കൊല്‍ക്കത്തക്ക് ഏഴ് വിക്കറ്റ് ജയം

Posted on: April 26, 2017 9:36 pm | Last updated: April 26, 2017 at 11:53 pm

പൂനെ: ഐ പി എല്ലില്‍ റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. പൂനെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മുന്നോട്ട് വെച്ച 183 റണ്‍സ് ലക്ഷ്യം 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കൊല്‍ക്കത്ത മറികടന്നു.
റോബിന്‍ ഉത്തപ്പ (87), ഗൗതം ഗംഭീര്‍ (62) എന്നിവരുടെ ഇന്നിംഗ്‌സാണ് കൊല്‍ക്കത്തക്ക് ഗംഭീര ജയമൊരുക്കിയത്. ആറ് റണ്‍സുമായി ബ്രാവോ പുറത്താകാതെ നിന്നു.

ടോസ് നേടിയ കൊല്‍ക്കത്ത നായകന്‍ ഗൗതം ഗംഭീര്‍ പൂനെയെ ബാറ്റിംഗിനയക്കുകയായിരുന്നു. തീരുമാനം തെറ്റിക്കുന്നതായിരുന്നു പൂനെ ഓപണര്‍മാരായ രഹാനെയുടെയും ത്രിപാദിയുടെയും പ്രകടനം. ഇരുവരും ചേര്‍ന്ന് പവര്‍പ്ലേയില്‍ 57 റണ്‍സെടുത്തു. സ്‌കോര്‍ 65ല്‍ നില്‍ക്കെ ആദ്യ വിക്കറ്റ് വീണു. ത്രിപാദിയെ ചാവ്‌ല ബൗള്‍ഡാക്കി. 23 പന്തില്‍ ഏഴ് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. രണ്ടാം
വിക്കറ്റില്‍ രഹാനെക്കൊപ്പം ചേര്‍ന്ന സ്മിത്തും മികച്ച ഫോമിലായിരുന്നു.

കൊല്‍ക്കത്തക്കായി കുല്‍ദീപ് യാദവ് രണ്ടും ഉമേഷ് യാദവ്, സുനില്‍ നരെയ്ന്‍. പിയൂഷ് ചാവ്‌ല എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഏഴ് മത്സരങ്ങളില്‍ അഞ്ച് വിജയം നേടിയ കൊല്‍ക്കത്ത പത്ത് പോയിന്റുമായി രണ്ടാം സ്ഥാനത്തും നാല് ജയങ്ങളുമായി എട്ട് പോയിന്റുള്ള പൂനെ നാലാം സ്ഥാനത്തുമാണ്.