പൊന്നാനി നഗരസഭയില്‍ ഇടത് മുന്നണിയില്‍ പുകച്ചില്‍

Posted on: April 27, 2017 2:55 pm | Last updated: April 27, 2017 at 2:36 pm

പൊന്നാനി: പൊന്നാനിയില്‍ ഇടത് മുന്നണിയില്‍ ഉലച്ചില്‍, സി പി ഐ യെ മാറ്റിനിര്‍ത്തി ഭരണം മുന്നോട്ട് കൊണ്ട് പോകാന്‍ ഒരുക്കമായി നഗരസഭ ഭരണ സമിതി. കഴിഞ്ഞ ദിവസം പൊന്നാനി കൗണ്‍സിലില്‍ ഉണ്ടായ അനിഷ്ട സംഭവത്തില്‍ മുന്നണി മര്യാദകളൊക്കെ കാറ്റില്‍ പറത്തി സി പി ഐ യു ഡി എഫി നൊപ്പം രഹസ്യ ധാരണകള്‍ ഉണ്ടാക്കി ഹര്‍ത്താലിന് പിന്തുണ നല്‍കിയതാണ് ഇടതു പക്ഷത്തെ പ്രകോപിച്ചത്. കൂടാതെ കൗണ്‍സിലില്‍ നടന്ന കയ്യാങ്കളിയില്‍ ഇവരുടെ കൗണ്‍സിലര്‍മാര്‍ യു ഡി എഫ് പക്ഷത്തിന് പിന്തുണ നല്‍കിയതും സ്വന്തം മുന്നണിക്കെതിരെ പ്രചാരണങ്ങള്‍ നടത്തിയതും ഇടതു പക്ഷ മുന്നണിയുടെ ഐക്യത്തിന് വിഘാതം സൃഷ്ടിച്ചിരിക്കുകയാണ്.

ഇതാണ് സിപിഐ യെ ഭരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തി നഗരസഭയില്‍ ഭരണം തുടര്‍ന്ന് കൊണ്ടുപോകാന്‍ ഇടതു പക്ഷത്തെ ചിന്തിപ്പിക്കുന്നത്. സി പി ഐ മാറ്റിനിര്‍ത്താന്‍ മുന്നണിയില്‍ രഹസ്യ ധാരണയായെന്നാണ് അറിയുന്നത്. ആകെ 51 സീറ്റില്‍ 30 സീറ്റാണ് ഇടതു പക്ഷത്തിനുള്ളത്. ഇതില്‍ മൂന്ന് സീറ്റ് സി പി ഐയുടെതാണ്. സി പി ഐ യാണ് നിലവില്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം വഹിക്കുന്നത്.