എന്‍പി ഉമ്മര്‍ സാഹിബിന് കണ്ണീരോടെ വിട

Posted on: April 30, 2017 7:00 pm | Last updated: April 30, 2017 at 7:42 pm

കോഴിക്കോട്: ശനിയാഴ്ച അർധരാത്രി വാഹനാപകടത്തിൽ മരിച്ച കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കൗണ്‍സിലറും സിറാജ് പബ്ലിക് റിലേഷന്‍സ് ഓഫീസറുമായ കണ്ണാടിക്കല്‍ സാബിറ മന്‍സിലില്‍ എന്‍ പി ഉമര്‍ ഹാജി(72)ക്ക് കണ്ണീരോടെ വിട. ഉമ്മർ ഹാജിയുടെ മയ്യിത്ത് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പറമ്പിൽ പള്ളി സുന്നി മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. കോഴിക്കോട് മെഡിക്കൽ കോളജ് പള്ളി, മർകസ് മസ്ജിദ്, കണ്ണാടിക്കൽ ജുമുഅ മസ്ജിദ്, പറമ്പിൽ പള്ളി ജുമുഅ മസ്ജിദ്  എന്നിവിടങ്ങളിൽ നടന്ന മയ്യിത്ത് നിസ്കാരത്തിൽ നൂറുക്കണക്കിന് ആളുകൾ പങ്കെടുത്തു. കെകെ അഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, സയ്യിദ് സെെനുൽ ആബിദീൻ ബാഫഖി മലേഷ്യ തുടങ്ങിയവർ പല ഘട്ടങ്ങളിലായി നടന്ന മയ്യിത്ത് നിസ്സാരത്തിന് നേതൃത്വം നൽകി.

എസ് എം എ സംസ്ഥാന സമിതി അംഗം, കേരള മുസ്‌ലിം ജമാഅത്ത് കോഴിക്കോട് സിറ്റി നോര്‍ത്ത് സോണ്‍ സെക്രട്ടറി, കണ്ണാടിക്കല്‍ മഹല്ല് കമ്മിറ്റി ജനറല്‍ സെക്രട്ടറി, കോഴിക്കോട് സ്റ്റേഡിയം പള്ളി സെക്രട്ടറി, കയ്യടിത്തോട് മഹല്ല് സെക്രട്ടറി, പന്നിയങ്കര മസ്ജിദ് റൗള പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. സംസ്ഥാനത്ത് വിവിധ പഞ്ചായത്തുകളിലായി സെക്രട്ടറി പദവിയില്‍ ഔദ്യോഗിക ജീവിതത്തില്‍നിന്നും വിരമിച്ചശേഷം മത-സാമൂഹിക മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

ശനിയാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് മടങ്ങവേ കോഴിക്കോട് നഗരത്തില്‍വെച്ച് ബൈക്കിടിച്ച് പരുക്കേറ്റ അദ്ദേഹം അര്‍ധരാത്രി 12.45ഓടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. ഭാര്യ: റുഖിയ. മക്കള്‍: മന്‍സൂര്‍, സഹീര്‍, യാസിര്‍, ഇസ്്മാഈല്‍ (ഡി ടി പി ഓപ്പറേറ്റര്‍, സിറാജ്), സാബിറ. മരുമക്കള്‍: മുസ്തഫ വേങ്ങേരി, നാസിയ, ബുഷ്‌റ, ജസ്‌ന, ഫര്‍ഹാന.