യുദ്ധ ഭീതി: യുഎസ് ദക്ഷിണ കൊറിയയില്‍ മിസൈല്‍ വേധ സംവിധാനം സ്ഥാപിച്ചു

Posted on: April 26, 2017 6:19 pm | Last updated: April 26, 2017 at 6:19 pm

സിയൂള്‍: ഉത്തര കൊറിയയുമായി ഏതു സാഹചര്യത്തിലും യുദ്ധ സാധ്യത നിലനില്‍ക്കുന്ന ഘട്ടത്തില്‍ യുഎസ് ദക്ഷിണ കൊറിയയില്‍ മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിച്ചു. ഉത്തര കൊറിയയുടെ മിസൈലുകളെ തടുക്കുന്നതിനുള്ള ദി ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂട് ഏരിയ ഡിഫന്‍സ് എന്ന അത്യാധുനിക സംവിധാനമാണ് യുഎസ് ഒരുക്കിയിരിക്കുന്നത്. ഇതിനെതിരെ ദക്ഷിണ കൊറിയയില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മിസൈല്‍ പ്രതിരോധ സംവിധാനവുമായി എത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞു.

കൊറിയന്‍ ഉപദ്വീപില്‍ അടുത്തിടെയായി യുദ്ധസന്നാഹങ്ങള്‍ ഒരുക്കുന്നതില്‍ യുഎസ് തീവ്രശ്രദ്ധ പുലര്‍ത്തുന്നുണ്ട്. യുദ്ധക്കപ്പലുകളും അന്തര്‍വാഹനികളും അടക്കം സജ്ജീകരണങ്ങള്‍ യുഎസ് നേരത്തെ തന്നെ വിന്യസിച്ചിരുന്നു.

അതിനിടെ, ചൈനയും തങ്ങളുടെ പ്രതിരോധ ശക്തി തെളിയിച്ചു തുടങ്ങി. ചൈനയുടെ രണ്ടാമത്തെതും തദ്ദേശീയമായി നിര്‍മിച്ച ആദ്യത്തേതുമായ വിമാനവാഹിനി കപ്പല്‍ ഇന്ന് നീറ്റിലിറക്കി.