ആം ആദ്മിക്ക് ആത്മ പരിശോധന ആവശ്യപ്പെടുന്ന ജനവിധി

Posted on: April 27, 2017 9:50 am | Last updated: April 27, 2017 at 9:38 am

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി പഴക്കം ചെന്ന ഒരു രാഷ്ട്രീയ സംഘടനയല്ല. 2012ല്‍ മാത്രം നിലവില്‍ വന്ന താരതമ്യേന ഇളമുറ പാര്‍ട്ടിയാണ് അത്. എന്നാല്‍ ഡല്‍ഹിയിലും പഞ്ചാബിലും ആ പാര്‍ട്ടി നേടിയ ഞെട്ടിക്കുന്ന വിജയങ്ങള്‍ അതിന് നിലനിര്‍ത്താന്‍ സാധിക്കുന്നില്ല എന്ന വിമര്‍ശം ശക്തമായി ഉയര്‍ത്തുന്ന ജനവിധികളാണ് ഈയടുത്ത് വന്നു കൊണ്ടിരിക്കുന്നത്. പഞ്ചാബിലും ഗോവയിലും ഇപ്പോള്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലും നേരിട്ട പരാജയം ആം ആദ്മി പാര്‍ട്ടിയില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം അതേപടി നിലനിര്‍ത്താന്‍ സാധിക്കുന്നില്ല എന്നതിന് തെളിവാണ്. എ എ പിയില്‍ നിന്ന് പലപ്പോഴായി വിട്ട് പോയവരെ തിരിച്ചു കൊണ്ടു വരുമോ, അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിനെതിരെ പാര്‍ട്ടിയില്‍ നിന്ന് തന്നെ സ്വരങ്ങള്‍ ഉയരുമോ തുടങ്ങിയ ചോദ്യങ്ങളാണ് ഈ ഘട്ടത്തില്‍ ഉയരുന്നത്.

രജൗറി ഗാര്‍ഡന്‍ ഉപതിരഞ്ഞെടുപ്പില്‍ കെട്ടി വെച്ച കാശ് നഷ്ടപ്പെട്ടത് പാര്‍ട്ടിയുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് വലിയ ചോദ്യങ്ങളുയര്‍ത്തിയിരുന്നു. ഇപ്പോള്‍ മുന്‍ സിപ്പല്‍ കോര്‍പറേഷനിലും അടിപതറുമ്പോള്‍ വോട്ടിംഗ് മെഷീനില്‍ സംശയം പ്രകടിപ്പിക്കുന്ന എ എ പി തന്ത്രം എത്രമാത്രം വിലപ്പോകുമെന്നത് തന്നെയാണ് പ്രധാന ചോദ്യം. നഗര പ്രദേശങ്ങളിലെ വോട്ടര്‍മാരില്‍ വന്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഘടനയും പ്രവര്‍ത്തന രീതിയുമാണ് എ എ പിക്കുള്ളത്. ആ നിലക്ക് കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലെ തോല്‍വി ആ പാര്‍ട്ടിക്ക് ഏറ്റവും വലിയ ആഘാതമാണ്. ബി ജെ പിയുമായും കേന്ദ്ര സര്‍ക്കാറുമായും ഏറ്റുമുട്ടുന്ന പ്രവണത പാര്‍ട്ടിയുടെ ജനസമ്മിതിയില്‍ ഇടിവു വരുത്തിയെന്നതാണ് ഒരു വിലയിരുത്തല്‍. വളരെയധികം പ്രതീക്ഷ നല്‍കുന്ന പാര്‍ട്ടികള്‍ക്ക് അവ പാലിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ സംഭവിക്കുന്ന സ്വാഭാവിക തിരിച്ചടിയാണിതെന്നും വിലയിരുത്തപ്പെടുന്നു.
ബി ജെ പിക്കെതിരെ വാക്കുകളില്‍ ശക്തമായി പ്രതിരോധമൊരുക്കുന്ന കെജ്‌രിവാളിന് വരും നാളുകളില്‍ ചില പ്രായോഗിക തീരുമാനങ്ങളിലേക്ക് പോകേണ്ടി വരുമെന്ന പാഠം കൂടി ഈ ഫലം നല്‍കുന്നുണ്ട്. കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെങ്കിലും ഇടത് പാര്‍ട്ടികള്‍, ജനതാദള്‍ യുനൈറ്റഡ്, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയവയുമായി അടുത്ത ബന്ധം പുലര്‍ത്താനും നീക്കുപോക്കുകള്‍ വരുത്താനും എ എ പി തയ്യാറായോക്കും. കേരളാ മുഖ്യമന്ത്രി പിണറായി വിജയനുമായി കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം ചര്‍ച്ച ജനടത്തിയത് ഇതിന്റെ ഭാഗമായി വേണം വിലയിരുത്താന്‍.
വോട്ടിംഗ് മെഷീനുകളെ പഴിക്കുന്ന രീതി ഗുണം ചെയ്യില്ലെന്ന നിലപാടാണ് പാര്‍ട്ടിയിലെ ഭഗ്‌വത് സിംഗ് മാന്‍ അടക്കമുള്ള നേതാക്കള്‍ക്കുള്ളത്. അത്‌കൊണ്ട് പുറത്ത് അങ്ങനെ പറയുമ്പോഴും കൃത്യമായ ആത്മപരിശോധനക്ക് എ എ പി തയ്യാറാകും. എ എ പിയിലെ ഒരു എം എല്‍ എ ഇപ്പോള്‍ തന്നെ ബി ജെ പിയില്‍ ചേക്കേറിയിട്ടുണ്ട്. ഈ പ്രവണതക്ക് തടയിടാനും ആത്മപരിശോധന അനിവാര്യമാണ്.