ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ യുനെസ്‌കോക്ക് പ്രധാന പങ്കെന്ന് അല്‍ കുവാരി

Posted on: April 30, 2017 8:16 pm | Last updated: April 30, 2017 at 8:16 pm
യുനെസ്‌കോ എക്‌സിക്യൂട്ടീവ് ബോര്‍ഡിന്റെ മുമ്പാകെ ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരി പദ്ധതികള്‍ അവതരിപ്പിക്കുന്നു

ദോഹ: സൈനിക നടപടി മതിയാകാതെ വരുന്ന പശ്ചാത്തലത്തില്‍ ഭീകരവാദത്തെനെതിരെയുള്ള പോരാട്ടത്തില്‍ യുനൈറ്റഡ് നാഷന്‍സ് എജുക്കേഷനല്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന് (യുനെസ്‌കോ) ഏറെ ചെയ്യാനുണ്ടെന്ന് അമീരി ദിവാന്‍ സാംസ്‌കാരിക ഉപദേഷ്ടാവ് ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരി. യുനെസ്‌ക് ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ഥിത്വം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. അജ്ഞതയും ദാരിദ്ര്യവും മറികടക്കാതെ തീവ്രവാദത്തെ ഇല്ലായ്മ ചെയ്യാനാകില്ല. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം സംബന്ധിച്ച ബോധവത്കരണം വ്യാപകമാക്കുകയും ബഹു സാംസ്‌കാരികത പ്രചരിപ്പിക്കുകയും വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുനെസ്‌കോ നേരിടുന്ന വെല്ലുവിളികള്‍ മറികടക്കാന്‍ ശാസ്ത്ര, സാങ്കേതികവിദ്യ മേഖലക്ക് ഏറെ സംഭാവനകള്‍ അര്‍പ്പിക്കാന്‍ സാധിക്കും. ആ മേഖലയിലെ വിദഗ്ധരും ശാസ്ത്രജ്ഞരും ഏറെ നേട്ടങ്ങള്‍ കൊണ്ടുവരും. ലോകത്തുടനീളമുള്ള ശാസ്ത്രജ്ഞരുടെയും വിദഗ്ധരുടെയും കേന്ദ്രമായി യുനെസ്‌കോയെ മാറ്റുന്നതിന് ശാസ്ത്ര സംഘവുമായി താന്‍ ചേര്‍ന്നുപ്രവര്‍ത്തിക്കും. ആവശ്യക്കാരായ രാജ്യങ്ങളെ സഹായിക്കുന്നതിന് ചെറുകിട വ്യവസായങ്ങള്‍ക്ക് ധനസഹായം നല്‍കും. ഈ ആശയം നിരവധി വ്യവസായികളുമായി പങ്കുവെച്ചിട്ടുണ്ട്. അവരെല്ലാം സംഭാവന നല്‍കാന്‍ സന്നദ്ധരുമാണ്. ഡയറക്ടര്‍ ജനറല്‍ ആയി തിരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യ ദിനം തന്നെ ഈ ഫണ്ട് സജീവമാകും. ജര്‍മനിയുടെ മൈക്കല്‍ വോര്‍ബ്‌സിന്റെ അധ്യക്ഷതയിലുള്ള യുനെസ്‌കോയിലെ 58 അംഗ എക്‌സിക്യൂട്ടീവ് ബോര്‍ഡിന്റെ മുമ്പാകെയാണ് സംഘടനയെ കുറിച്ചുള്ള തന്റെ ആശയങ്ങളും പദ്ധതികളും അല്‍ കുവാരി സമര്‍പ്പിച്ചത്.

സമാധാനം സ്ഥാപിക്കുന്നതില്‍ യുനെസ്‌കോയുടെ യജ്ഞം പ്രധാനമാണ്. സമാധാനത്തിന് വേണ്ടിയാണ് സംഘടന രൂപവത്കരിക്കപ്പെട്ടത് എന്നതിനാല്‍ ആ ദൗത്യം നിര്‍വഹിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ, തൊഴില്‍ ജീവിതത്തിലുടനീളം വിവിധ സംസ്‌കാരങ്ങളില്‍ നിന്ന് പഠിക്കാനും സംവദിക്കാനും സാധിച്ചിട്ടുണ്ട്. ഏത് നാഗരികതയുടെയും അവകാശം യുനെസ്‌കയുടെ ഉന്നത പരിഗണനയിലുണ്ടാകും. അറബ് നാഗരികതയാകട്ടെ, മറ്റെതെങ്കിലുമാകട്ടെ ഈ അവകാശം വകവെച്ചുനല്‍കും. നിരവധി വിജയങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും യുനെസ്‌കോ വിവിധ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. പങ്ക് സംബന്ധിച്ച പൊതു ബോധവത്കരണത്തിലെ പാളിച്ച അതില്‍ പ്രധാനമാണ്. സംഘടനയുമായുള്ള സഹകരണത്തില്‍ ഈ പോരായ്മ വന്നിട്ടുണ്ട്. സമവായമില്ലാത്തതിനാല്‍ ചില വെല്ലുവിളികള്‍ രാഷ്ട്രീയപരമാണ്. യുനെസ്‌കോയുടെ പല തീരുമാനങ്ങളും നിലവില സാമ്പത്തിക പ്രതിസന്ധിയില്‍ തട്ടിത്തടയുന്നു.

ലോകത്തുടനീളമുള്ള ദരിദ്ര കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതില്‍ സംഘടനയുടെ പങ്ക് പ്രധാനമാണ്. വിദ്യാഭ്യാസവും സാക്ഷര വനിതകളുടെ പങ്കാളിത്തവും കൂടാതെ വികസനം സാധ്യമല്ല. സഹിഷ്ണുത, സംസ്‌കാരങ്ങള്‍ക്കിടയിലെ സമ്പര്‍ക്കം തുടങ്ങിയ മാനവിക മൂല്യങ്ങള്‍ രൂഢമൂലമാക്കാന്‍ വിദ്യാഭ്യാസവും അനുബന്ധ പ്രവര്‍ത്തനങ്ങളും നിര്‍ണായകമാണ്. അതിലൂടെ തീവ്രവാദത്തിന്റെ ബൗദ്ധിക സ്രോതസ്സുകള്‍ ഇല്ലാതാക്കാനും അനാകര്‍ഷണീയമാക്കാനും സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.