Connect with us

National

റോഡില്‍ നിന്ന് പശുവിനെ മാറ്റാനായി ഹോണ്‍ മുഴക്കിയ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദ്ധനം

Published

|

Last Updated

സഹര്‍ഷ(ബീഹാര്‍): റോഡില്‍ നിന്ന് പശുവിനെ മാറ്റാനായി ഹോണടിച്ച പിക്കപ്പ് വാന്‍ ഡ്രൈവറെ പശുവിന്റെ ഉടമസ്ഥന്‍ ക്രൂരമായി മര്‍ദിച്ചു. യുവാവിന്റെ ഇടത് കണ്ണിന് കാഴ്ച നഷ്ടപ്പെട്ടു. ബീഹാറിലെ സഹര്‍ഷ ജില്ലയിലാണ് ഗോസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന അക്രമ പരമ്പരയിലെ ഏറ്റവും പുതിയ പതിപ്പ് അരങ്ങേറിയിരിക്കുന്നത്. ഗണേശ് മണ്ഡല്‍ (30) ആണ് ക്രൂരമായ മര്‍ദനത്തിന് ഇരയായതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. റോഡില്‍ മാര്‍ഗതടസ്സമായി നില്‍ക്കുകയായിരുന്ന പശുവിനെ മാറ്റാനായി ഹോണടിക്കുകയായിരുന്നു. ഹോണ്‍ മുഴക്കി പശുവിനെ പേടിപ്പിച്ചെന്നായിരുന്നു ഉടമസ്ഥന്റെ ആരോപണം.
ബീഹാര്‍ തലസ്ഥാനമായ പാറ്റ്‌നക്ക് സമീപമുള്ള മെയ്‌ന ഗ്രാമത്തിലെ സോന്‍ബര്‍സ രാജ് പോലീസ് സ്‌റ്റേഷന് സമീപം വ്യാഴാഴ്ചയാണ് സംഭവം. മാര്‍ക്കറ്റില്‍ വാന്‍ ഓടിക്കുന്ന ഗണേശ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു. അപ്പോഴാണ് മാര്‍ഗ തടസ്സമായി പശു നില്‍ക്കുന്നത് കണ്ടത്. സ്വാഭാവികമായും ഹോണ്‍ അടിച്ചു. ഹോണ്‍ ശബ്ദം കേട്ട പശു റോഡില്‍ നിന്ന് മാറിയെങ്കിലും പശുവിനെ പേടിപ്പിക്കാന്‍ മനഃപൂര്‍വം ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ച് വണ്ടി തടഞ്ഞ് നിര്‍ത്തി ഉടമസ്ഥന്‍ ഡ്രൈവറെ മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ ബോധരഹിതനായ ഗണേശിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇടത് കണ്ണില്‍ നിന്ന് കൂടുതല്‍ രക്തം വാര്‍ന്നതിനാല്‍ കാഴ്ച നഷ്ടപ്പെടുകയായിരുന്നു. എന്നാല്‍ താന്‍ ഗണേശിനെ മര്‍ദിച്ചിട്ടില്ലെന്നും തന്റെ പശു റോഡിലേക്ക് പോയിട്ടില്ലെന്നുമാണ് ഉടമസ്ഥന്‍ രാം ദുലര്‍ യാദവ് പോലീസിനോട് പറഞ്ഞത്. ഗണേശിന്റെ പരാതിയില്‍ കേസെടുത്തതായി സോന്‍ബര്‍സാ രാജ് പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ മുഹമ്മദ് ഇസ്ഹര്‍ ആലം പറഞ്ഞു.

Latest