യുപിയില്‍ നബിദിനത്തിന് അവധിയില്ല

Posted on: April 26, 2017 11:26 pm | Last updated: April 27, 2017 at 9:25 am

ലക്‌നോ: നബിദിനം ഉള്‍പ്പെടെ 15 പൊതു അവധി ദിവസങ്ങള്‍ റദ്ദാക്കാന്‍ ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനം. പ്രമുഖ ആത്മീയ, ചരിത്ര വ്യക്തിത്വങ്ങളുടെ ജന്മ, മരണ ദിനങ്ങളെയാണ് അവധി ദിനങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്. സര്‍ക്കാറിന്റെ പുതിയ നയത്തിന്റെ ഭാഗമാണ് ഈ നടപടിയെന്ന് ക്യാബിനറ്റ് മന്ത്രി ശ്രീകാന്ത് ശര്‍മ വിശദീകരിച്ചു. രാജ്യമൊട്ടാകെ, ബി ജെ പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ പോലും അനുവദിച്ചിട്ടുള്ള നബിദിനത്തിലെ അവധി റദ്ദാക്കിയതില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
റമസാനിലെ അവസാന വെള്ളിയാഴ്ച, പരശുറാം ജയന്തി, വാല്‍മീകി ജയന്തി, ഛാത് പൂജ, അജ്മീര്‍ ഗരീബ് ഉറൂസ്, വിശ്വകര്‍മ പൂജ, കശ്യപ് മഹര്‍ഷി ജയന്തി, വല്ലഭ് ഭായി പട്ടേല്‍ ജയന്തി, ചന്ദ്രശേഖര്‍ ജയന്തി, മഹാറാണാ പ്രതാപ് ജയന്തി തുടങ്ങിയ അവധികളാണ് റദ്ദാക്കിയിരിക്കുന്നത്. ഇവയില്‍ ഭൂരിഭാഗവും ദളിത് നേതാക്കളുടെ ജയന്തിയുമായി ബന്ധപ്പെട്ടവയാണ്. ഉത്തര്‍ പ്രദേശില്‍ നിലവില്‍ 42 പൊതു അവധികളാണുള്ളത്.