ഭൂമിക്കടിയില്‍ നിന്ന് പുക കണ്ടെത്തിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി

Posted on: April 27, 2017 1:59 pm | Last updated: April 27, 2017 at 1:22 pm

ഗൂഡല്ലൂര്‍: ഭൂമിക്കടിയില്‍ നിന്ന് പുക കണ്ടെത്തിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. ഊട്ടിക്കടുത്ത തലകുന്ദ മുന്ദനാട് ഗ്രാമത്തിലെ വനത്തിലാണ് പുക കണ്ടെത്തിയത്. ഭൂമിക്കടിയില്‍ നിന്ന് പുകപടലങ്ങള്‍ പൊങ്ങിവരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദഗ്ധ സംഘം പരിശോധനക്ക് എത്തുമെന്നാണ് അറിയുന്നത്. പത്ത് വര്‍ഷം മുമ്പ് ഇവിടെ തന്നെ സമാനമായ സംഭവം നടന്നിരുന്നു. ഭൂമിക്കടിയില്‍ നിന്ന് പുക ഉയര്‍ന്ന് വന്ന് ഒരു ഏക്കര്‍ വനം അന്ന് കത്തിനശിക്കുകയും ചെയ്തിരുന്നു. അന്ന് ജെ സി ബി ഉപയോഗിച്ച് പരിശോധന നടത്തുകയും ചെയ്തിരുന്നു. പരിശോധനയില്‍ ഭൂമിക്കടിയില്‍ കരിക്കട്ടകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. പരിശോധനയില്‍ ഭൂമി ചൂടായതിനാലാണ് പുക ഉയരുന്നതെന്നായിരുന്നു വിദഗ്ധ സംഘം അറിയിച്ചിരുന്നത്.

അതേസമയം തുടര്‍ച്ചയായി ഇവിടെ ഭൂമിക്കടിയില്‍ നിന്ന് പുക ഉയര്‍ന്ന് വരുന്നത് ഗ്രാമത്തലെ ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.