കശ്മീര്‍ നയവും പുനഃപരിശോധിക്കണം

Posted on: April 28, 2017 6:27 am | Last updated: April 28, 2017 at 9:31 am

കശ്മീരിലെ അതിക്രമങ്ങള്‍ അന്താരാഷ്ട്ര തലത്തിലും പ്രതിഷേധത്തിനിടയാക്കുകയാണ്. രണ്ട് ദിവസം മുമ്പ് ന്യൂയോര്‍ക്ക് ടൈംസ് കശ്മീരില്‍ സൈന്യം നടത്തി വരുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും അതിക്രമങ്ങളെയും രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. ഫാറൂഖ്ദര്‍ എന്ന യുവാവിനെ രക്ഷാകവചമായി പട്ടാള ജീപ്പിന് മുമ്പില്‍ കെട്ടിയിട്ട സംഭവം സൈനികരുടെ മനുഷ്യാവകാശലംഘനത്തിന്റെ ക്രൂരമായ അധ്യായമെന്ന് കുറ്റപ്പെടുത്തിയ ടൈംസ് കഴിഞ്ഞ ജൂലൈയില്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനെതിരെ സൈന്യം വ്യാപകമായി പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചതില്‍ നിരവധി പേരുടെ ജീവനും കാഴ്ചയും നഷ്ടമായ കാര്യവും ചൂണ്ടിക്കാണിക്കുന്നുണ്ട്. സര്‍ക്കാറില്‍ നിന്ന് തങ്ങള്‍ കടുത്ത വിവേചനമാണ് നേരിടുന്നതെന്ന തോന്നലുളവാക്കാന്‍ സര്‍ക്കാറിന്റെ ഇത്തരം പല നടപടികളും കാരണമായിട്ടുണ്ടെന്ന യശ്വന്ത്‌സിന്‍ഹ സമിതി റിപ്പോര്‍ട്ടും പത്രം ഉദ്ധരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന് അതിന്റെ വിശ്വാസ്യത നഷ്ടപ്പെടുകയും, കശ്മീരികള്‍ക്ക് സ്വപ്‌നം കാണാനുള്ള അവസാനത്തെ അവസരം കൊള്ളയടിക്കുന്നതിനും മുമ്പ് സിന്‍ഹ റിപ്പോര്‍ട്ട് പരിഗണിച്ചു കൊണ്ടുള്ള നടപടികള്‍ക്ക് ഇന്ത്യ സന്നദ്ധമാകണമെന്നും ടൈംസിന്റെ എഡിറ്റോറിയല്‍ ഇന്ത്യന്‍ ഭരണകൂടത്തോട് അഭ്യര്‍ഥിക്കുന്നു. നേരത്തെ ആനംസ്റ്റി ഇന്റര്‍ നാഷനല്‍ തുടങ്ങി വിവിധ ആഗോള മനുഷ്യാവകാശ സംഘടനകളും കാശ്മീരിലെ അതിക്രമങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. 2011ല്‍ അമേരിക്കയുടെ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രശ്‌നമായി പറയുന്നതും കശ്മീര്‍ തന്നെയാണ്.

തിങ്കളാഴ്ച ചത്തിസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 26 സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള നയം പുനഃപരിശോധനക്ക് വിധേയമാക്കുന്ന കാര്യം ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് സൂചിപ്പിരുന്നു. എന്നാല്‍ അതിനേക്കാളേറെ സൈനിക നയത്തില്‍ അടിയന്തര പുനഃപരിശോധന വേണ്ടത് കാശ്മീരിലാണ്. അതിര്‍ത്തി കടന്നുവരുന്ന പാക്തീവ്രവാദികളെ നേരിടാന്‍ കേന്ദ്രം നല്‍കിയ പ്രത്യേകാധികാരത്തിന്റെ ബലത്തില്‍ കൊടുംക്രൂരതയാണ് കാശ്മീരില്‍ സൈന്യം നടത്തുന്നത്. കാല്‍ നൂറ്റാണ്ട് മുമ്പ് വരെ ഇടക്കെപ്പോഴെങ്കിലും ഉണ്ടാവുന്ന പാക് ഭീകരരുടെ ആക്രമണവും വിഘടനവാദികള്‍ സൃഷ്ടിക്കുന്ന കുഴപ്പങ്ങളും മാത്രമേ കശ്മീരികള്‍ സഹിക്കേണ്ടി വന്നിരുന്നുള്ളൂ. തീവ്രവാദത്തെ അടിച്ചമര്‍ത്താനായി രൂപം കൊടുത്ത അഫ്‌സപ 1990ല്‍ കശ്മീരിലേക്കും വ്യാപിപ്പിച്ചതോടെയാണ് ആ ജനത ഭരണകൂടഭീകരതയുടെ ഇരകളാകാന്‍ തുടങ്ങിയത്. ആരെ എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യാനും കേസെടുക്കാതെ തടവില്‍ വെക്കാനും ഏത് വീട്ടിലും ഏത് സമയത്തും കയറിച്ചെല്ലാനും അധികാരം നല്‍കുന്ന ഈ നിയമം ദുരുപയോഗം ചെയ്തു സൈന്യം കാശ്മീരികളെ അനധികൃതമായി പിടിച്ചു കൊണ്ടുപോയി ശാരീരിക ആക്രമണത്തിനും ലൈംഗിക പീഡനത്തിനും ഇരയാക്കുകയും നിര്‍ദാക്ഷിണ്യം കൊലപ്പെടുത്തുകയുമാണ് എന്ന പരാതി വ്യാപകമാണ്. സൈന്യത്തിന്റെ പിടിയിലാകുന്ന പലരെക്കുറിച്ചും പിന്നീട് വിവരമുണ്ടാകില്ല. ചിലപ്പോള്‍ മാസങ്ങള്‍ക്ക് ശേഷം ഏറ്റുമുട്ടലില്‍ അവര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത വന്നെന്നിരിക്കും. ഏതാനും വര്‍ഷം മുമ്പ് സ്‌റ്റേറ്റ് ഹ്യൂമണ്‍ റൈറ്റ് കമ്മീഷന്‍ കശ്മീരിലെ മൂന്ന് ജില്ലകളില്‍ മാത്രം നടത്തിയ തെളിവെടുപ്പില്‍ 2730 അജ്ഞാത മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അവയില്‍ തിരിച്ചറിഞ്ഞ 574 എണ്ണവും കാണാതായ പ്രാദേശ വാസികളുടെതായിരുന്നു. കശ്മീരിയായി ജനിച്ചുപോയി എന്ന ‘തെറ്റി’നപ്പുറം തീവ്രവാദ പ്രസ്ഥാനങ്ങളുമായി ഒരു ബന്ധവുമില്ലാത്തവരാണ് കൊല്ലപ്പെടുന്നവരില്‍ വലിയൊരു ശതമാനവും.

ഭീകര സംഘടനകളില്‍ ചേരുന്ന കശ്മീരി യുവാക്കളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ഈയിടെ സൈനിക നേതൃത്വം തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ബുര്‍ഹാന്‍വാനി വധിക്കപ്പെട്ട ജൂലൈ മുതല്‍ മാര്‍ച്ച് വരെയുള്ള ഒമ്പത് മാസത്തിനുള്ളില്‍ 250 ഓളം യുവാക്കള്‍ ഭീകരസംഘടനകളില്‍ ചേര്‍ന്നതായാണ് സൈനിക കേന്ദ്രങ്ങളുടെ കണക്ക്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായുള്ള കൂടിക്കാഴ്ചയില്‍ കരസേനാ മേധാവി ജനറല്‍ ബിബിന്‍ റാവത്ത് ആവശ്യപ്പെടുകയുമുണ്ടായി. എന്നാല്‍, കശ്മീരിലെ ഭരണകൂട ഭീകരത അവസാനിപ്പിക്കുകയും സൈനികര്‍ക്ക് നല്‍കിയ പ്രത്യേക അധികാരം പിന്‍വലിക്കുകയുമാണ് ഇതിനുള്ള ഏകപരിഹാരം. സൈനിക അതിക്രമങ്ങള്‍ ഇന്നത്തെ നിലയില്‍ തുടരുകയാണെങ്കില്‍ തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് ആകൃഷ്ടരാകുന്ന യുവാക്കളുടെ എണ്ണം ഇനിയും വര്‍ധിക്കുകയേ ഉള്ളൂ. കശ്മീര്‍ ജനതയുടെ സുരക്ഷക്കും പ്രദേശത്തെ സമാധാന സ്ഥാപനത്തിനുമെന്ന പേരില്‍ വിന്യസിച്ച സൈന്യത്തെയാണ് തീവ്രവാദികളേക്കാള്‍ കശ്മീരികള്‍ ഇപ്പോള്‍ ഭയപ്പെടുന്നത്.

യശ്വന്ത് സിന്‍ഹ റിപ്പോര്‍ട്ട് വ്യംഗമായി പറയുന്നതും ഇതുതന്നെയാണ്. എന്നാല്‍ ഈ റിപ്പോര്‍ട്ടിനെക്കുറിച്ചു ചര്‍ച്ച നടത്താന്‍ പോലും കേന്ദ്രം വിമുഖത കാണിക്കുകയാണ്. റിപ്പോര്‍ട്ടിനെക്കുറിച്ച് സംസാരിക്കുന്നതിന് മാസങ്ങളായി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് ശ്രമിച്ചിട്ടും നടന്നില്ലെന്നാണ് ബി ജെ പി നേതാവും മുന്‍ മന്ത്രിയുമായ യശ്വന്ത്‌സിന്‍ഹ ചൊവ്വാഴ്ച മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്.