Connect with us

National

കാശ്മീര്‍: സമാധാനം പുനഃസ്ഥാപിക്കാന്‍ വിദ്യാര്‍ഥികള്‍ കല്ലേറ് നിര്‍ത്തണം - സുപ്രിം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: കാശ്മീരില്‍ സമാധാനം പുനസ്ഥാപിക്കപ്പെടണമെങ്കില്‍ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി സുരക്ഷാ സേനയെ കല്ലെറിയുന്നത് നിര്‍ത്തണമെന്ന് സുപ്രീം കോടതി. വിദ്യാഭ്യാസ ശാക്തീകരണത്തിലൂടെ മാത്രമെ കാശ്മീരില്‍ വ്യാപകമായ തൊഴില്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കൂവെന്നും കോടതി നിരീക്ഷിച്ചു. കാശ്മീരിലെ പെല്ലറ്റ് ഗണ്‍ പ്രയോഗത്തിന് എതിരെ ജമ്മു കാശ്മീര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായരുന്നു കോടതി.

കാശ്മീരില്‍ സമാധാന ചര്‍ച്ചകള്‍ക്ക് മുമ്പായി രണ്ടടി പിറകോട്ട് പോകാന്‍ ഇരുകൂട്ടരും തയ്യാറാകണം. കല്ലെറിയലും പെല്ലറ്റ് ഗണ്‍ പ്രയോഗവും നിര്‍ത്തിയശേഷമേ സമാധാനം തിരികെക്കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂവെന്ന് ചീഫ് ജസ്റ്റിസ് ജെഎസ് ഖഹാറിന്റെ നേതൃത്വത്തിലുള്ള ബഞ്ച് നിരീക്ഷിച്ചു. കാശ്മീര്‍ പ്രശനപരിഹാരത്തിനുള്ള ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കാന്‍ തയ്യാറാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അതേസമയം, സുരക്ഷാ സേന സ്‌കൂളുകളിലും യൂനിവേഴ്‌സിറ്റികളിലും കയറി വിദ്യാര്‍ഥികളെ അടിച്ചൊതുക്കാന്‍ ശ്രമിക്കുകയാണെന്ന് ജമ്മു കാശ്മീര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ കോടതിയെ ബോധിപ്പിച്ചു. സുരക്ഷാസേന വിദ്യാര്‍ഥികളെ മര്‍ദിച്ചാല്‍ അവര്‍ കല്ലെറിയും. കല്ലെറിയുന്നത് പ്രതികരണമായാണ്. കാശ്മീര്‍ ജനതയുമായി സംസാരിക്കുന്നത് തന്നെ കേന്ദ്രം നിര്‍ത്തിയിരിക്കുകയാണ്. ഉപാധിരഹിതവും ആത്മാര്‍ഥവുമായ ചര്‍ച്ചകളാണ് കാശ്മീര്‍ ജനത ആവശ്യപ്പെടുന്നതെന്നും ബാര്‍ കൗണ്‍സില്‍ ബോധിപ്പിച്ചു.

അതിനിടെ, വിഘടനവാദികള്‍ ആസാദി മുദ്രാവാക്യം നിര്‍ത്തുന്നത് വരെ അവരുമായി ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. ഹുര്‍യത്ത് നേതാക്കളുമായി ചര്‍ച്ച നടത്തണമെന്ന ബാര്‍ അസോസിയേഷന്റെ ആവശ്യവും കേന്ദ്രം തള്ളി. നിയമപരമായി സംസാരിക്കാന്‍ യോഗ്യതയുള്ളവരുമായി മാത്രമേ കേന്ദ്രം ചര്‍ച്ചക്കുള്ളൂവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതേതുടര്‍ന്ന് ചര്‍ച്ചകള്‍ക്ക് യോഗ്യരായ പ്രസ്‌ക്തരുടെ പേരുകള്‍ സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ബാര്‍ അസോസിയേഷന് നിര്‍ദേശം നല്‍കി.

Latest