പി എസ് സി പരീക്ഷ പരിശീലനം: സൗജന്യ സെമിനാര്‍ 29ന്

Posted on: April 27, 2017 1:55 pm | Last updated: April 27, 2017 at 1:20 pm

കല്‍പ്പറ്റ: സര്‍ക്കാര്‍ ജോലി ലക്ഷ്യം വെച്ച് പി.എസ്.സി.പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി പനമരം കെ.എസ്.എഫ്.ഇ.ബില്‍ഡിംഗില്‍ 29ന് ശനിയാഴ്ച രാവിലെ 10 മുതല്‍ സൗജന്യ ഓറിയന്റേഷന്‍ സെമിനാര്‍ നടത്തും.
കേന്ദ്ര ഗവണ്‍മെന്റിന്റെ ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വികാസ് പീഡിയ ഓണ്‍ലൈന്‍ പോര്‍ട്ടിലിന്റെയും വയനാട് ജില്ലയിലെ വിവിധ പി.എസ്.സി.പരീക്ഷ പരിശീലന കേന്ദ്രങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് സെമിനാര്‍. നിലവില്‍ പി.എസ്.സി.പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും പുതിയതായി അപേക്ഷിക്കുന്നവര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. മത്സര പരീക്ഷ ക ള്‍ക്കുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍, പഠനഭാരം ലഘൂകരിക്കാനുള്ള നൂതന മാര്‍ഗ്ഗങ്ങള്‍, പ്രവേശന പരീക്ഷകളില്‍ വികാസ് പീഡിയ പോര്‍ട്ടലിന്റെ പങ്ക് തുടങ്ങിയ വിഷയങ്ങളില്‍ കേരളത്തിലെ പ്രമുഖ പരിശീലകരും മൈന്‍ഡ് പവര്‍ മാസ്റ്റര്‍ ട്രെയിനേഴ്‌സും ക്ലാസ്സുകള്‍ നയിക്കും. വികാസ് പീഡിയയുടെയും സ്‌റ്റേറ്റ് നോഡല്‍ ഏജന്‍സിയായ വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും നേതൃത്വത്തില്‍ അടുത്ത രണ്ട് മാസം ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി വിവിധ പരിപാടികള്‍ നടത്തും.സര്‍ക്കാര്‍ സര്‍ക്കാരിതര സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പരിപാടികള്‍ നടത്തുന്നത്.

ഇതിന്റെ ആദ്യ ഘട്ടമായാണ് ശനിയാഴ്ച പനമരത്ത് സെമിനാര്‍ സംഘടിപ്പിച്ചിട്ടുള്ളത്. രണ്ടാം ഘട്ടമായി ഡിജിറ്റല്‍ പാഠ്യപദ്ധതിയെ പരിചയപ്പെടുത്തുന്ന സ്മാര്‍ട്ട് ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നടത്തും.
അടുത്ത അധ്യായന വര്‍ഷം ആരംഭിക്കുമ്പോള്‍ സ്‌കൂളുകളില്‍ ഐ.ടി.അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വികാസ് പീഡിയ ഡിജിറ്റല്‍ ക്ലബ്ബുകള്‍ ആരംഭിക്കും. ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഐ.ടി. വളണ്ടിയര്‍മാരെ ഉപയോഗിച്ച് എല്ലാ വിദ്യാര്‍ത്ഥികളിലേക്കും എത്തിക്കുന്നതിന് ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായാണ് ക്ലബ്ബ് രൂപീകരണം. ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രബന്ധ രചനാ മത്സരം നടത്തും. എല്ലാ പരിപാടികള്‍ക്കും രജിസ്‌ട്രേഷന്‍ സൗജന്യമായിരിക്കും. പങ്കെടുക്കാന്‍ അഗ്രഹിക്കുന്നവര്‍ക്ക് മുന്‍കൂട്ടി 9633240116;9633287193 എന്നീ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാം. വാര്‍ത്താ സമ്മേളനത്തില്‍ വികാസ് പീഡിയ സ്‌റ്റേറ്റ് കോഡിനേറ്റര്‍ സി. വി.ഷിബു., സംഘാടക സമിതി ചെയര്‍മാന്‍ അബ്ദുള്‍ റസാഖ് ,അഡ്വ: ടി.ജെ.ജോസഫ് എന്നിവര്‍ പങ്കെടുത്തു.