വേഷണം എന്നിവയുടെ ചുമതലയുള്ള ഡയറക്ടര്‍ ജനറലിനെയാണ് സംസ്ഥാന പോലീസ് മേധാവി എന്ന് നിര്‍വചിച്ചിരിക്കുന്നത്. രണ്ട് കാര്യങ്ങളും ഭരണം കൈയാളുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ ഇച്ഛക്കൊത്ത് നടക്കേണ്ടവയല്ല. അതുകൊണ്ട് പോലീസ് മേധാവി സ്ഥാനത്ത് നിയമിക്കപ്പെടുന്നയാളെ കുറഞ്ഞത് രണ്ട് വര്‍ഷം അവിടെയിരുത്തണമെന്നാണ് പരമോന്നത കോടതിയുടെ ഉത്തരവ്. പൊലീസ് സേനയുടെ സ്വതന്ത്ര പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനുള്ള പല മാര്‍ഗങ്ങളില്‍ ഒന്നാണിതെന്നും നീതിന്യായ സംവിധാനം വിശദീകരിക്കുന്നു.
പൊലീസ് മേധാവിയായി നിയമിതനാകുന്ന ഉദ്യോഗസ്ഥന്‍ രണ്ട് വര്‍ഷം ആ സ്ഥാനത്ത് തുടര്‍ന്നാല്‍ പ്രവര്‍ത്തനം സ്വതന്ത്രമാകുമോ എന്ന ചോദ്യം പ്രസക്തമല്ല, കഥയില്‍ ചോദ്യമില്ലെന്നാണ് പ്രമാണം. ഒരു വര്‍ഷത്തിനിടെ അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്ന കേസുകള്‍ പരിശോധിക്കുക. താഴേത്തട്ടിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍, അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ക്രമവിരുദ്ധമായി ഇടപെടുകയോ വേണ്ട ജാഗ്രത കാട്ടാതിരിക്കുകയോ ചെയ്തതാണ് ഈ ആരോപണങ്ങള്‍ക്ക് അടിസ്ഥാനം. രാഷ്ട്രീയ – ഭരണ നേതൃത്വങ്ങള്‍ ഇടപെടാതെ തന്നെ ചില കേസുകളില്‍ ‘വേണ്ടപ്പെട്ടവര്‍ക്ക്’ വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറായി നിന്നു ഉദ്യോഗസ്ഥര്‍. അവഗണിച്ചാലും ആരും ചോദിക്കാനില്ലാത്ത ചില കേസുകളില്‍ അവ്വിധവും പ്രവര്‍ത്തിച്ചു. അഴിമതിക്ക് വശംവദരാകാനോ കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്താനോ മടിക്കാതെ നില്‍ക്കുന്ന സേനയുടെ തലപ്പത്ത് ഒരാള്‍ രണ്ടാണ്ട് ഇരിക്കുന്നതു കൊണ്ട് എന്തെങ്കിലും മാറ്റമുണ്ടാകുമോ? രണ്ടാണ്ട് തുടര്‍ച്ചയായി ഇരിക്കാനാകുമെന്ന പ്രതീക്ഷയില്‍ ലോക്‌നാഥ് ബഹ്‌റയെ നിയമിച്ചിട്ട് എന്തെങ്കിലും മാറ്റമുണ്ടായോ? കഥയില്‍ ചോദ്യമില്ലാത്തതിനാല്‍ ഉത്തരം പ്രസക്തമല്ല.
ചെറിയൊരു ഫഌഷ് ബാക്ക്. നിര്‍ബന്ധിതാവധിയിലെന്ന് കരുതപ്പെടുന്ന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ഇതേ പദവിയിലിരിക്കുന്ന കാലം. ബാറുടമകളില്‍ നിന്ന് കെ എം മാണി കോഴവാങ്ങിയെന്ന ആരോപണവും അതിന്റെ ഉപദംശങ്ങളും അരങ്ങുവാഴുന്നു. ജേക്കബ് തോമസ് തുടര്‍ന്നാല്‍ വിജിലന്‍സ് വേണ്ടാതീനമെന്തെങ്കിലും കാണിക്കുമോ എന്ന ശങ്കയുണ്ടായി ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്. ജേക്കബ് തോമസിന് സ്ഥാനക്കയറ്റം നല്‍കി ശങ്ക തീര്‍ത്തു. പകരം നിയമനം നല്‍കിയത് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വിഭാഗത്തില്‍. വല്ലഭന് പുല്ലും ആയുധമെന്ന തത്വം ഓര്‍മയില്‍ വന്നില്ല ഉമ്മന്‍ ചാണ്ടിക്ക്. തീ പടര്‍ന്നാല്‍ നിയന്ത്രിക്കാനുള്ള സംവിധാനം, ചട്ടപ്രകാരം ഏര്‍പ്പെടുത്താത്ത ബഹുനില മന്ദിരങ്ങള്‍ക്കൊന്നും അനുമതി നല്‍കില്ലെന്ന് പ്രഖ്യാപിച്ചു ജേക്കബ് തോമസ്. റിയല്‍ എസ്റ്റേറ്റ് വ്യവസായികള്‍ ഇളകിയാടി. നിയമിച്ചതിനേക്കാള്‍ വേഗത്തില്‍ സ്ഥാനചലനമായിരുന്നു ഫലം. അന്വേഷണം ‘വേണ്ട’ വഴിക്ക് നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍, ചട്ടം ലംഘിച്ചാലും റിയല്‍ എസ്റ്റേറ്റ് വ്യവസായം കൊഴുക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുമ്പോള്‍ പരമോന്നത നീതിപീഠം ആവിഷ്‌കരിച്ച, രണ്ടാണ്ടെന്ന കവചം ഒരു സംരക്ഷണമാണ്. അതൊന്നുമില്ലെങ്കില്‍ ഈ സംരക്ഷണം അനുവദിക്കേണ്ടതുണ്ടോ എന്നത് ആലോചനാമൃതമാണ്.

ടി പി സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിച്ചത് ഉമ്മന്‍ ചാണ്ടി സര്‍ക്കാറാണ്. ആ സര്‍ക്കാറില്‍ വിശ്വാസമില്ലെന്നാണ് 2016 മെയില്‍ കേരളത്തിലെ വോട്ടര്‍മാരില്‍ ഭൂരിപക്ഷം വിധിച്ചത്. അതേത്തുടര്‍ന്ന് അധികാരത്തിലെത്തിയ പിണറായി വിജയന്‍ സര്‍ക്കാറിന് ഭരണതലത്തില്‍ അവര്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ വരുത്താമെന്ന് കൂടിയായിരുന്നു ജനവിധി. അതിന് പാകത്തില്‍ ഉദ്യോഗസ്ഥരെ പുനര്‍ വിന്യസിക്കാന്‍ സര്‍ക്കാറിന് അവകാശവുമുണ്ട്. ജനവിധി നല്‍കിയ ആ അധികാരം ഉപയോഗപ്പെടുത്തിയാണ് ടി പി സെന്‍ കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തു നിന്ന് പിണറായി വിജയന്‍ നീക്കിയത്. ആ രാഷ്ട്രീയ തീരുമാനം നടപ്പാക്കുകയാണ് അന്നത്തെ ചീഫ് സെക്രട്ടറി ചെയ്തത്. ആ തീരുമാനത്തില്‍ അസ്വാഭാവികതയില്ലെന്ന് വാദിക്കാനാണ് ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ശ്രമിച്ചത്. അതില്‍ അത്രത്തോളം അപാകമുണ്ടെന്ന് പറയാനാകില്ല. പൊലീസിലെ പരിഷ്‌കാരങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ട ഹരജി പരിഗണിക്കവെ പരമോന്നത കോടതി കല്‍പ്പിച്ച, അന്വേഷണവും ക്രമസമാധാന പാലനവും സ്വതന്ത്രമാകണമെന്ന ഉദ്ദേശ്യത്തില്‍ ഡി ജി പിക്ക് രണ്ടാണ്ടെങ്കിലും ഉറച്ച കസേര എന്ന ന്യായം ഇവിടെ സംഗതമാണെന്ന് തോന്നുന്നില്ല. അന്വേഷണ അട്ടിമറിയോ അഴിമതി മൂടിവെക്കലോ ലാക്കാക്കിയല്ല സെന്‍കുമാറിനെ മാറ്റിയത്. മറിച്ച്, പുതുതായി അധികാരത്തിലെത്തിയ സര്‍ക്കാറിന് സ്വന്തം നയം നടപ്പാക്കാന്‍ കുറേക്കൂടി മികച്ചതെന്ന് തോന്നിയ ഒരു തെരഞ്ഞെടുപ്പ് നടത്തിയെന്ന് മാത്രം. ആ തെരഞ്ഞെടുപ്പ് ഗുണം ചെയ്‌തോ ഇല്ലയോ എന്നത് വേറെ പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ സെന്‍കുമാറിനെ തിരികെ നിയമിക്കണമെന്ന സുപ്രീം കോടതിയുത്തരവ്, നിയമപ്രകാരം ശരിയായിരിക്കെത്തന്നെ രാഷ്ട്രീയാധികാരത്തെ പരിമിതപ്പെടുത്തുന്നതാണ്.
മികവുണ്ടെന്ന് അവകാശപ്പെടാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. ഞാനേയുള്ളൂ മികച്ചവനായെന്ന് കരുതുകയുമാകാം. അത് എല്ലാവരും അംഗീകരിക്കണമെന്ന് നിര്‍ബന്ധത്തിന് പക്ഷേ സാധ്യതയില്ല. പ്രത്യേകിച്ച് രാഷ്ട്രീയവും ഭരണവുമൊക്കെയായി ബന്ധപ്പെടുമ്പോള്‍. പൊലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കുമ്പോള്‍ ഡി ജി പി റാങ്കിലോ വേതന വ്യവസ്ഥയിലോ മാറ്റമൊന്നും സംഭവിക്കുന്നുമില്ല. അധികാരസ്ഥാനത്തു നിന്ന് ഒഴിവാക്കപ്പെടുമ്പോള്‍ ഏതൊരാള്‍ക്കുമുണ്ടാകുന്ന സ്വാഭാവിക പ്രയാസം ഉണ്ടാകുന്നുവെന്ന് മാത്രം. മേധാവി സ്ഥാനത്തിരുത്തി അവഗണിക്കുകുകയാണെങ്കില്‍ ഉണ്ടാകാന്‍ ഇടയുള്ള പ്രയാസത്തോളം വരില്ല ഒഴിവാക്കുമ്പോള്‍ ഉണ്ടായത്. ഭരണമേറിയവര്‍ക്ക് നിങ്ങളില്‍ വിശ്വാസമില്ലെന്ന പരസ്യ പ്രഖ്യാപനം കൂടിയാണ് നീക്കം ചെയ്ത നടപടി. അത് നിയമപോരാട്ടത്തിലൂടെ തിരിച്ചെടുക്കാവുന്ന ഒന്നല്ല താനും. നിയമപോരാട്ടത്തില്‍ ജയിച്ച് മേധാവി സ്ഥാനത്ത് തിരിച്ചെത്തുമ്പോള്‍ സ്വന്തം അഭിമാനം ചോദ്യംചെയ്തതിന് ഉചിതമായ മറുപടി നല്‍കിയെന്ന ആശ്വാസമുണ്ടായേക്കാം. അത് വ്യക്തി എന്ന നിലക്ക് സെന്‍കുമാറിന് പ്രധാനവുമാണ്. പക്ഷേ, ഡി ജി പി എന്ന ഉയര്‍ന്ന സ്ഥാനത്തിരിക്കുമ്പോള്‍ അത്തരം മറുപടികളിലൂടെ
ലഭിക്കുന്ന ആശ്വാസത്തിന് അത്രത്തോളം പ്രസക്തിയുണ്ടോ? പകരം നിയോഗിക്കപ്പെട്ടയാളുടെ കീഴില്‍ പൊലീസ് സേന നിരന്തരം പഴികേള്‍ക്കേണ്ടി വന്ന സാഹചര്യം ഒരു നിലക്ക് സെന്‍കുമാറിന്റെ വിജയവുമാണ്.

സ്ഥാനം തിരികെ നല്‍കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കപ്പെട്ടാല്‍ പൊലീസ് മേധാവിയും സര്‍ക്കാറും രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന സാഹചര്യമുണ്ടാകും. സെന്‍കുമാറെന്ന മേധാവിയെ മറികടന്ന് എങ്ങനെ കാര്യങ്ങള്‍ ചെയ്യാമെന്നതില്‍ ഗവേഷണം നടത്തുകയാകും സര്‍ക്കാര്‍ ചെയ്യുക. സര്‍ക്കാറിന്റെ ഇത്തരം നടപടികളെ എങ്ങനെ നേരിടാമെന്നാവും സെന്‍കുമാര്‍ ചിന്തിക്കുക. പൊലീസിനെ കാര്യക്ഷമമാക്കാനോ ദുഃസ്വാധീനങ്ങളില്‍ നിന്ന് മുക്തമാക്കാനോ നടപടിയൊന്നുമുണ്ടാകില്ലെന്ന് ചുരുക്കം. സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണയുള്ള പൊലീസ് മേധാവിക്ക് സാധിക്കാത്ത കാര്യങ്ങള്‍ ആ പിന്തുണയില്ലാത്ത മേധാവിക്ക് സാധിക്കുമോ? അല്ലെങ്കില്‍ പരമോന്നത കോടതിയുടെ വിധിവന്നയുടന്‍ സെന്‍കുമാറിനെ തിരികെ നിയമിച്ച് സൗഹൃദത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനുള്ള മനസ്സ് പിണറായി വിജയന്‍ സര്‍ക്കാര്‍ കാട്ടണമായിരുന്നു. സെന്‍കുമാറിന്റെ അഭിമാനബോധത്തേക്കാള്‍ വലുതാണല്ലോ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന് നേതൃത്വം നല്‍കുന്നവരുടെ അഭിമാനബോധം. അതിലൊരു വിട്ടുവീഴ്ച പിണറായി വിജയന്‍ സര്‍ക്കാറില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല.
ഏതെങ്കിലുമൊരു ഉദ്യോഗസ്ഥന്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും ഒരു പദവിയില്‍ ഇരുന്നാലേ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കൂ എന്നതാണ് വസ്തുതയെങ്കില്‍ ഈ സംവിധാനത്തിന് കാര്യമായ പ്രശ്‌നമുണ്ട്. അത് പരിഹരിക്കാനാണ് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അല്ലാതെ ഉദ്യോഗസ്ഥനുമായുള്ള തര്‍ക്കത്തില്‍ അഭിമാനക്ഷതമുണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കാനല്ല. കാര്യക്ഷമതയുള്ള സംവിധാനത്തെ സൃഷ്ടിക്കാനാകുന്നില്ലെന്നതിന് തെളിവുകള്‍ ഈ സര്‍ക്കാറിന്റെ കാലത്തേത് മാത്രമല്ല. ആ സംവിധാനം അങ്ങനെ തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇത്തരം തര്‍ക്കങ്ങള്‍ തുടരാം. ന്യായാന്യായ വിചാരം ചട്ടപ്പടി ആവര്‍ത്തിക്കുകയുമാകാം.