പെമ്പിളൈ ഒരുമൈ നേതാക്കളെ അറസ്റ്റ് ചെയ്തു; സത്യാഗ്രഹം തുടരും

>>ആശുപത്രിയിലും സമരം തുടരുമെന്ന് ഗോമതി >>സ്ഥലത്ത് നേരിയ സംഘര്‍ഷം
Posted on: April 29, 2017 3:25 pm | Last updated: April 30, 2017 at 7:36 pm

തൊടുപുഴ: മന്ത്രി എം എം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ അഞ്ച് ദിവസമായി നിരാഹാര സമരം നടത്തിവന്ന പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമര സമിതി നേതാക്കളായ ഗോമതി, കൗസല്യ എന്നിവരെയാണ് ആരോഗ്യനില മോശമായെന്ന കാരണത്താല്‍ അറസ്റ്റ് ചെയ്ത് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. പെമ്പിളൈ ഒരുമൈ പ്രവര്‍ത്തക രാജേശ്വരിയെ ഇന്നലെ രാവിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഈ സമയം ഗോമതിയെയും കൗസല്യയെയും ഇവിടെ നിന്ന് മാറ്റാന്‍ ശ്രമമുണ്ടായെങ്കിലും ഇവര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് പോലീസ് പിന്മാറിയെങ്കിലും പിന്നീട് ഉച്ചകഴിഞ്ഞ് ഇവരെയും അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. നിരാഹാരത്തിന് പകരം സത്യഗ്രഹം തുടരുമെന്ന് രാജേശ്വരി അറിയിച്ചു.

അറസ്റ്റിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. സ്‌ട്രെച്ചറില്‍ നിന്ന് ചാടിയിറങ്ങാന്‍ ഗോമതി പലതവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആംബുലന്‍സില്‍ നിന്ന് പുറത്തേക്കിറങ്ങാനുള്ള ശ്രമവും പോലീസ് തടഞ്ഞു. സമരപന്തലില്‍ ഉണ്ടായിരുന്ന പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുടെയും ആം ആദ്മി പ്രവര്‍ത്തകരുടെയും എതിര്‍പ്പിനെ മറികടന്നായിരുന്നു അറസ്റ്റ്. കൗസല്യയെയും ഗോമതിയെയും ബലമായി പിടിച്ചുവലിച്ച് പോലീസ് വാഹനത്തില്‍ കയറ്റുകയായിരുന്നു. ഡ്രിപ്പ് ഇടാനുള്ള ഡോക്ടര്‍മാരുടെ ശ്രമത്തിന് ഇവര്‍ വഴങ്ങിയില്ല.
ഗോമതിയെ ആശുപത്രിയിലേക്ക് കൊണ്ടുവന്ന ആംബുലന്‍സ് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ തടഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ട് മൂന്നോടെ അടിമാലി സെന്‍ട്രല്‍ ജംഗ്ഷനിലായിരുന്നു സംഭവം.

ഇടുക്കി വനിതാ സെല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സീതാദേവിയുടെ നേത്യത്വത്തില്‍ പോലീസ് ഗോമതിയെ അറസ്റ്റ് ചെയ്ത് അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് വേണ്ടി കൊണ്ടുവരികയായിരുന്നു. അടിമാലി സെന്‍ട്രല്‍ ജംഗ്ഷനില്‍ കാത്തുനിന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞു. ഗോമതിയെ നിര്‍ബന്ധപൂര്‍വം അറസ്റ്റ് ചെയ്‌തെന്നാരോപിച്ചായിരുന്നു ആംബുലന്‍സ് തടഞ്ഞത്.
വനിത സെല്‍ സി ഐ സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും സമരക്കാര്‍ പിന്മാറാന്‍ കൂട്ടാക്കാതെ വന്നത് ടൗണില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചെങ്കിലും പോലീസുകാരുടെ അവസരോചിത ഇടപെടല്‍ ഗോമതിയെ ആശുപത്രിയിലെത്തിക്കാന്‍ സഹായകമായി.